മലയാളികൾക്കേറെ പ്രിയങ്കരനായ താരമാണ് ജഗദീഷ്. ഇപ്പോഴിതാ സിനിമകൾ മോശമാണെന്ന് പറഞ്ഞ് റിവ്യൂകൾ വരുന്നത് തന്റെ കാലം മുതൽ ഉള്ളതാണെന്ന് പറയുകയാണ് ജഗദീഷ്. നൂറ് ദിവസം ഓടിയ തന്റെ സിനിമയെ കുറിച്ച് കാക്ക കുളിച്ചാൽ കൊക്കാകുമോ എന്നായിരുന്നു ഒരാൾ എഴുതിയതെന്നും അദ്ദേഹം പറഞ്ഞു. ഒരു അഭിമുഖത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇതേ കുറിച്ച് പറഞ്ഞത്.
‘സിനിമകൾ മോശമാണെന്ന് പറഞ്ഞ് ഇന്നാണ് റിവ്യൂകൾ വരുന്നതെന്ന് പലരും പറയുന്നുണ്ട്. പണ്ട്, ഇതിന്റെ തിക്താനുഭവം എനിക്ക് ഉണ്ടായിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് ഒരു വാരികയിൽ എന്റെ ‘വെൽകം ടു കൊടൈക്കനാൽ’ എന്ന സൂപ്പർ ഹിറ്റ് മൂവിയെക്കുറിച്ച് റിവ്യൂ എഴുതിയിരുന്നു.
ലേഖനത്തിന്റെ തലക്കെട്ടായി വെൽകം ടു കൊടൈക്കനാൽ എന്ന് എഴുതിയതിന് ശേഷം താഴെ കാക്ക കുളിച്ചാൽ കൊക്കാകുമോ എന്നായിരുന്നു എഴുതിയിരുന്നത്.അതായത്, മോഹൻലാലിനെ പോലുള്ള ഒരു നായകൻ ചെയ്യേണ്ട വേഷം ജഗദീഷ് ചെയ്തത് എന്ത് അടിസ്ഥാനത്തിലായിരുന്നു എന്നാണ് അതിന്റെ റിവ്യൂ. ഞാൻ അതിൽ തളർന്നില്ല. ആ മാസികയിൽ റിവ്യൂ എഴുതിയ ആൾക്ക് എന്നോട് ഒരു വിരോധവുമില്ല. സാകേതം എന്ന നാടകത്തിൽ ജി. ശങ്കരൻ സാറിന്റെ സംവിധാനത്തിൽ ഞാൻ അഭിനയിക്കുമ്പോൾ, നന്നായി അഭിനയിക്കുന്നുണ്ടെന്നാണ് ഞാൻ വിശ്വസിച്ചിരുന്നത്.
അതിൽ ലക്ഷ്മണനായിട്ടാണ് അഭിനയിച്ചത്. അന്നും, ഇതേ മാസികയിൽ എഴുതിയത് ‘ജേഷ്ഠനെ കാട്ടിലേക്ക് അയച്ചതിൽ കുപിതനായി വരുന്ന ജഗദീഷ് കുമാറിന്റെ ലക്ഷ്മണൻ മടലും ഊരി വരുന്ന തമിഴ് നായകനെ അനുസ്മരിപ്പിച്ചു’ അതിലും ഞാൻ തളർന്നില്ല. ജി. ശങ്കരപിള്ള സാർ എനിക്ക് തന്ന ഉപദേശം റിവ്യൂവും സംഗതികളുമൊക്കെ വരും, ജഗദീഷിന്റെ അഭിനയം എല്ലാവർക്കും ഒക്കെ അല്ലെന്ന് മനസ്സിലായില്ലേ അപ്പോൾ ജഗദീഷ് ഇംപ്രൂവ് ആകാൻ ശ്രമിക്കണം എന്നായിരുന്നു. അത്, ഞാൻ ഉൾക്കൊണ്ടു.