പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും പ്രശംസിച്ച് കോൺഗ്രസ് എംപി ശശി തരൂർ. റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ നരേന്ദ്ര മോദി സ്വീകരിച്ച നയമാണ് ശരിയെന്ന് ശശി തരൂർ പറഞ്ഞു. ദില്ലിയിൽ ‘റായ്സിന ഡയലോഗിൽ’ സംസാരിക്കുകയായിരുന്നു തരൂർ. രണ്ടു രാജ്യങ്ങളുമായി നല്ല ബന്ധം നിലനവിർത്താൻ മോദിക്ക് കഴിഞ്ഞുവെന്നും മോദിയുടെ നയത്തെ താൻ എതിർത്തത് അബദ്ധമായെന്നും തരൂർ പറഞ്ഞു. രണ്ടു രാജ്യങ്ങളുമായും സംസാരിക്കാനുള്ളയിടം മോദിക്ക് ഇന്നുണ്ടെന്നും തരൂർ പറഞ്ഞു. തരൂരിൻറെ പ്രശംസ ബിജെപിയും ഏറ്റെടുത്തു.തരൂരിൻറെ നിലപാട് സാമൂഹ്യമാധ്യമങ്ങളിൽ ബിജെപി പ്രചരണായുധമാക്കി.
തരൂരിനെ ടാഗ് ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ എക്സിൽ അഭിനന്ദന കുറിപ്പുമിട്ടു.റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മോദി സ്വീകരിച്ച നയതന്ത്രത്തെ പുകഴ്ത്തിയുള്ള ശശി തരൂരിൻറെ പരാമർശം അഭിനന്ദനാർഹമാണെന്ന് കെ സുരേന്ദ്രൻ എക്സിൽ കുറിച്ചു. മറ്റു കോൺഗ്രസുകാരിൽ നിന്ന് വ്യത്യസ്തമായി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ആഗോളതലത്തിലുള്ള ഇന്ത്യയുടെ മുന്നേറ്റത്തെ ശശി തരൂർ കാണുന്നത് സ്വാഗതാർഹമാണെന്നും കെ സുരേന്ദ്രൻ കുറിച്ചു… നേരത്തെയും നരേന്ദ്ര മോദിയെ പിന്തുണച്ച് ശശി തരൂർ രംഗത്തെത്തിയിരുന്നു. യുഎസ് പ്രസിഡൻറ് ട്രംപുമായുള്ള മോദിയുടെ കൂടിക്കാഴ്ചയെ പിന്തുണച്ചും നേരത്തെ ശശി തരൂർ രംഗത്തെത്തിയിരുന്നു. ട്രംപ് ഇന്ത്യൻ പ്രധാനമന്ത്രിയെക്കുറിച്ച് പറഞ്ഞത് വെറുതെയാവില്ലെന്നും ശുഭമായതെന്തോ സംഭവിച്ചിട്ടുണ്ടെന്നുമായിരുന്നു തരൂർ വാർത്താ ഏജൻസിയോട് പ്രതികരിച്ചത്. അനധികൃത കുടിയേറ്റക്കാരുടെ കാലിൽ ചങ്ങലയുമിട്ട് അയക്കുന്നത് ശരിയല്ലെന്ന് മോദി കൂടിക്കാഴ്ചയിൽ പറഞ്ഞിട്ടുണ്ടാകുമെന്നും തരൂർ അഭിപ്രായപ്പെട്ടിരുന്നു… താൻ സംസാരിച്ചത് ഭാരതീയൻ എന്ന നിലയിലാണെന്നും രാഷ്ട്രീയം കാണുന്നില്ലെന്നും ശശി തരൂർ പറഞ്ഞു. യുക്രെയ്നുമായും റഷ്യയുമായും ഇന്ത്യയ്ക്ക് നല്ല ബന്ധമുണ്ട്.
ആ ബന്ധത്തിൻറെ അടിസ്ഥാനത്തിൽ നയതന്ത്ര ചർച്ചയിൽ ഇന്ത്യയ്ക്ക് പങ്കെടുക്കാനാകും. എന്നാൽ, നേരത്തെ താൻ പറഞ്ഞത് ഈ നിലപാട് ആയിരുന്നില്ല. ഇപ്പോൾ ഇക്കാര്യം പറഞ്ഞത് ഭാരതീയൻ എന്ന നിലയിലാണ്. രാഷ്ട്രീയമായി കാണേണ്ട കാര്യമില്ലെന്നും ശശി തരൂർ പറഞ്ഞു. അതേസമയം, ശശി തരൂരിൻറെ മോദി പ്രശംസയിൽ കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചില്ല. ശശി തരൂരിൻറെ പരാമർശം താൻ കേട്ടിട്ടില്ലെന്നും അത്തരത്തിൽ പറഞ്ഞെങ്കിൽ പാർട്ടി വിലയിരുത്തി തീരുമാനങ്ങൾ എടുക്കുമെന്നുമായിരുന്നു കെപിസിസി അധ്യക്ഷൻ കെ സുധാകരൻറെ പ്രതികരണം. തരൂർ പറഞ്ഞതിൻറെ സാഹചര്യത്തെക്കുറിച്ചും തനിക്കറിയില്ല. പിന്നെ എങ്ങനെ താൻ പ്രതികരിക്കുമെന്നും കെ സുധാകരൻ പറഞ്ഞു. അതേസമയം, തരൂരിൻറെ മോദി പ്രശംസയിൽ കെസി വേണുഗോപാൽ പ്രതികരിക്കാൻ തയ്യാറായില്ല. ദില്ലിയിൽ മാധ്യമപ്രവർത്തകർ പ്രതികരണം തേടിയപ്പോഴാണ് പ്രതികരിക്കാൻ തയ്യാറാകാതെ കെസി വേണുഗോപാൽ പാർലമെൻറിലേക്ക് പോയത്.തരൂർ പറഞ്ഞത് എന്താണെന്ന് കേട്ടില്ലെന്നും എന്താണ് പറഞ്ഞതെന്ന് മനസിലാക്കിയശേഷം പ്രതികരിക്കാമെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശൻറെ പ്രതികരണം