അജ്മൽ തന്റെ മാനം പോലും നോക്കാതെ ചെയ്ത കാര്യം..!!

ഷർട്ടിടാതെ രോഗിയുമായി ആശുപത്രിയിലെത്തിയ ആംബുലൻസ് ഡ്രൈവറുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ. തൃശൂർ ചാവക്കാട് ചേറ്റുവ സ്വദേശി അജ്മലാണ് വൈറൽ താരം…ആംബുലൻസിൽ ചാടിയിറങ്ങി രോഗിയെ സ്‌ട്രെച്ചറിൽ കിടത്തി ആശുപത്രി ജീവനക്കാർക്കൊപ്പം അകത്തേക്ക് പായുന്ന ഷർട്ടിടാത്ത ഡ്രൈവറുടെ അർപ്പണബോധത്തിന് നിറഞ്ഞ കൈയടിയാണ് ലഭിക്കുന്നത്. ട്രിപ്പ് കഴിഞ്ഞ് തളിക്കുളത്ത് ആംബുലൻസ് നിർത്തിയിട്ട് കഴുകുകയായിരുന്നു അജ്മൽ. ഇതിനിടെയാണ് കൂട്ടുകാരൻ വിളിക്കുന്നത്. ‘സഹോദരൻ ടെറസിൽ നിന്ന് വീണു, അനക്കമൊന്നുമില്ല, നീ പെട്ടെന്ന് വരണം’. ഷർട്ടിട്ട് വരാൻ സമയമില്ലാത്തിനാൽ അജ്മൽ ആ രൂപത്തിൽ തന്നെ ആംബുലൻസുമായി പുറപ്പെട്ടു.

അപകടം സംഭവിച്ച 16കാരനുമായി കാറിൽ പുറപ്പെട്ട വീട്ടുകാർ അതിനകം പകുതി ദൂരം പിന്നിട്ടിരുന്നു. കാറിനടത്തെത്തി രോഗിയെ ആംബുലൻസിലേക്ക് മാറ്റി വാടാനപ്പിള്ളി ഏങ്ങണ്ടിയൂർ എം.ഐ ആശുപത്രി ലക്ഷ്യമാക്കി കുതിച്ചു. ആശുപത്രിയിൽ ഇറങ്ങിയതിൽ പിന്നെ ഷർട്ടുണ്ടോ ഇല്ലയോ എന്നൊന്നും നോക്കാൻ സമയമില്ലായിരുന്നു. പതിവ് പോലെ ആശുപത്രി ജീവനക്കാർക്കൊപ്പം അത്യാഹിത വിഭാഗത്തിലേക്ക് ഓടുകയായിരുന്നു അജ്മൽ. സമയോചിതമായ ഇടപെടലിൽ ആ കൗമാരക്കാരൻ ആരോഗ്യം വീണ്ടെടുത്തു.
എന്നാൽ, ആശുപത്രി സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പുറത്തുവന്നതോടെയാണ് ആംബുലൻസ് ഓടിച്ചിരുന്ന യുവാവിനെ അന്വേഷിച്ച് ലോകത്തിന്റെ പലകോണിലിരുന്ന് മനുഷ്യർ ചോദിച്ചുകൊണ്ടിരുന്നത്.

Scroll to Top