എൻ്റെ മുന്നിൽ തുണി ഉരിഞ്ഞു നിന്നാൽ 50000 രൂപയുടെ പോളിസി എടുക്കാമെന്ന് പറഞ്ഞു, പൊലീസിലെത്തിച്ചത് അച്ഛനെ ജയിച്ച് കാട്ടണമെന്ന വാശി, ആനി ശിവ പറഞ്ഞത്

സിനിമാ കഥയെ വെല്ലുന്ന ജീവിതാനുഭവങ്ങളാണ് കൊച്ചി സെൻട്രൽ പൊലീസ് എസ്.ഐ ആനി ശിവൻ്റേത്. വീട്ടുകാരെ ധിക്കരിച്ച് ചെറുപ്പക്കാരനൊപ്പം പതിനെട്ടാം വയസിൽ ഇറങ്ങിപ്പോയി. മധുവിധു മാറും മുമ്പ് ബന്ധം വേർപെട്ടപ്പോൾ കൈക്കുഞ്ഞുമായി ഒറ്റയ്ക്കുള്ള പോരാട്ടം ആനി ആരംഭിച്ചു. വഴിയോരക്കച്ചവടം നടത്തിയ വർക്കലയിൽ തന്നെ എസ്.ഐ യായി മടങ്ങിയെത്തിയ സന്തോഷം രേഖപ്പെടുത്തിയ ആനിയുടെ കുറിപ്പ് ലോകം ഏറ്റെടുത്തു. ഒടുവിൽ വർക്കലയിൽ നിന്ന് കൊച്ചിയിലേക്ക് സ്ഥലംമാറ്റം കിട്ടി. മകൻറെ വിദ്യാഭ്യാസം, സ്‌പോർട്‌സ് സിംഗിൾ പേരന്റ് കംപാഷനേറ്റ് പരിഗണിച്ചായിരുന്നു സ്ഥലമാറ്റം

സേവന കറി പൗഡറിൻറെ വിൽപ്പനയായിരുന്നു ആദ്യ ജോലി . കറിപ്പൊടി വിറ്റഴിക്കാനായി വീടുകൾ തോറും കയറിയിറങ്ങി. അത് ഫ്‌ളോപ്പായി. പിന്നീട് എച്ച്.ഡി.എഫ്.സി ലൈഫിൽ ഏജന്റായി അതു ഒരു രീതിയിലും മുന്നോട്ടു പോയില്ല. അന്നത്തെ ശമ്പളം 3500 രൂപയായിരുന്നു. വാടക വീട്, കുട്ടിയുടെ ഡേ കെയർ എല്ലാം കഴിഞ്ഞാൽ ബാക്കിയാവുന്നത് 50 രൂപ മാത്രം. അങ്ങിനെ ആ ജോലി വിട്ടു.എച്ച്.ഡി.എഫ്.സി ബാങ്കിൽ പരിചയപ്പെട്ട ചേച്ചിയോടൊപ്പം ഷെയറിട്ടാണ് വർക്കലയിൽ നാരങ്ങാവെള്ളക്കച്ചവടം തുടങ്ങിയത്. കച്ചവടം വിജയകരമായി പരാജയപ്പെട്ടു. സ്വർണ്ണം പണയംവെച്ച് തുടങ്ങിയ കച്ചവടം പൊളിഞ്ഞു. കൂടെയുള്ളയാളുടെ ഭർത്താവ് മുഴുക്കുടിയനായിരുന്നു. കച്ചവടത്തിലെ പണം എടുത്ത് അയാൾ കുടിച്ചുതീർത്തു. അന്നത്തെ കണ്ണീരിൽ നിന്ന് ആണ് ഇന്നത്തെ വിജയത്തിലേക്കെത്തിയത്.

18 വയസിൽ ഡിഗ്രി പഠിക്കുന്ന കാലത്താണ് വിവാഹം .അറിവില്ലാത്ത കാലത്ത് നടന്ന സംഭവം. വിദ്യാഭ്യാസമല്ല അറിവിന്റെ മാനദണ്ഡം. എത്ര വിദ്യാഭ്യാസമുണ്ടായാലും അറിവിന്റെ അളവുകോൽ വിദ്യാഭ്യാസമല്ല. ഇപ്പോൾ ചിന്തിക്കുമ്പോൾ എന്തുകൊണ്ട് എടുത്തുചാടിയെന്ന് തോന്നും. അതുകൊണ്ട് തന്നെ കൗമാരക്കാരായ പെൺകുട്ടികളെ മനസിലാകും.

വിജയിച്ചു കഴിഞ്ഞപ്പോളാണ് ലൈംലൈറ്റിന്റെ മുന്നിൽ വന്നത്. ദൈവത്തിൻ്റെ നിശ്ചയമായിരിക്കാം. പലർക്കും കൈത്താങ്ങാകാൻ പൊലീസിൽ വരണമെന്നും ജീവിക്കണമെന്നുമുള്ളത് ദൈവ നിയോഗം തന്നെ. താങ്ങാൻ ഒരാളില്ല, വീട്ടിൽ പ്രതീക്ഷിക്കാൻ ആളില്ലെങ്കിൽ നമ്മൾ ആദ്യം വിചാരിക്കുന്നത് അതായിരിക്കും. മോനുണ്ടായിരുന്നു. പക്ഷെ എന്തൊക്കെ ചെയ്തിട്ടും മോനൊരു നേരത്തെ ഭക്ഷണം വാങ്ങിക്കൊടുക്കാൻ കഴിയാത്ത അവസ്ഥ. ഇൻഷുറൻസ് ഏജൻ്റ് ആയ കാലത്ത് ഒരാളുടെ അടുത്ത് ഇൻഷുറൻസിനേക്കുറിച്ച് സംസാരിക്കാൻ പോയി. അയാൾ പറഞ്ഞത് നീ എൻ്റെ മുന്നിൽ തുണി ഉരിഞ്ഞു നിന്നാൽ 50000 രൂപയുടെ പോളിസി എടുക്കാമെന്നാണ് ഇതാണ് സമൂഹം ഈ കാഴ്ചപ്പാടിന് ഇന്നും കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ല.

Scroll to Top