ഒന്നര വർഷം മുമ്പ് തുടങ്ങിയ പ്രണയം അപ്രതീക്ഷിതമായി വേർപിരിയലിലേക്ക് പോയത് താങ്ങാൻ കഴിയാതെ ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കി…മേഘയുടെ ആത്മഹത്യയുടെ രത്നചുരുക്കമാണിത്.. അതേസമയം, പ്രണയനൈരാശ്യത്തെ തുടർന്നാണ് മേഘ ജീവനൊടുക്കിയതെന്നാണ് പൊലീസ് പറയുന്നത്. ഐബിയിലെ ഒരു ഉദ്യോഗസ്ഥനുമായി യുവതി പ്രണയത്തിലായിരുന്നു എന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ ബന്ധത്തിൽ നിന്നും യുവാവ് പിന്മാറിയ മനോവിഷമത്തിൽ മേഘ ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസിൻ്റെ നിഗമനം.
എന്നാൽ, മേഘയ്ക്ക് മറ്റുതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി അറിയില്ലെന്ന് അമ്മാവൻ സന്തോഷ് ശിവദാസൻ പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ മേഘയെ ഇന്നലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എമിഗ്രേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥയായിരുന്ന മേഘ. പത്തനംതിട്ട സ്വദേശിയാണ് മേഘ. ഇന്നലെ ജോലി കഴിഞ്ഞ് വിമാനത്താളത്തിൽ നിന്നും മടങ്ങിയ മേഘയുടെ മൃതദേഹം ചാക്ക റെയിൽവേ ട്രാക്കിൽ കണ്ടെത്തുകയായിരുന്നു. എല്ലാ പ്രണയങ്ങളും വിവാഹമെന്ന പൂർണ വിജയത്തിലേക്ക് എത്തണമെന്നില്ല. ഇനി വിവാഹത്തിലേക്ക് എത്തിയാലും അതൊരു സന്തോഷകരമായ ജീവിതമായിരിക്കും എന്ന് യാതൊരുറപ്പും ഇല്ല.
ചിലപ്പോൾ പാതിവഴിയിൽ തന്നെ പൊലിഞ്ഞു പോകുന്ന പ്രണയങ്ങൾ.. അതിലെ നിരാശയും വേർപിരിയലുകളും എല്ലാം ഉൾക്കൊണ്ട് മുന്നോട്ടു പോകുമ്പോഴാണ് ജീവിതത്തിലെ പല ഘട്ടങ്ങളും താണ്ടാനുള്ള മാനസിക കരുത്ത് നമുക്ക് ലഭിക്കുന്നത്. എന്നാൽ ആ പ്രണയ തകർച്ചകളാണ് ജീവിതത്തിന്റെ അവസാനമെന്ന് കരുതി സ്വയം ജീവനൊടുക്കുന്നവരുണ്ട്. അതിലൊരാളായിരുന്നു പത്തനംതിട്ട അതിരുങ്കലുകാരി മേഘയും.