2019ലെ കായിക, വിനോദ മേഖലകളിൽ നിന്നുള്ള 100 ഇന്ത്യൻ പ്രമുഖരുടെ പട്ടിക പ്രസിദ്ധീകരിച്ച് ഫോബ്‌സ് മാഗസിൻ. മലയാളത്തിൽനിന്ന് രണ്ടു പേരാണ് 100 പേരുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. പട്ടികയിൽ 27ാം സ്ഥാനത്താണ് മലയാളികളുടെ പ്രിയ താരം മോഹൻലാൽ. മമ്മൂട്ടി പട്ടികയിൽ 62ാം സ്ഥാനത്താണ്. താരമൂല്യവും വരുമാനവും കണക്കാക്കിയാണ് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. 64.5 കോടി രൂപയാണ് മോഹൻലാലിന്റെ വരുമാനം. മമ്മൂട്ടിയുടേത് 33.5 കോടിയും.
ദക്ഷിണേന്ത്യയിൽ ഏറ്റവുമധികം വരുമാനം നേടുന്ന നടന്മാരുടെ പട്ടികയിൽ രജനികാന്തും മോഹൻലാലുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. നൂറ് കോടി രൂപയാണ് രജനികാന്തിന്റെ കഴിഞ്ഞ വർഷത്തെ വരുമാനം. 2018ൽ ഇത് 50 കോടിയായിരുന്നു. അഖിലേന്ത്യ തലത്തിൽ 13ാം സ്ഥാനത്താണ് താരം. ദക്ഷിണേന്ത്യൻ താരങ്ങളിൽ അജിത് കുമാറാണ് മൂന്നാം സ്ഥാനത്ത് 40.5 കോടിയാണ് താരത്തിന്റെ വരുമാനം. എ ആർ റഹ്മാൻ, ധനുഷ്, വിജയ്, കമൽഹാസൻ, പ്രഭാസ്, സംവിധായകൻ ഷങ്കർ, മഹേഷ് ബാബു, സൈന നെഹ്‌വാൾ, പി വി സിന്ധു എന്നിവരാണ് ദക്ഷിണേന്ത്യയിൽ നിന്ന് പട്ടികയിൽ ഇടം പിടിച്ച മറ്റുള്ളവർ.
മോഹൻലാൽ ഇത് രണ്ടാം തവണയാണ് ഫോബ്‌സ് പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. 2017 ലെ ലിസ്റ്റിൽ 11 കോടിയുമായിട്ടായിരുന്നു 73ാം സ്ഥാനത്ത് അദ്ദേഹമെത്തിയത്. വിവിധ സിനിമകളിൽ നിന്നുള്ള വരുമാനവും പരസ്യങ്ങളിൽ നിന്നുള്ള വരുമാനവുമാണ് ഇത്തവണ മോഹൻലാലിന് മുന്നിലേക്ക് എത്തിച്ചത്. ഇതിന് പുറമെ ബിഗ് ബോസ് അവതാരകനായും താരം എത്തിയിരുന്നു. അഖിലേന്ത്യ തലത്തിൽ 27ാം സ്ഥാനത്താണ് മോഹൻലാൽ ഉള്ളത്.
2019ലെ ലിസ്റ്റിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള സിനിമാ താരം അക്ഷയ് കുമാറാണ്. 2016 മുതൽ പട്ടികയിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന സൽമാൻ ഖാൻ ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഏറ്റവും കൂടുതൽ വരുമാനം നേടിയ കായികതാരം ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയാണ്. 252.72 കോടിയാണ് കോഹ്ലിയുടെ 2019 ലെ വരുമാനം.