ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെയുമെടുത്ത് ഓഫീസിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻറെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ആര്യ രാജേന്ദ്രനും ബാലുശ്ശേരി എം എൽ എ സച്ചിൻ ദേവിനും പെൺകുഞ്ഞ് ജനിച്ചത് കഴിഞ്ഞ മാസമായിരുന്നു.കുഞ്ഞിന് ദുവ ദേവ് എന്നാണ് പേരിട്ടത്. ദുവയുടെ ചിത്രങ്ങൾ ആര്യയും സച്ചിൻദേവും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ, കുഞ്ഞിനെയുമെടുത്ത് കർമനിരതയായ ആര്യയുടെ ചിത്രങ്ങളാണ് ചർച്ചയാകുന്നത്.
ഈ ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. മേയറെ അഭിനന്ദിച്ച് നിരവധി പേരാണ് കമൻറുകളുമായി രംഗത്തെത്തിയിട്ടുള്ളത്. ഈ ചിത്രത്തിന് ഇതിനോടകം നൂറുകണക്കിന് ലൈക്കുകളും കമൻറുകളും ലഭിച്ചിട്ടുണ്ട്. നിരവധിപ്പേർ ചിത്രം പങ്കുവെക്കുകയും ചെയ്തു.ഈ ചിത്രം വ്യക്തമാക്കുന്നത് മേയർക്ക് ജോലിയിലുള്ള ആത്മാർത്ഥതയാണെന്നാണ് ഒരാൾ കമൻറ് ചെയ്തത്. കുഞ്ഞുമായി തൻറെ ചുമതലകളിൽ ഏർപ്പെടുന്ന ആര്യയ്ക്ക് അഭിനന്ദനം എന്ന് മറ്റൊരാൾ കുറിച്ചു.
2022 സെപ്തംബറിലായിരുന്നു ആര്യ രാജേന്ദ്രനും സച്ചിൻദേവും വിവാഹിതരായത്. കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് സച്ചിൻദേവ്. ഓൾ സെയിന്റ്സ് കോളജിൽ വിദ്യാർഥിയായിരിക്കെ 21-ാം വയസിലാണ് ആര്യ മേയറാകുന്നത്.