നടിയെ ആക്ര-മിച്ച കേസില്‍ മഞ്ജു വാരിയര്‍ ഉള്‍പ്പടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തിയതില്‍ വിചാരണക്കോടതി വീഴ്ച്ച വരുത്തിയതായി സംസ്ഥാന സര്‍ക്കാര്‍. അക്ര-മിക്കപെട്ട നടിയുടെയും മഞ്ജു അടക്കമുള്ള സാക്ഷികളുടെയും മൊഴിയിലെ ചില ഭാഗങ്ങള്‍ വിചാരണക്കോടതി രേഖപെടുത്തിയില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കേസിലെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നു ആവശ്യപ്പെട്ടു ആക്ര-മിക്കപ്പെട്ട നടി നല്കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കവേയാണ് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ് മൂലത്തില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കേസില്‍ വെള്ളിയാഴ്ച്ച വരെ വിചാരണ നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഇന്ന് ഉത്തരവിട്ടു.
കേസില്‍ വിചാരണകോടതിക്കെതിരെ സര്‍ക്കാര്‍ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. മകള്‍ വഴിയായി മഞ്ജു വാരിയരെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചുവെന്ന മൊഴി വിചാരണ കോടതി രേഖപ്പെടുത്തിയിരുന്നില്ല. ആക്രമി–ക്കപ്പെട്ട നടിയെ ഇല്ലായ്മ ചെയ്യുമെന്നു പ്രതി ദിലീപ് പറഞ്ഞതായി കേസിലെ ഒരു സാക്ഷി മൊഴി നല്‍കിയിരുന്നു. എന്നാല്‍ വിചാരണക്കോടതി ഇതും രേഖപെടുത്തിയില്ലെന്നു സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറിയെന്നും കീഴ്വഴക്കം ലംഘിച്ചതായും സര്‍ക്കാര്‍ വെള്ളിയാഴ്ച്ച ഹൈക്കോടതിയെ അറിയിച്ചിരുന്നു. കേസിലെ പല രേഖകളും വിചാരണക്കോടതി പ്രോസിക്യൂഷന് നല്‍കിയിരുന്നില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു. അതേ സമയം, രേഖകള്‍ പ്രതിഭാഗത്തിന് നല്‍കിയിരുന്നതായും സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ആക്ര-മിക്കപ്പെട്ട നടിയുടെ രഹസ്യ വിചാരണയുടെ സമയത്ത് ഇരുപത് അഭിഭാഷകര്‍ കോടതിയില്‍ ഉണ്ടായിരുന്നതായും പ്രതിഭാഗം അഭിഭാഷകരുടെ അതിരുവിട്ട ചോദ്യം തടയാന്‍ വിചാരണക്കോടതി ശ്രമിച്ചില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. വിചാരണ നിര്‍ത്തിവെക്കണമെന്നു പ്രോസിക്യൂഷന് ആവശ്യപ്പെട്ടപ്പോള്‍ കീഴ്വഴക്കം ലംഘിച്ചു കോടതി തന്നെ തീരുമാനമെടുത്തതായും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു.
വിചാരണക്കോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്ന് കരുതുന്നില്ലെന്ന് നേരത്തെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായ എം സുരേശന് വ്യക്തമാക്കിയിരുന്നു. വിചാരണക്കോടതി ജഡ്ഡ് ഹണി എം വര്‍ഗീസിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉന്നയിച്ചിരുന്നത്. വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറും നേരത്തെ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയിരുന്നു.
കേസില്‍ ഇതുവരെ 182 സാക്ഷികളെയാണ് വിസ്തരിച്ചത്. താരങ്ങളും അമ്മയുടെ ഭാരവാഹികളുമായ ഇടവേള ബാബു, സിദ്ദീഖ് എന്നിവരും നടിമാരായ ബിന്ദു പണിക്കര്‍, ഭാമ എന്നിവരും കേസില്‍ കൂറുമാറിയിരുന്നു.