കാട്ടാന അലന്റെ ജീവൻ കവർന്നെടുത്ത ഏപ്രിൽ 6 അച്ഛന്റെയും അമ്മയുടെയും 25–ാം വിവാഹ വാർഷിക ദിനമായിരുന്നു. വീട്ടിലെത്തി കേക്ക് മുറിച്ചു സർപ്രൈസ് കൊടുക്കാമെന്ന സന്തോഷത്തിൽ അമ്മ വിജിക്കൊപ്പം വരുമ്പോഴാണ് ആനയുടെ ആക്രമണം ഉണ്ടായതും കൊല്ലപ്പെടുന്നതും. സഹോദരി ആൻമേരിക്ക് ഇക്കാര്യം അറിയാമായിരുന്നുവെങ്കിലും അമ്മയോട് ഇക്കാര്യം അലൻ പറഞ്ഞില്ല.വീട്ടിൽ എത്തിയ ശേഷം ആഘോഷമൊരുക്കാനായിരുന്നു പരിപാടി. അതിനായി അലന്റെ സഹോദരീ ഭർത്താവിന്റെ ബന്ധു മനു മണികണ്ഠനോട് രാത്രി കേക്കുവാങ്ങി വീട്ടിലെത്തിക്കാൻ പറഞ്ഞു.
ജോലി കഴിഞ്ഞു വരുന്നതിനിടെ കേക്ക് വാങ്ങിച്ച് അലന്റെ വീട്ടിലേക്കു പുറപ്പെട്ട മനു, ആൻമേരിയെ പലതവണ ഫോൺ ചെയ്തെങ്കിലും എടുത്തില്ല. പന്തികേട് തോന്നിയ മനു, വിജിയുടെ ഫോണിലേക്കു വിളിച്ചപ്പോഴാണ് ഫോൺ എടുത്ത ബന്ധു വിവരമറിയിച്ചത്. ഉടനെ മനു ജില്ലാ ആശുപത്രിയിലേക്ക് പോവുകയായിരുന്നു.തൃശൂരിലെ ആശുപത്രിയിൽ നിന്ന് ആംബുലൻസിൽ ഒരുപാടു വേദന സഹിച്ചാണ് ആ അമ്മ പാലക്കാട് മുണ്ടൂരിലെ വീട്ടിലെത്തിയത്. വീടിനു മുന്നിലെ കാഴ്‌ച അതിനെക്കാൾ വേദനയുള്ളതായിരുന്നു. രണ്ടു ദിവസം മുൻപു തനിക്കൊപ്പം വിശേഷങ്ങൾ പറഞ്ഞു വീട്ടിലേക്കു നടന്ന മകന്റെ ചേതനയറ്റ ശരീരം കയ്യകലെ ചില്ലുപേടകത്തിൽ, അതിൽ അമ്മ ഒന്നു തൊട്ടു; വാത്സല്യത്തോടെ, സങ്കടത്തോടെ. ഗുരുതരമായി പരുക്കേറ്റു തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള അമ്മ വിജിയെ ആംബുലൻസിൽ പ്രത്യേക സൗകര്യങ്ങളൊരുക്കിയാണ് മകനെ അവസനമായി കാണാനെത്തിച്ചത്.
വീട്ടുമുറ്റത്തേക്ക് ആംബുലൻസ് കയറ്റാൻ വഴിയില്ലാത്തതിനാൽ 100 മീറ്ററോളം സ്ട്രെച്ചറിൽ കിടത്തിയാണ് അവരെ അലൻ്റെ മൃതദേഹത്തിനു സമീപമെത്തിച്ചത്. വിജിയുടെ തോളെല്ലിനും നട്ടെല്ലിനും പൊട്ടലുള്ളതിനാൽ കൈകൾ മാത്രമാണു ചലിപ്പിക്കാനാകുക. മകനെ അവസാനമായി കാണണമെന്ന വിജിയുടെ ആഗ്രഹത്തെ തുടർന്നു ഡോക്‌ടർമാർ അവസരമൊരുക്കുകയായിരുന്നു.