മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് ഇന്ന് ജന്മദിനം. മമ്മൂട്ടി ഇന്ന് 72-ാം പിറന്നാൾ ആഘോഷിക്കുമ്പോൾ പതിവിലും ആവേശത്തിലാണ് ആരാധകർ. രാത്രി 12 മണിക്ക് മമ്മൂട്ടിയുടെ വീടിന് മുന്നിൽ ആഘോഷവുമായി ആരാധകർ എത്തി. പെരുമഴയത്തും നാല് വയസ്സുള്ള കുട്ടി മുതൽ നാൽപ്പതു വയസ്സുള്ള ആളുകൾ വരെ ഒരേ മനസ്സോടെ മമ്മുക്കയെ വിഷ് ചെയ്യാൻ ആ വീട്ടു പടിക്കൽ കാത്തുനിന്നു.
‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന സിനിമയിലൂടെ 1971 ആഗസ്റ്റ് 6ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റായി തുടക്കം. അന്ന് ജൂനിയർ ആർട്ടിസ്റ്റായി തുടങ്ങിയ മമ്മുക്ക ഇന്ന് ലോകത്തിന് മുന്നിൽ മലയാള സിനിമയുടെ തന്നെ മുഖമായി മാറി. ഒരു പാട്ട് സീനിൽ വള്ളത്തിൽ പങ്കായം പിടിച്ചിരിക്കുന്ന പൊടിമീശക്കാരനായിട്ടായിരുന്നു മമ്മൂട്ടിയുടെ അഭിനയജീവിതത്തിന്റെ തുടക്കം. അഞ്ഞൂറിലേറെ സിനിമകളിൽ ഇതിനകം അദ്ദേഹം അഭിനയിച്ചുകഴിഞ്ഞിട്ടുണ്ട്.
എൺപതുകളുടെ തുടക്കത്തിലാണ് മലയാളചലച്ചിത്രരംഗത്ത് മമ്മുക്ക ശ്രദ്ധേയനായത്. കെ. ജി. ജോർജ് സംവിധാനം ചെയ്ത മേള എന്ന ചിത്രമാണ് മമ്മൂട്ടിയിലെ അഭിനേതാവിനെ ശ്രദ്ധേയനാക്കിയത്. അദ്ദേഹത്തിന്റെ യവനിക, 1987ൽ ജോഷി സംവിധാനം ചെയ്ത ന്യൂ ഡൽഹി എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടെ താരമൂല്യം ഉയർത്തിയത്.
അതേസമയം മമ്മൂട്ടി ചിത്രങ്ങളായ ഭ്രമയുഗത്തിന്റെ ഫസ്റ്റ് ലുക്ക് രാവിലെ 11നും കണ്ണൂർ സ്ക്വാഡിന്റെ ട്രെയിലർ വൈകിട്ട് ആറിനും പുറത്തിറങ്ങും.നവാഗതനായ റോബി വർഗീസ് രാജ് സംവിധാനം ചെയ്യുന്ന കണ്ണൂർ സ്ക്വാഡിൽ പൊലീസ് വേഷമാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.
മമ്മൂട്ടി ഫാൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ആഘോഷവും സാമൂഹ്യപ്രവർത്തനവും സംഘടിപ്പിച്ചിട്ടുണ്ട്. ജന്മദിനാശംസ നേരാൻ മലയാളികളും ഒന്നടങ്കം. ഒപ്പം ഇന്ത്യൻ സിനിമാ ലോകവും. ഈ മഹാനടൻ ഇനിയും ആഘോഷിക്കട്ടെ ഒരുപാട് ജന്മദിനങ്ങൾ എന്നാണ് മലയാളിയുടെ ആഗ്രഹവും പ്രാർത്ഥനയും. അവരാണ് മമ്മൂട്ടി എന്ന മഹാനടന്റെ ശക്തി.