ഏറ്റുമാനൂരിൽ മക്കൾക്കൊപ്പം ജീവനൊടുക്കിയ ഷൈനിയുടെയും മക്കളുടെയും മരണത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഭർതൃപീഡനമാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചത്. ആത്മഹത്യാ പ്രേരണാ കേസിൽ അറസ്റ്റിലായ ഷൈനിയുടെ ഭർത്താവ് നോബി കുര്യാക്കോസ് ജയിലിൽ കഴിയുകയാണ്.ഭർത്താവിന്റെ നിരന്തര പീഡനങ്ങളാണ് കൂട്ട ആത്മഹത്യയിലേക്ക് ഇവരെ തള്ളിവിട്ടതെന്ന പൊതുവികാരം ഉയരുന്നുണ്ട്.
ഇതിനിടെ സ്വന്തം വീട്ടിലെ സാഹചര്യങ്ങളും ഷൈനിയുടെയും മക്കളുടെയും ആത്മഹത്യയിലേക്ക് നയിച്ചതെന്ന ആക്ഷേപങ്ങളും ശക്തമാകുകയാണ്.ഷൈനിയുടെ പിതാവ് കുര്യാക്കോസിന് സ്വന്തം മകളെ ആവശ്യമായ സമയത്ത് ചേർത്തു നിർത്താൻ സാധിക്കാതെ പോയെന്ന ആക്ഷേപമാണ് ശക്തമാകുന്നത്. ഇതുമായി ബന്ധപ്പെട്ട് കുടുംബത്തിന്റെ അയൽവാസികളായ ചിലർ നേരത്തെ തന്നെ മാധ്യമങ്ങളിൽ ആക്ഷേപം ഉന്നയിച്ചിരുന്നു. ഷൈനിയുടെ പിതാവിൽ നിന്നും വേണ്ടത്ര പിന്തുണ ഷൈനിക്ക് കിട്ടാതെ പോയി.
എന്നാൽ കുത്തുവാക്കുകൾ കേൾക്കേണ്ടി വന്നതാണ് അവളെ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് ഷൈനിയെയും മക്കളെയും അറിയാവുന്നവർ പറയുന്നതും.അതിനിടെ ഷൈനിയുടെ മൊബൈൽ ഫോൺ പരിശോധിച്ച് കൂടുതൽ തെളിവ് ശേഖരിക്കാൻ ശ്രമിക്കുകയാണ് പൊലീസ്. പിതാവ് കുര്യാക്കോസ്, ഷൈനിയുടെ ഭർത്താവ് നോബിയുടെ സഹോദരനും വൈദികനുമായ ബോബി എന്നിവരെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്താനും പോലീസ് ഒരുങ്ങുന്നുണ്ട്.ഫെബ്രുവരി 28നാണ് ഷൈനിയെയും മക്കളായ അലീന, ഇവാന എന്നിവരെയും ഏറ്റുമാനൂർ പാറോലിക്കൽ റെയിൽവേ ഗേറ്റിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെ ട്രാക്കിനടുത്തെത്തിയ നാട്ടുകാരാണ് ചിന്നിച്ചിതറിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. പള്ളിയിൽ പോകാൻ എന്നുപറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ഷൈനി റെയിൽവേ ട്രാക്കിലെത്തി മക്കളുമായി ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പിന്നീട് കണ്ടെത്തി.