മകന്റെ പേര് ‘വായു’, ആദ്യത്തെ കുഞ്ഞിന് പേരിട്ട് സോനം കപൂർ

ബോളിവുഡ് താരം സോനം കപൂർ മകന്റ പേര് വെളിപ്പെടുത്തി.  മകൻ ജനിച്ച് ഒരു മാസം പൂർത്തിയായപ്പോഴാണ് സോനം കപൂറും ഭർത്താവ് ആനന്ദ് അഹൂജയും പേരിടൽ ചടങ്ങ് നടത്തിയത്. മകന്റെ ആദ്യ ചിത്രവും താര ദമ്പതികൾ പുറത്തുവിട്ടു. കുങ്കുമ നിറത്തിലുള്ള വസ്ത്രമാണ് ചടങ്ങിന് സോനവും ആനന്ദ് അഹൂജയും കുഞ്ഞും തിരഞ്ഞെടുത്തിരിക്കുന്നത്.

വായു കപൂർ അഹൂജ എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. പേരിന്റെ അർത്ഥവും വിശദാംശങ്ങളുമെല്ലാം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ സോനം വ്യക്തമാക്കുന്നു. കഴിഞ്ഞ മാസം ഇരുപതിനാണ് സോനം കപൂർ ആൺകുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിന് ഒരു മാസം പൂർത്തിയായത് കുടുംബാംഗങ്ങൾക്കൊപ്പം ഗംഭീരമായാണ് സോനം ആഘോഷിച്ചത്.

2018 ലാണ് സോനം കപൂറും ഫാഷൻ ഡിസൈനറായ ആനന്ദ് അഹൂജയും വിവാഹിതരായത്. മാർച്ച് 21 നാണ് സോനം കപൂർ ഗർഭിണിയാണെന്ന വാർത്ത പങ്കുവെച്ചത്. ബോളിവുഡ് താരം അനിൽ കപൂറിന്റെ മകളാണ് സോനം കപൂർ.

സഞ്ജയ് ലീല ബൻസാലിയുടെ സാവരിയാ എന്ന ചിത്രത്തിലൂടെയാണ് സോനം കപൂർ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. റൺബീർ കപൂർ ആയിരുന്നു ചിത്രത്തിൽ നായകനായി എത്തിയത്. റൺബീറിന്റേയും ആദ്യ ബോളിവുഡ് ചിത്രമായിരുന്നു ഇത്.

അഭിനേത്രിയായി അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പ് അസിസ്റ്റന്റ് ഡയറക്ടായിരുന്നു സോനം കപൂർ. സഞ്ജയ് ലീല ബൻസാലിയുടെ ബ്ലാക്ക് എന്ന ചിത്രത്തിൽ അസിസ്റ്റന്റായി പ്രവർത്തിച്ചിരുന്നു.

Share this on...