കുളപ്പുള്ളി ലീലയുടെ ഏക ആശ്രയമായിരുന്ന അമ്മ രുഗ്മിണി അന്തരിച്ചു, സംസ്കാരം നാളെ

നടി കുളപ്പുള്ളി ലീലയെ തനിച്ചാക്കി അമ്മ രുഗ്മിണിയും യാത്രയായി. 97 വയസ്സായിരുന്നു. വൈകിട്ട് നാലു മണിക്ക് നോർത്ത് പറവൂർ ചെറിയപ്പിള്ളിയിലെ വീട്ടിലേക്ക് ഭൗതിക ശരീരം കൊണ്ടുവരും. നാളെ പന്ത്രണ്ട് മണിക്ക് ആണ് സംസ്കാരം. ഭർത്താവും മക്കളും നഷ്ടപ്പെട്ട ലീല അമ്മയോടൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്.

വീട്ടിൽ ഇപ്പോൾ അമ്മ മാത്രമേയുള്ളൂ. എന്നെ ഒരുപാടു കഷ്ടപ്പെട്ടാണ് അമ്മ വളർത്തിയത്. ഞാനാണ് അമ്മയുടെ ആദ്യത്തെ കുട്ടി. അമ്മ എന്നെ ഗർഭിണി ആയിരിക്കുമ്പോൾ അച്ഛൻ നാടുവിട്ടു പോയതാണ്. അമ്മയെ വേറെ വിവാഹം കഴിപ്പിച്ചു. അത് അങ്ങനെയൊരു കഥ. എന്തായാലും ഇപ്പോൾ അമ്മ എന്നോടൊപ്പമുണ്ട്. നാടകരംഗത്തെ എന്റെ സുഹൃത്തും ഒരു കൂടപ്പിറപ്പിനെപ്പോലെ ഞാൻ കരുതുകയും ചെയ്യുന്ന കൂനത്തറ രാജലക്ഷ്മിയും ഞാനുമാണ് അമ്മയെ നോക്കുന്നതെന്ന് ലീല പറഞ്ഞിരുന്നു.

അമ്മ കൂലിപ്പണി ചെയ്താണ് എന്നെ പോറ്റിയത്. നാടകത്തിന് പോവാന്‍ പറ്റിയതും നടിയായതും എല്ലാം അമ്മയുടെ ചങ്കൂറ്റം കൊണ്ടാണ്. ആരുടേയും എതിര്‍പ്പ് അമ്മ വക വച്ചില്ല. അതുകൊണ്ട് അമ്മയെ പോറ്റാനുള്ള നിലയില്‍ ഞാനെത്തി. അമ്മയ്ക്ക് ഇപ്പോഴിപ്പോള്‍ ഓര്‍മ്മ കുറവാണ്. ഇടയ്ക്ക് സരിഗമ പധനിസ പാടുന്നത് കേള്‍ക്കാം. അതും മുഴുമിപ്പിക്കില്ല. പണ്ടൊക്കെ ഉദ്ഘാടനങ്ങള്‍ക്ക് പോകുമ്പോള്‍ സ്റ്റേജില്‍ എന്തെങ്കിലും തമാശപരിപ്പാടികള്‍ അവതരിപ്പിക്കും. ഇപ്പോള്‍ അമ്മയെക്കുറിച്ച് ഞാന്‍ എഴുതിയ പാട്ടുകള്‍ പാടും.

ലീല കൃഷ്ണകുമാർ എന്നാണ് കുളപ്പുള്ളി ലീലയുടെ യഥാർഥ പേര്. പരേതനായ കൃഷ്ണകുമാർ ആണ് നടിയുടെ ഭർത്താവ്. രുഗ്മിണിയും വേർപിരിഞ്ഞതോടെ ഇനി ലീലയുടെ ജീവിതം ഒറ്റയ്ക്കായി.

Scroll to Top