സുരേഷ് ഗോപിക്കെതിരെ ചുമത്തിയിരിക്കുന്നത് കള്ളക്കേസ് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. അനാവശ്യമായ ചോദ്യം ചോദിച്ച് സുരേഷ് ഗോപിയെ ബുദ്ധിമുട്ടിക്കാനാണ് നീക്കം. പൊലീസ് സര്‍ക്കാരിന്റെ ചട്ടുകമായി മാറി. ക്ലിഫ് ഹൗസില്‍ നിന്നും എകെജി സെന്ററില്‍ നിന്നുമുള്ള നിര്‍ദേശ പ്രകാരമാണ് നിലവിലെ ചോദ്യം ചെയ്യല്‍ എന്നും കെ സുരേന്ദ്രന് പറഞ്ഞു.
സുരേഷ് ഗോപിയെ രാഷ്ട്രീയമായി വേട്ടയാടാനുള്ള നീക്കമാണ് നടക്കുന്നത്. സഹകരണ ബാങ്ക് കൊള്ളക്കെതിരെ സുരേഷ് ഗോപി എടുത്ത നിലപാടാണ് സര്‍ക്കാരിനെ പ്രകോപിപ്പിച്ചത്. സുരേഷ് ഗോപി പുഷ്പം പോലെ ജനങ്ങള്‍ക്കിടയിലൂടെ ഇറങ്ങി നടക്കും. കേരളത്തിലെ ഏറ്റവും മനുഷ്യസ്നേഹമുള്ള രാഷ്ട്രീയപ്രവര്‍ത്തകനാണ് സുരേഷ് ഗോപിയെന്നും കെ സുരേന്ദ്രന് പറഞ്ഞു.
കേരളത്തിലെ സാധാരണ ജനങ്ങളെ അണിനിരത്തി രാഷ്ട്രീയവേട്ടയെ നേരിടാനാണ് തീരുമാനം. സര്‍ക്കാരിനെതിരെ പ്രതികരിക്കുമ്പോള്‍ അവര്‍ക്ക് പൊള്ളുന്നത് കൊണ്ടാണ് സുരേഷ് ഗോപിയെ വേട്ടയാടുന്നത്. അത് അനുവദിക്കില്ല. അദ്ദേഹത്തിന്റെ വായടപ്പിക്കാനുള്ള ശ്രമമാണിത്. സുരേഷ് ഗോപിയുടെ ഒരു രോമത്തില്‍ സ്പര്‍ശിക്കാന്‍ പോലും പിണറായി വിജയന് സര്‍ക്കാര്‍ ആയിരം ജന്മമെടുത്താലും സാധിക്കില്ല. സുരേഷ് ഗോപി, രാജീവ് ചന്ദ്രശേഖര്‍, അനില്‍ ആന്റണി ഉള്‍പ്പടെ നിരവധി ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. അതൊന്നും വിലവെക്കില്ലെന്നും കെ സുരേന്ദ്രന് പറഞ്ഞു.
വായടപ്പിക്കാന്‍ നോക്കേണ്ട. അതൊന്നും നടക്കില്ല. സമൂഹമനഃസാക്ഷി ബിജെപിക്കൊപ്പമാണ്. പരാതി രാഷ്ട്രീയമായി കെട്ടിച്ചമച്ചതാണ്. പരാതി രാഷ്ട്രീയപ്രേരിതമാണെന്നും കെ സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.