പ്ലേ സ്കൂളിലെ വിദ്യാർഥിയുടെ പിതാവിനെ ഹണിട്രാപ്പിൽ പെടുത്തി ഭീഷണിപ്പെടുത്തി അധ്യാപികയും കൂട്ടാളികളും പണം തട്ടിയ കേസ് കൂടുതൽ ശ്രദ്ധ നേടുകയാണ്… തന്ത്രപരമായാണ് ബെംഗളൂരുവിലെ മഹാലക്ഷ്മി ലേഔട്ടിൽ കിന്റർഗാർട്ടൻ സ്കൂൾ നടത്തുന്ന ശ്രീദേവി എന്ന അധ്യാപിക യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയതെന്ന് പൊലീസ് പറഞ്ഞു. മൂന്നു മക്കൾക്കും ഭാര്യയ്ക്കുമൊപ്പം വെസ്റ്റേൺ ബെംഗളൂരുവിൽ താമസിക്കുന്ന ട്രേഡറായ രാകേഷ് വൈഷ്ണവിൽ നിന്നുമാണ് ശ്രീദേവി പണം തട്ടിയെടുത്തത്. സ്കൂൾ ചെലവുകൾക്കായി രാകേഷിൽനിന്ന് ശ്രീദേവി 2 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇത് തിരികെ ചോദിച്ചതോടെ ശ്രീദേവി രാകേഷിനെ ചാറ്റിംഗിലൂടെ വശത്താക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
രാകേഷ് തനിക്ക് പണം ആവശ്യമായ സമയത്ത് വീണ്ടും ശ്രീദേവിയോട് കടം വാങ്ങിയ 2 ലക്ഷം തരണമെന്ന് ആവശ്യപ്പെട്ടു. പക്ഷേ യുവതി ഇതോടെ രാകേഷിനോട് കൂടുതൽ അടുപ്പത്തോടെ ചാറ്റിംഗ് തുടങ്ങി. വീട്ടിലേക്ക് ക്ഷണിക്കുകയും ചുംബിക്കുകയും ചെയ്തു. വീണ്ടും 50000 രൂപ കൂടി ഇവർ രാകേഷിൽ നിന്നും വാങ്ങി. കുറച്ച് നാൾ കഴിഞ്ഞ് ശ്രീദേവി രാകേഷിനോട് 15 ലക്ഷം രൂപ ആവശ്യപ്പെട്ടു. എന്നാൽ യുവാവ് പണം നൽകിയില്ല. ശ്രീദേവിയോടുള്ള ബന്ധവും ഉപേക്ഷിച്ചു. ഇതോടെയാണ് അധ്യാപിക രാകേഷിനെ കുടുക്കാൻ പ്ലാനിട്ടത്. മാർച്ച് 21ന് യുവതി രാകേഷിൻറെ ഭാര്യയെ വിളിച്ച് കുട്ടികളെ ഇവിടെ പഠിപ്പിക്കാൻ പറ്റില്ലെന്നും, ടിസി വാങ്ങണമെന്നും ആവശ്യപ്പെട്ടു. ഇതനുസരിച്ച് സ്കൂളിലെത്തിയ രാകേഷിനെ ശ്രീദേവി താനുമായുള്ള ബന്ധം പുറത്ത് പറയുമെന്നും, ഭാര്യയും കുടുംബവും ഇക്കാര്യം അറിയേണ്ടെങ്കിൽ തനിക്ക് 1 കോടി രൂപ നൽകണമെന്നും ആവശ്യപ്പെട്ടു. ഇതോടെയാണ് രാകേഷ് താൻ ചതിക്കപ്പെട്ട വിവരം തിരിച്ചറിയുന്നത്.
ഇതിനിടെ ശ്രീദേവിയുടെ സഹായികളായി രണ്ട് പേരെത്തി. ഇവർ രാകേഷിനെ ഒരു കാറിൽ കയറ്റി രാജാജിനഗറിനടുത്തുള്ള മഹാലക്ഷ്മി ലേഔട്ടിലും ഗൊരഗുണ്ടെപാളയയിലും വച്ച് ബീഷണിപ്പെടുത്തി. ഒടുവിൽ 20 ലക്ഷം രൂപ നൽകാമെന്ന് രാകേഷ് സമ്മതിച്ചു. ആദ്യഗഡുവായി 1.9 ലക്ഷം രൂപ നൽകുകയും ചെയ്തു. മാർച്ച് 17 ന് ശ്രീദേവി വീണ്ടും രാകേഷിനെ വിളിച്ച് 15 ലക്ഷം രൂപ നൽകിയില്ലെങ്കിൽ സ്വകാര്യ വിഡിയോകളും ചാറ്റുകളും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെയാണ് രാകേഷ് സെൻട്രൽ ക്രൈംബ്രാഞ്ചിൽ പരാതി നൽകിയത്.