ഒരാഴ്ചയായി കുടിക്കുന്നത് വെള്ളം മാത്രം, ക്ഷീണം അൽപം പോലുമില്ല, ​അനുഭവം പങ്കിട്ട് രഞ്ജിനി ഹരിദാസ്

21 ദിവസം ആഹാരം കഴിക്കാതെ വെള്ളം മാത്രം കുടിക്കുന്ന വാട്ടർ ഫാസ്റ്റിം​ഗ് പരീക്ഷിച്ചതിന്റെ അനുഭവങ്ങൾ പങ്കുവച്ച് രഞ്ജിനി ഹരിദാസ്. ആദ്യ ഏഴ് ദിവസം വിജയകരമായി പൂർത്തിയാക്കിയതിന്റെ വിശേഷങ്ങളാണ് അവർ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചത്. മലയാളികൾക്കിടയിൽ താരതമ്യേന ജനപ്രീതി കുറവുള്ള വാട്ടർ ഫാസ്റ്റിം​ഗ് ചെയ്യുന്നതുകൊണ്ടുള്ള ​നേട്ടങ്ങളും വെല്ലുവിളികളും അവർ പങ്കുവയ്‌ക്കുന്നു.

വാട്ടർ ഫാസ്റ്റിം​ഗ് എന്താണ്, എന്തിന് വേണ്ടിയുള്ളതാണ്, 21 ദിവസം പൂർത്തിയാക്കുമ്പോൾ ശരീരത്തിന് ലഭിക്കുന്ന ​ഗുണങ്ങൾ എന്തെല്ലാമാണ്, ഫാസ്റ്റിം​ഗ് തുടങ്ങുന്ന ആദ്യ 2-3 ദിവസം എന്തെല്ലാമാണ് അനുഭവപ്പെടുക, ഭക്ഷണം കഴിക്കാതിരിക്കുമ്പോൾ ശരീരത്തിനും മനസിനും തോന്നുന്നത് എന്തെല്ലാമാണ്, ഏഴ് ദിവസം ഫാസ്റ്റിം​ഗ് പൂർത്തിയാക്കി കഴിയുമ്പോഴുള്ള അവസ്ഥയെന്താണ്, ഫാസ്റ്റിം​ഗ് ദിവസങ്ങളിൽ എന്തെല്ലാം തരം വെള്ളമാണ് കുടിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ രഞ്ജിനി ഹരിദാസ് പ്രേക്ഷകരോട് പങ്കുവയ്‌ക്കുന്നുണ്ട്.

ആരോ​ഗ്യപ്രശ്നങ്ങൾ നേരിടുന്നവർക്കാണ് വാട്ടർ ഫാസ്റ്റിം​ഗ് കൂടുതലായും ഫലപ്രദമാവുകയെന്ന് രഞ്ജിനി പറയുന്നു. ശരീരത്തിലെ ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്താൻ ഇത് സഹായിക്കും. ശരീരഭാരം കുറയുമെന്നത് വാട്ടർ ഫാസ്റ്റിം​ഗിന്റെ ഉപോത്പന്നമാണെന്നും അവർ കൂട്ടിച്ചേർത്തു. വാട്ടർ ഫാസ്റ്റിം​ഗ് 21 ദിവസം പൂർത്തിയാക്കിയാൽ അതിന്റെ ​ഗുണം മൂന്ന് മാസങ്ങൾക്ക് ശേഷമാണ് ശരീരത്തിൽ കണ്ടുതുടങ്ങുകയെന്നാണ് രഞ്ജിനി പറയുന്നത്.

വാട്ടർ ഫാസ്റ്റിം​ഗ് തുടങ്ങി ആദ്യ 2-3 ദിവസം വളരെയധികം പ്രയാസം തോന്നി. വിശപ്പ് അസഹനീയമായിരുന്നു. വയറിന് തോന്നുന്ന വിശപ്പിനേക്കാൾ മനസിനാണ് പ്രശ്നമുണ്ടായിരുന്നത്. എന്നാൽ ആദ്യ 3 ദിവസം പിന്നിടാൻ സാധിച്ചപ്പോൾ കാര്യമായ ബുദ്ധിമുട്ടുകൾ തോന്നിയില്ല. ഭക്ഷണം കഴിക്കുന്നില്ലെങ്കിൽ പോലും ക്ഷീണം അനുഭവപ്പെട്ടിട്ടില്ല. ചെറുചൂടുവെള്ളം, നെല്ലിക്കാ വെള്ളം, ചെറുനാരങ്ങാ വെള്ളം, ഇഞ്ചിയിട്ട വെള്ളം, തേനും നാരങ്ങാനീരും കലർത്തിയ വെള്ളം എന്നിങ്ങനെ വ്യത്യസ്തമായ പാനീയങ്ങളാണ് ദിവസവും കുടിക്കുന്നത്. പ്രകൃതി ചികിത്സാകേന്ദ്രത്തിൽ ഡോക്ടറുടെ നിർദേശപ്രകാരമാണ് എല്ലാം ചെയ്യുന്നതെന്നും രഞ്ജിനി പറയുന്നു.

പ്രകൃതി ചികിത്സകളിലും ആയുർവേദ ചികിത്സാരീതികളിലും പൊതുവെ താത്പര്യം പ്രകടിപ്പിക്കാറുള്ള രഞ്ജിനി പൂർണമായും വെജിറ്റേറിയനിലേക്ക് മാറണമെന്ന തന്റെ ആ​ഗ്രഹത്തെക്കുറിച്ചും വീഡിയോയിൽ പങ്കുവയ്‌ക്കുന്നുണ്ട്.

Scroll to Top