ഓട്ടോഗ്രാഫ് എന്ന പരമ്പരയിലൂടെ സുപരിചിതയായ നടിയാണ് ശ്രീക്കുട്ടി. വിവാഹ ശേഷം അഭിനയത്തിൽ നിന്നും വിട പറഞ്ഞ ശ്രീക്കുട്ടി മികച്ചൊരു കുടുംബിനിയെന്ന് തെളിയിച്ചു കഴിഞ്ഞു. ക്യാമറാമാനായ മനോജ് കുമാറാണ് ശ്രീക്കുട്ടിയെ വിവാഹം ചെയ്തത്. ഇപ്പോൾ മക്കൾക്കൊപ്പം സന്തുഷ്ടകരമായ ഒരു കുടുംബജീവിതമാണ് നയിക്കുന്നത്.
വിവാഹ ജീവിതം 11ാം വർഷത്തിലെത്തിയതിന്റെ സന്തോഷം പങ്കിട്ടെത്തിയിരിക്കുകയാണ് താരം. 11ാം വിവാഹവാർഷികമാണെന്നും താരം കുറിച്ചിരുന്നു. നിരവധി പേരാണ് ഇരുവർക്കും ആശംസ അറിയിച്ചിട്ടുള്ളത്. യൂട്യൂബ് ചാനലിലൂടെയായി വിശേഷങ്ങൾ പങ്കിടാറുള്ള നടി ഇടയ്ക്ക് ഭർത്താവിനെയും വീഡിയോയിൽ കാണിച്ചിരുന്നു. അദ്ദേഹത്തെ കാണാതിരുന്നപ്പോൾ മുതൽ നിങ്ങൾ ഡിവോഴ്സായോ എന്ന ചോദ്യം നേരിടേണ്ടി വന്നിരുന്നു. സീരിയലുകളുമായി ബന്ധപ്പെട്ട തിരക്കിലാണ് അദ്ദേഹം. അതാണ് വീഡിയോകളിൽ കാണാതിരുന്നത്. ഞങ്ങളിപ്പോഴും ഒന്നിച്ച് തന്നെയാണെന്നായിരുന്നു താരം പറഞ്ഞത്.
ഭർത്താവുമായി 12 വയസ് പ്രായവ്യത്യാസമുണ്ട്. 18ാമത്തെ വയസിലായിരുന്നു വിവാഹം. 18 ആവാൻ വേണ്ടി കാത്തിരുന്ന്, ഓടിപ്പോയി കല്യാണം കഴിച്ചതാണ്. അങ്ങനെയൊരു തീരുമാനമെടുത്തതിൽ പിന്നീടൊരിക്കലും കുറ്റബോധം തോന്നിയിട്ടില്ല. പൊതുവെ വളരെ സീരിയസായി നടക്കുന്ന ആളായിരുന്നു ഏട്ടൻ. എല്ലാവരോടും എന്തോ ദേഷ്യമുള്ളത് പോലെയാണ് പെരുമാറ്റം. അതൊന്ന് മാറ്റിയെടുക്കാനായി പ്രണയം അഭിനയിച്ച് തുടങ്ങിയതാണ്. തമാശയ്ക്ക് തുടങ്ങിയ പ്രണയം പിന്നെ അസ്ഥിക്ക് പിടിക്കുകയായിരുന്നുവെന്നും ശ്രീക്കുട്ടി പറഞ്ഞിരുന്നു.
എനിക്കൊരു സഹോദരിയാണുള്ളത്. അവളുടെ ഭാവിയെക്കുറിച്ച് പോലും ചിന്തിക്കാതെ ഞാൻ വിവാഹിതയായത് വീട്ടുകാരെ സങ്കടപ്പെടുത്തിയ കാര്യമായിരുന്നു. തുടക്കത്തിൽ ഞങ്ങളെ അംഗീകരിച്ചില്ലെങ്കിലും മകളുടെ വരവോടെ അതെല്ലാം മാറി. ഏറ്റവും മികച്ച ഒരാൾ തന്നെയാണ് എന്റെ ജീവിതത്തിലേക്ക് വന്നത്. ശരിയായ തീരുമാനമാണ് ഞാൻ എടുത്തതെന്നും അവർക്ക് മനസിലായിരുന്നു.
ശ്രീക്കുട്ടിയ്ക്ക് ഏറ്റവും കൂടുതൽ ആരാധകരെ നേടി കൊടുത്തത് ഓട്ടോഗ്രാഫ് എന്ന സീരിയലിലെ കഥാപാത്രമായിരുന്നു. ഫൈവ് ഫിംഗേഴ്സ് എന്ന ഗ്രൂപ്പിലെ ഒരാളായ മൃദുലയെ ആണ് ശ്രീക്കുട്ടി പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചത്. നടിയുടെ കരിയറിൽ ഗുരുവായൂരപ്പന്റെ ഭക്തയായ മഞ്ജുളയെ അവതരിപ്പിച്ചതോടെ ഒരു വഴിത്തിരിവായി.