ഹനാനെ കേരളം മറന്നുകാണില്ല. ജീവിക്കാൻ വേണ്ടി മീൻ കച്ചവടത്തിനിറങ്ങിയ വിദ്യാർത്ഥിനിയെ ആരും മറന്നിട്ടില്ല. ഹനാനിന്റെ യൂണിഫോമിലുള്ള ആ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെയാണ് മലയാളികൾ ഹനാനിനെ തിരിച്ചറിഞ്ഞ് തുടങ്ങിയത്. പിന്നീട് ഹനാന്റെ സംരക്ഷണവും പഠനത്തിന്റെ ചിലവുമെല്ലാം ഒന്നാം പിണറായി സർക്കാർ ഏറ്റെടുത്തതുമൊക്ക അന്ന് ഏറെ വാർത്തയായിരുന്നു. ഒരിക്കൽ സാമൂഹ്യമാധ്യമങ്ങൾ പുകഴ്ത്തുകയും പിന്നീട് ഇകഴ്ത്തുകയും ചെയ്ത ഹനാൻ.
2018ൽ ഒരു ഉദ്ഘാടനത്തിന് പോയി തിരികെ വരുന്ന സമയത്ത് ഹനാനിന് കാറപകടം സംഭവിച്ചത് വലിയ വാർത്തയായിരുന്നു. അപകടത്തിനു ശേഷം നടക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു ഹനാൻ. ഇപ്പോളിതാ ജീവിതത്തെക്കുറിച്ച് പറയുകയാണ് താരം, വാക്കുകളിങ്ങനെ
ആ സമയത്ത് എന്റെ കൈയ്യിൽ ഒരു സ്വർണ മോതിരം ഉണ്ടായിരുന്നു. ഇപ്പോഴും ഉണ്ട്. മീൻ കച്ചവടം നടത്തി പണം കണ്ടെത്താൻ ശ്രമിയ്ക്കുന്നു എന്ന് പറയുന്നതിനിടയിൽ, ഞാനൊരു സ്വർണ മോതിരം വാങ്ങി ഇട്ടു എന്നുള്ളത് വലിയ വിവാദമായിരുന്നു. ഞാൻ ഒരുപാട് അധ്വാനിച്ച് കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണത്തിൽ നിന്ന് മിച്ചം വച്ച് എന്റെ ആഗ്രഹപ്രകാരം ഒരു മോതിരം വാങ്ങി ഇട്ടത് ഇത്രയും വലിയ തെറ്റാണോ. അതിന് പോലും എനിക്ക് മറ്റുള്ളവരോട് മറുപടി പറയേണ്ടതായി വന്നു.
എനിക്ക് കാർ അപകടം സംഭവിച്ചത് പോലും പലരുടെയും കൂടെ കറങ്ങാൻ പോയിട്ടാണ് എന്ന് പറഞ്ഞ് പ്രചരിപ്പിച്ചവരും ഉണ്ട്. അന്ന് ഒരു ഷോ കഴിഞ്ഞ് വരുന്ന വഴി കോഴിക്കോട് വച്ച് ആണ് അപകടം ഉണ്ടായത്. വണ്ടി ഒരു പോസ്റ്റിൽ ഇടിയ്ക്കുകയായിരുന്നു. അപകടത്തിൽ എന്റെ നട്ടെല്ലിന് പരിക്ക് പറ്റി. കാല് അനക്കാൻ പറ്റില്ലായിരുന്നു. കിടന്ന കിടപ്പിൽ പരസഹായം ഇല്ലാതെ കുറേ കാലം കഴിച്ചു കൂട്ടി. അങ്ങനെ മുന്നോട്ട് പകാൻ പറ്റില്ല എന്ന് ബോധ്യമായത് കാരണം ഞാൻ തന്നെ എന്റെ വിധിയോട് പോരാടുകയായിരുന്നു.
എഴുന്നേറ്റ് ഇരിക്കാം എന്ന അവസ്ഥയിൽ എത്തിയ ശേഷം, വീൽ ചെയറിനെ ആശ്രയിച്ചു. അവിടെ നിന്ന് പതുക്കെ നടക്കാൻ തുടങ്ങിയപ്പോൾ ജിമ്മിൽ പോയി തുടങ്ങി. ജിമ്മിൽ പോയപ്പോഴാണ് ഈ നിലയിലേക്ക് എനിക്ക് മടങ്ങി എത്താൻ സാധിച്ചത്. അതിന് ശേഷം ഞാനൊരു കഫെ ആരംഭിച്ചിരുന്നു. പക്ഷെ തീരെ വിശ്രമം കിട്ടാതെ ആയപ്പോൾ അത് എന്റെ ആരോഗ്യത്തെ ബാധിച്ചു. കൊറോണ കാലം കൂടെ ആയപ്പോൾ അത് നിർത്തുകയായിരുന്നു.