ഒടുവിൽ പ്രതീക്ഷകളെല്ലാം അസ്തമിച്ച് കാസർകോട് പൈവളിഗെയിൽ കാണാതായ പതിനഞ്ചുകാരിയായ പെൺകുട്ടിയും അയൽവാസിയായ പ്രദീപിനെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു…പെൺകുട്ടിയുടെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ തിരച്ചിലിലാണു വീടിനു സമീപത്തെ തോട്ടത്തിൽ ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ. കഴിഞ്ഞ ദിവസങ്ങളിലും ഇതേ സ്ഥലത്ത് പൊലീസ് തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ യാതൊരു തുമ്പും ലഭിച്ചിരുന്നില്ല.
ഇതോടെയാണ് ഇന്നു വ്യാപക തിരച്ചിൽ നടത്തിയത്. മൃതദേഹങ്ങൾക്ക് പഴക്കമുണ്ടെന്നാണു പൊലീസ് പറയുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി പന്ത്രണ്ടിനായിരുന്നു പൈവിളഗ സ്വദേശിനിയായ പതിനഞ്ചുകാരിയെ കാണാതായത്. പത്താം ക്ലാസ് വിദ്യാർഥിനിയായിരുന്നു. തങ്ങൾ ഉറക്കമുണർന്നപ്പോൾ മകൾ വീട്ടിലുണ്ടായിരുന്നില്ലെന്നാണു പിതാവ് പൊലീസിനു നൽകിയ പരാതിയിൽ പറഞ്ഞത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഫെബ്രുവരി പന്ത്രണ്ടിനു പുലർച്ചെ മൂന്നരയോടെയാണു പെൺകുട്ടിയെ കാണാതായതെന്നു വ്യക്തമായി. ഇതേദിവസം തന്നെയാണു പ്രദേശവാസിയായ പ്രദീപിനെയും കാണാതായത്. ഇയാൾ ഓട്ടോറിക്ഷാ ഡ്രൈവറാണ്.
സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബം ഇക്കഴിഞ്ഞ വെള്ളിയാഴ്ച കോടതിയിൽ ഹേബിയസ് കോർപസ് ഹർജി ഫയൽ ചെയ്തിരുന്നു. കാസർകോടിനു പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിരിക്കെയാണ് മരണവാർത്ത പുറത്തുവരുന്നത്. പെൺക്കുട്ടിയുടെ ഫോണിൽ വിളിച്ചപ്പോൾ ആദ്യം റിങ് ചെയ്തെങ്കിലും പീന്നീട് ഫോൺ സ്വിച്ച് ഓഫ് ആയെന്നും പിതാവ് പറഞ്ഞു. കുട്ടിയെ കാണാതായ വിവരം പറയാൻ അയൽ വാസിയായ പ്രദീപിനെ വിളിച്ചെങ്കിലും ഇയാൾ ഫോണെടുക്കാത്തതിനെത്തുടർന്നാണ് പ്രദീപിനെ സംശയം തോന്നിയതെന്നുമാണ് കുട്ടിയുടെ മാതാവ് പറഞ്ഞത്. ഇതോടെ ഇവർ കുമ്പള പോലീസൽ പരാതി നൽകുകയായിരുന്നു.