പാറശാലയിലെ ഷാരോണിന്റെ കൊലപാതകത്തിൽ പ്രതികരിച്ച് ഷാരോണിന്റെ അമ്മ. അന്ധവിശ്വാസത്തിന്റെ പേരിൽ മകനെ ഗ്രീഷ്മ കൊന്നതാണെന്ന് ഷാരോണിന്റെ അമ്മ പറഞ്ഞു. ഗ്രീഷ്മയുടെ ആദ്യ ഭർത്താവ് മരിക്കുമെന്ന് ജാതകത്തിലുണ്ട്. പെൺകുട്ടിക്ക് മറ്റൊരു വിവാഹം ഉറപ്പിച്ചിരുന്നു. അതിന് മുൻപ് മകനെക്കൊണ്ട് വീട്ടിൽ വെച്ച് താലിക്കെട്ടിക്കുകയായിരുന്നെന്നും ഷാരോണിന്റെ അമ്മ പറഞ്ഞു. മകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ബോധപൂർവം കൊലപ്പെടുത്തിയത് ആണെന്നും പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും പിതാവ് പ്രതികരിച്ചു. ഇതോടെ ഷാരോണിന്റെ കൊലപാതകം നടുക്കുന്ന നരബലിയിലേക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നത്.
സംശയിച്ച കാര്യങ്ങൾ സത്യമായി. കഷായം കുടിച്ചതിന് പിന്നാലെ വീട്ടിലെത്തി മകൻ നീലക്കളറിൽ ഛർദ്ദിച്ചിരുന്നന്നും നടക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്ന ഷാരോണിനെ സുഹൃത്താണ് വീട്ടിലെത്തിച്ചതെന്നും ഷാരോണിന്റെ അമ്മ പറയുന്നു. ഫ്രൂട്ടി കുടിച്ചെന്നായിരുന്നു മകൻ തങ്ങളോട് ആദ്യം പറഞ്ഞതെന്നും ഷാരോണിന്റെ അമ്മ പറയുന്നു. ഒരുവർഷമായിട്ട് ഷാരോണും ഗ്രീഷ്മയും തമ്മിൽ സ്നേഹബന്ധത്തിലായിരുന്നു. ആ സമയത്ത് തന്നെ ഗ്രീഷ്മയെ കല്ല്യാണം കഴിക്കണമെന്ന് മകൻ പറയുമായിരുന്നു.
എട്ടുമണിക്കൂർ നേരം നടത്തിയ ചോദ്യം ചെയ്യലിന് ഒടുവിലാണ് ഗ്രീഷ്മ കുറ്റം സമ്മതിച്ചത്. ചോദ്യം ചെയ്യലിനിടെ വനിതാ സുഹൃത്തിന്റെ മൊഴിയിൽ വൈരുധ്യങ്ങൾ കണ്ടെത്തിയിരുന്നു. തുടർന്ന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചതെന്ന് പൊലീസ് പറയുന്നു ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം മാത്രമേ കൊലപാതകത്തിൽ സ്ഥിരീകരണം ലഭിക്കുകയുള്ളൂവെന്നും പൊലീസ് പറയുന്നു
വനിതാ സുഹൃത്തിന്റെ വീട്ടിൽനിന്ന് 14നാണ് ഷാരോൺ കഷായവും ജൂസും കുടിക്കുന്നത്. അന്നു രാത്രി ആശുപത്രിയിൽ ചികിത്സ തേടി. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം തകരാറിലായി 25നാണ് മരണം സംഭവിച്ചത്. പെൺകുട്ടിയുടെ വീട്ടുകാർ പാനീയത്തിൽ ആഡിഡ് ചേർത്തു നൽകി എന്നതാണ് കുടുംബത്തിന്റെ ആരോപണം.