ഭാര്യയുടെ സഹപാഠിയെ വീടു പണി ഏൽപ്പിച്ചു; ആ പോസ്റ്റുകളിലും നിറയുന്നത് വഴിവിട്ട ബന്ധത്തിന്റെ സൂചന

കൈതപ്രത്തെ ഗുഡ്‌സ് ഓട്ടോ ഡ്രൈവർ കെ.കെ.രാധാകൃഷ്ണനെ വെടിവെച്ചുകൊന്ന കേസിൽ ‘അലുമിനി സൗഹൃദം’ സ്ഥിരീകരിച്ച് മൊഴികൾ. പ്രതി എൻ.കെ.സന്തോഷ് കുറ്റസമ്മതം നടത്തി. സന്തോഷും രാധാകൃഷ്ണന്റെ ഭാര്യ മിനിയും സഹപാഠികളായിരുന്നു. സന്തോഷിന്റെ പേരിൽ രാധാകൃഷ്ണൻ പരിയാരം പോലീസിൽ മാസങ്ങൾക്കുമുമ്പ് പരാതി നൽകിയിരുന്നു. ഇതിനൊപ്പം രാധാകൃഷ്ണന്റെ മകൻ നൽകിയ മൊഴിയിലും പ്രതി സന്തോഷ് അമ്മയോട് സൗഹൃദത്തിന് ശ്രമിച്ചതായി ആരോപിക്കുന്നുണ്ട്.

സന്തോഷിനെ സംഭവസ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുത്തു. കനത്ത സുരക്ഷയിൽ പരിയാരം പോലീസാണ് തെളിവെടുപ്പ് നടത്തിയത്. കൊല്ലാൻ ഉപയോഗിച്ച തോക്കും പോലീസ് കണ്ടെടുത്തു. പുതുതായി പണിയുന്ന വീട്ടിലായിരുന്നു രാധാകൃഷ്ണൻ വ്യാഴാഴ്ച വെടിയേറ്റ് മരിച്ചത്. ഈ വീടിന്റെ പിൻവശത്ത് വലിച്ചെറിഞ്ഞ നിലയിലായിരുന്നു തോക്ക്. വെള്ളിയാഴ്ച വൈകിട്ടാണ് പ്രതിയെ കൈതപ്രത്ത് കൊണ്ടുവന്നത്. ജനങ്ങൾ രോഷാകുലരായെങ്കിലും പോലീസ് നിയന്ത്രിച്ചു. സന്തോഷിന് ഭാവവ്യത്യാസമൊന്നുമുണ്ടായിരുന്നില്ല രാധാകൃഷ്ണനെ വെടിവെച്ചുകൊന്നത് ആസൂത്രിതമാണെന്ന് പോലീസ് പറഞ്ഞു. രാധാകൃഷ്ണൻ കൈതപ്രത്ത് പുതുതായി പണിയുന്ന വീടിന്റെ പണിക്കാരനാണ് സന്തോഷ്. രാധാകൃഷ്ണന്റെ മരണ കാരണം നെഞ്ചിൽ വെടിയേറ്റത് കൊണ്ടാണ് വ്യക്തമായി. വെടിയുണ്ട ഹൃദയത്തിൽ തുളച്ചുകയറിയെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.

നാടൻ തോക്ക് ഉപയോഗിച്ചാണ് പ്രതി സന്തോഷ് വെടിയുതിർത്തത്. രാധാകൃഷ്ണനെ കൊലപ്പെടുത്താൻ ഉദ്ദേശിച്ചാണ് എത്തിയതെന്ന് സന്തോഷ് പൊലീസിന് മൊഴി നൽകി. തോക്കും കത്തിയുമായാണ് പ്രതി സന്തോഷ് കൈതപ്രത്ത് എത്തിയത്. വെടിവെയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ ആക്രമിക്കാനാണ് കത്തി കയ്യിൽ കരുതിയത്. നിർമാണത്തിലിരിക്കുന്ന വീട്ടിൽ രാധാകൃഷ്ണൻ എത്തുന്ന സമയം മനസ്സിലാക്കി ഒളിച്ചിരുന്നുവെന്നും സന്തോഷ് മൊഴി നൽകി. വീട്ടിലേക്ക് കയറി നിമിഷങ്ങൾക്കുളളിൽ വെടിയുതിർത്തു. രാവിലെ രാധാകൃഷ്ണന്റെ ഫോണിൽ വിളിച്ച് സന്തോഷ് ഭീഷണി മുഴക്കി. സന്തോഷ് ഭീഷണിപ്പെടുത്തിയ വിവരം രാധാകൃഷ്ണൻ മകനെ അറിയിച്ചിരുന്നു. ഭാര്യയുമായുളള സൗഹൃദം വിലക്കിയത് പ്രകോപനമായെന്ന് ചോദ്യം ചെയ്യലിൽ സന്തോഷ് പൊലീസിന് മൊഴി നൽകി. രാധാകൃഷ്ണന്റെ ഭാര്യയുമായുള്ള സൗഹൃദം തുടരാൻ കഴിയാത്തതിലെ വിരോധം കൊണ്ടാണ് കൊലപാതകമെന്നാണ് എഫ്‌ഐആർ. രാധാകൃഷ്ണന്റെ ഭാര്യയും സന്തോഷും സഹപാഠികളാണ്. ഇരുവരും സൗഹൃദത്തിലായിരുന്നുവെന്നും അത് തുടരാൻ സാധിക്കാത്തതിന്റെ വിരോധത്തിൽ രാധാകൃഷ്ണനെ കൊലപ്പെടുത്തിയെന്നുമാണ് എഫ്‌ഐആറിലുള്ളത്.

Scroll to Top