വർഷങ്ങൾക്കു മുമ്പ് ഓട്ടോ ഡ്രൈവർ.. ഇപ്പോൽ 350 കോടി ആസ്തി.. ഇപ്പോൾ 30 കോടിയുടെ വീട്

മൈസൂരു രാജീവ് നഗറിലെ നാട്ടുവൈദ്യൻ ഷാബാ ശരീഫിന്റെ കൊലപാതകത്തിൽ മുഖ്യപ്രതി ഷൈബിൻ അഷ്റഫിന്റേത് ശരിക്കുമൊരു ചേരിയിൽ നിന്നും തുടങ്ങി ഡോണായി മാറിയ മാഫിയാ രാജാവിന്റേതിന് സമാനമാണ്. അത്രയക്ക്് വേഗത്തിൽ കണ്ണടച്ചു തുറക്കും മുമ്പാണ് സുൽത്താൽ ബത്തേരിയിലെ മൈതാനിക്കുന്നിൽ ഓട്ടോ ഡ്രൈവറായിരുന്ന ആൾ 350 കോടി ആസ്തിയുള്ള ധാനാഢ്യനായി മാറിയത്. എന്നാൽ, ഏതു വഴിയാണ് ഈ പണം ഷൈബിൻ അഷ്‌റഫ് സമ്പാദിച്ചത് എന്നത് ഇന്നും ദുരൂഹമായി നിൽക്കുന്നു. ഗൾഫിലേക്ക് ചുവടുമാറിയതോടെയാണ് അതിവേഗ വളർച്ച ഇയാൾക്ക് ഉണ്ടായതെന്നത് വ്യക്തമാണ്.

സുൽത്താൻ ബത്തേരിക്കടുത്ത് മൈതാനിക്കുന്നിലെ കുടിലിൽനിന്നാണ് 350 കോടി രൂപയുടെ ആസ്തിയുള്ള ‘പ്രവാസി വ്യവസായി’യിലേക്കുള്ള ഇയാളുടെ വളർച്ച. വയനാട് സുൽത്താൻ ബത്തേരിയിൽ ഷൈബിൻ അഷ്റഫിനു വേണ്ടി കോടികളുടെ അത്യാഡംബര വീടിന്റെ നിർമാണം പുരോഗമിക്കവേയാണ് ഇയാൾ അറസ്റ്റിലായത്. ഇതോടെയാണ് ഷൈബിന്റെ ധനസ്‌ത്രോതസ്സിന്റെ നിഗൂഢതകൾ ഉയർന്നുവന്നതും. ഒരു ഏക്കറോളം വിസ്തൃതിയിൽ ഇപ്പോൾ പണിതുകൊണ്ടിരിക്കുന്ന വീടിന് 30 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അതിഥി മന്ദിരങ്ങളും വാച്ച് ടവറും ഇടനാഴികളും താമരക്കുളവുമൊക്കെയായി അത്യാഡംബര രീതിയിൽ, അറേബ്യൻ കൊട്ടാരങ്ങളുടെ മാതൃകയിലാണ് വീടിന്റെ നിർമാണം പുരോഗമിച്ചത്. എട്ടുവർഷം മുൻപാണ് വീടിന്റെ നിർമാണപ്രവൃത്തി ആരംഭിച്ചത്. എന്നാൽ, ഇതിനിടയിൽ ലഹരി മരുന്ന് കടത്തുകേസിൽ ദുബൈയിൽ അറസ്റ്റിലാകുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തു.

പിന്നാലെ വൃക്കരോഗവും വന്നതോടെ വീടിന്റെ നിർമാണം താൽക്കാലികമായി നിർത്തിവെച്ചതും. ഇതിനിടെയാണ് ഷബഹാസ് ഷരീഫ് വധക്കേസിൽ അറസ്റ്റിലായത്. പത്തുവർഷം മുൻപുവരെ നാട്ടിൽ ഓട്ടോ ഓടിച്ചും ലോറി ക്ലീനറായുമെല്ലാം നടന്നിരുന്നയാളാണ് ഷൈബിൻ. അതിനിടെ, മാതാവ് ജോലി തേടി ഗൾഫിലേക്കു പോയി. മാതാവിന്റെ ബന്ധങ്ങൾ ഉപയോഗിച്ചാണ് ഷൈബിനും ഗൾഫിലെത്തിയത്. പിന്നീടുള്ള വളർച്ച അതിവേഗത്തിലായിരുന്നു. മുക്കട്ടയിലെ വീട് രണ്ടുകോടി രൂപ നൽകിയാണ് വാങ്ങിയത്. നാല് ആഡംബര കാറും മറ്റു വാഹനങ്ങളും ഇയാൾക്ക് സ്വന്തമായുണ്ട്. തമിഴ്നാട്ടിൽ ഹെക്ടർ കണക്കിന് ഭൂമിയുമുണ്ട്. അബുദബിയിൽ അറബിയുമായി ഒന്നിച്ച് ഡീസൽ വ്യവസായമാണെന്നാണ് നാട്ടുകാരോട് പറഞ്ഞിരുന്നത്. ഹൂതി വിമതർക്ക് ഇന്ധനം എത്തിക്കലായിരുന്നു ഇടപാടെന്നും അന്ന് നാട്ടിൽ പറഞ്ഞു കേട്ടിരുന്നു. എന്നാൽ, യുവാക്കളെ സംഘടിപ്പിച്ചു ക്വട്ടേഷൻ പരിപാടികളുടെ അമരക്കാരനായും ഷൈബിൻ നിലകൊണ്ടു. പൈൽസ് ചികിത്സിച്ചു ഭേദപ്പെടുത്തിയിരുന്ന ഷാബാ ഷെരീഫിൽനിന്ന് ഇതിന്റെ ഒറ്റമൂലി രഹസ്യം ചോർത്താൻ 2019 ഓഗസ്റ്റ് ഒന്നിന് നിലമ്പൂർ മുക്കട്ട സ്വദേശിയായ വ്യവസായി ഷൈബിൻ അഷ്‌റഫിന്റെ സംഘം അദ്ദേഹത്തെ മൈസൂരുവിൽനിന്ന് തട്ടിക്കൊണ്ടുവന്നു മുക്കട്ടയിലെ വീട്ടിൽ തടവിൽ പാർപ്പിക്കുകയും രഹസ്യം കൈമാറാതെ വന്നതോടെ 2020 ഒക്ടോബർ എട്ടിന് കൊലപ്പെടുത്തുകയുമായിരുന്നു. ഒറ്റമൂലി മരുന്നുകളുടെ രഹസ്യം ചോർത്തി മരുന്നുവ്യാപാരം നടത്തി പണമുണ്ടാക്കുകയായിരുന്നു ഷൈബിന്റെ ലക്ഷ്യം

Scroll to Top