ബോളിവുഡ് സൂപ്പർ താരങ്ങളുടെ മക്കളെല്ലാം പഠിക്കുന്ന ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂളിലാണ് നടൻ പൃഥ്വിരാജിന്റെ മകൾ അലംകൃതയും പഠിക്കുന്നത്. അടുത്തിടെ സ്‌കൂളിന്റെ വാർഷികാഘോഷത്തിന് പങ്കെടുക്കാൻ എത്തിയ പൃഥ്വിരാജിന്റെയും സുപ്രിയയുടെയും വീഡിയോ വൈറലായതോടെയാണ് ഇക്കാര്യം എല്ലാവരും അറിഞ്ഞത്. പൃഥ്വിരാജും കുടുംബവും മുംബയിലേക്ക് താമസം മാറിയതോടെ മകളെ അംബാനിയുടെ സ്‌കൂളിൽ ചേർക്കുകയായിരുന്നു. മുംബയിലെ ഏറ്റവും പോഷ് ഏരിയായ പാലി ഹില്ലിലാണ് ഇവരുടെ താമസം. ഇപ്പോഴിതാ മുംബയിലേക്ക് താമസം മാറിയതോടെ കൊച്ചുമകളായ അലംകൃതയെ മിസ് ചെയ്യുകയാണെന്ന് പറയുകയാണ് മല്ലിക സുകുമാരൻ. മുംബയിലേക്ക് പൃഥ്വിയും കുടുംബവും താമസം മാറിയതോടെ കൊച്ചുമകളെ ഫോൺ വിളി മാത്രമേ ഉള്ളൂവെന്നും കണ്ടിട്ട് കുറേ നാളായെന്നും മല്ലിക ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
അലംകൃതയെ അംബാനിയുടെ സ്‌കൂളിൽ ചേർത്തതോടെ ഞാൻ പിണക്കത്തിലാണെന്നും മല്ലിക ചിരിച്ചുകൊണ്ടു പറഞ്ഞു. ‘ഇവിടെ താമസിക്കുന്നത് വരെ അലംകൃത അച്ചമ്മയുമായി അടുത്തുനിൽക്കുകയായിരുന്നു. ഇപ്പോ ഒരു പരീക്ഷ എഴുതി അംബാനിയുടെ സ്‌കൂളിൽ അഡ്മിഷൻ കിട്ടി അങ്ങ് പോയി. ഇതോടെ ഞാൻ പിണങ്ങിയിരിക്കുകയാണ്. അവിടെ പഠിച്ചവരാണോ ഇവിടെ ലോകത്തുള്ള മഹാന്മാരെന്നൊക്കെ പറഞ്ഞ് ഞാൻ എന്റെ സങ്കടം പറയും. അല്ലാതെ കുറ്റപ്പെടുത്തുകയല്ല. പിള്ളേരെ കാണാൻ പറ്റാത്ത പ്രയാസം എനിക്കുണ്ട്.ആ സമയത്ത് ഞാൻ പറയും, ലോകത്തുള്ള എത്രയോ മിടുക്കന്മാരൊക്കെ മലയാളികളാണ്.
ഈ സ്‌പേസിൽ പോയവരൊക്കെ അംബാനിയുടെ സ്‌കൂളിൽ പഠിച്ചതാണോ? അതൊക്കെ ഇപ്പോ വന്നതല്ലേ എന്നൊക്കെ ഞാൻ പറയും. അപ്പോൾ പൃഥ്വി പറയും, ഇല്ല അമ്മേ, ഇപ്പോൾ കുറേ വർക്കുകളൊക്കെ ബോംബെയിൽ അല്ലേ, അതൊക്കെ കഴിയുമ്പോൾ ഞങ്ങൾ ഇങ്ങു വരും.പിന്നെ സുപ്രിയയ്ക്കും അവിടെ ഇഷ്ടമാണ്. പുള്ളിക്കാരിയും അവിടെ അല്ലേ ജീവിച്ചതൊക്കെ. അമ്മയുടെ അടുത്ത് കുഞ്ഞിനെ കൊടുത്ത് പോകുന്നത് ശരിയല്ലല്ലോ എന്ന് പറഞ്ഞാണ് കുഞ്ഞിനെ അവിടെ ചേർത്തത്. ചേർത്തത് ഇങ്ങനെ ഒരു സ്‌കൂളിലാണ്. പക്ഷേ, പ്രാർത്ഥനയും നക്ഷത്രയും ഇവിടെയുണ്ട്. അലംകൃതയെ ഫോണിൽകൂടെയുള്ള വിളിയേ ഉള്ളൂ. ‘ഹായ് അച്ചമ്മാ’, ആ കുഞ്ഞിനെ കണ്ടിട്ട് കുറച്ച് കാലമായി’- മല്ലിക സുകുമാരൻ പറഞ്ഞു.