നാൻസി റാണി സിനിമയുടെ പ്രെമോഷനുമായി ബന്ധപ്പെട്ട വിവാദത്തിൽ മൗനം വെടിഞ്ഞ് അഹാന കൃഷ്ണ. സംവിധായകൻ ജോസഫ് മനു ജെയിംസിന്റെ ഭാര്യ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്കെതിരെ രൂക്ഷ പ്രതികരണവുമായാണ് അഹാന എത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച ദീർഘമായൊരു കുറിപ്പിലൂടെയാണ് അഹാനയുടെ പ്രതികരണം. സംവിധായകന്റെ ഭാര്യ നൈനയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങളും അഹാന തന്റെ പ്രസ്താവനയിൽ ഉന്നയിക്കുന്നുണ്ട്. 2023 സംവിധായകൻ അന്തരിച്ചതിനെ തുടർന്ന് സിനിമയുമായി മുന്നോട്ട് പോയത് ഭാര്യയായിരുന്നു. കഴിഞ്ഞ ദിവസമാണ് സിനിമയുടെ പ്രൊമോഷൻ പരിപാടികളുമായി അഹാന സഹകരിക്കുന്നില്ലെന്ന് നൈന ആരോപണം ഉന്നയിച്ചത്. വിഷയം വലിയ ചർച്ചയായി മാറിയതോടെയാണ് അഹാന പ്രതികരണവുമായി രംഗത്തെത്തിയത്.
ഈ വിഷയത്തിൽ തന്റെ അവസാന പ്രതികരണമായിരിക്കും ഇതെന്ന് പറഞ്ഞാണ് അഹാന 9 പേജുള്ള പ്രസ്താവന പങ്കുവച്ചിരിക്കുന്നത്. നൈനയുടെ ആരോപണങ്ങൾ അക്കമിട്ട് നിരത്തി അഹാന തള്ളിക്കളയുന്നുണ്ട്. അതേസമയം നൈനയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളും അഹാന ഉന്നയിക്കുന്നുണ്ട്. തന്റെ അമ്മയെ വിളിച്ച് തന്നെക്കുറിച്ച് മോശമായി സംസാരിച്ചുവെന്നും അഹാന പറയുന്നുണ്ട്. ”2022 ഏപ്രിലിൽ നൈന എന്റെ അമ്മയെ കോൾ ചെയ്യുകയും ഞാൻ ഡബ്ബ് ചെയ്യാൻ ചെല്ലുന്നതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ഞാൻ ഡബ്ബ് ചെയ്യണം എന്നുണ്ടായിരുന്നുവെങ്കിൽ പിന്നെ എന്തിനാണ് മറ്റൊരാളെ നോക്കിയതെന്ന് അമ്മ അവരോട് ചോദിച്ചു. സംസാരം തുടർന്നപ്പോൾ നൈന ഞാൻ സെറ്റിൽ അൺപ്രൊഫഷണൽ ആയിട്ടാണ് പെരുമാറുന്നതെന്ന് പറഞ്ഞു. എന്നാൽ ഞാൻ വളരെ പ്രൊഫഷണൽ ആണെന്നും ഇതുവരെ വർക്ക് ചെയ്ത ആരോടു വേണമെങ്കിലും ചോദിച്ചാൽ അറിയാമെന്നും അമ്മ പറഞ്ഞു.
മിക്ക ദിവസങ്ങളിലും ഞാൻ ഷൂട്ട് തുടങ്ങാൻ വേണ്ടി കാത്തിരുന്നതും ആ സമയം അവരുടെ ഭർത്താവ് ഷൂട്ട് ചെയ്യാതെ സെറ്റിലിരുന്ന് മദ്യപിക്കുകയായിരുന്നുവെന്നും അമ്മ അവരെ ഓർമ്മപ്പെടുത്തി” അഹാന പറയുന്നു. ”ഇതിനുള്ള നൈനയുടെ പ്രതികരണം വളരെ വൃത്തികെട്ടൊരു പരാമർശമായിരുന്നു. ‘എന്റെ ഭർത്താവ് മദ്യപിക്കുന്നേയുള്ളൂ. നിങ്ങളുടെ മകൾ മയക്കുമരുന്നാണ്’ എന്നാണ് പറഞ്ഞത്. ഒരാളെക്കുറിച്ച് എങ്ങനെയാണ് മറ്റൊരാൾക്ക് ഇത്ര സ്വാഭാവികമായി നുണ പറയാൻ സാധിക്കുന്നുവെന്നത് എന്റെ അമ്മ അത്ഭുതപ്പെട്ടു. അവരോട് വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം എന്ന് പറഞ്ഞ് അമ്മ കോൾ കട്ട് ചെയ്തു. ഇതാണ് എന്റെ അമ്മയും നൈനയും തമ്മിൽ നടന്ന സംസാരം. നൈനയുടെ അഭിമുഖത്തിൽ അവർ മറ്റൊരു കഥയാണ് പറഞ്ഞത്. കാരണം എന്താണ് സത്യത്തിൽ നടന്നതെന്ന് അവർക്ക് പറയാൻ സാധിക്കില്ല” എന്നാണ് അഹാന പറയുന്നത്.