മകളോട് അതെങ്ങനെ അവതരിപ്പിക്കണം എന്നറിയില്ലായിരുന്നു, മാരകരോഗം എന്ന് വിശ്വസിച്ചു പോന്ന കാര്യമായിരുന്നു, ആർത്തവ ബോധവത്കരണത്തെക്കുറിച്ച് താരപത്നി

പെൺകുട്ടികളുടെ അമ്മമാർക്ക് ചില ഉത്തരവാദിത്തങ്ങൾ ഉണ്ടാകും. അതേപ്പറ്റി പൂർണബോധ്യമുള്ളയാളാണ് സുപ്രിയ മേനോൻ . ഏക മകൾ അല്ലി എന്ന അലംകൃതയുടെ വളർച്ചയിൽ സുപ്രിയ വളരെ വലിയ പങ്കു വഹിക്കുന്നുണ്ട് താനും. വളർന്നു വരുന്ന അല്ലിക്ക് വായനയുടെ ലോകം പരിചയപ്പെടുത്തിയത് സുപ്രിയ മേനോൻ ആണ്

ഈ വർഷം അല്ലി മോൾക്ക് 10 വയസ് തികയും. തനിക്ക് ആദ്യമായി ആർത്തവം ഉണ്ടായപ്പോൾ ഏതോ മാരക രോഗമെന്നും, മരിച്ചു പോകുമെന്നും വരെ വിശ്വസിച്ചിരുന്നതായി സുപ്രിയ. എന്താണ് ആർത്തവമെന്നോ, അതുണ്ടാക്കുന്ന മാറ്റം എന്തെന്നോ അറിഞ്ഞിരുന്നില്ല. മകൾ അത്തരത്തിൽ സമപ്രായക്കാരിൽ നിന്നും കേൾക്കുന്ന പാതിവെന്ത അറിവുമായി വളരരുത് എന്ന് സുപ്രിയക്ക് നിർബന്ധമുണ്ട്. കൊച്ചു കുഞ്ഞുങ്ങളെ സംബന്ധിച്ച് ഈ വിഷയം കൈകാര്യം ചെയ്യുക എളുപ്പമല്ല താനും

ഇത് മകളോട് എങ്ങനെ പറയും എന്ന് ചിന്തിച്ചപ്പോഴാണ് പുസ്തകത്തിന്റെ രൂപത്തിൽ സുപ്രിയാ മേനോന് മുന്നിൽ വഴി തെളിഞ്ഞത്. ‘മെൻസ്ട്രുപീഡിയ കോമിക്’ എന്ന ഒരു പുസ്തകത്തിന്റെ പുറംചട്ടക്കൊപ്പമാണ് സുപ്രിയയുടെ പോസ്റ്റ്. വായന ഇഷ്‌ടപ്പെടുന്ന അല്ലിക്ക് സുപ്രിയ ഈ പുസ്തകം സമ്മാനിച്ചു

ആർത്തവം എന്തെന്ന് മകളോട് പറയാൻ പുസ്തകം ഏറെ സഹായകമായി. ആൺകുട്ടികൾക്കും സമാന വിഷയവുമായി ബന്ധപ്പെട്ടുള്ള ഒരു പുസ്തകമുണ്ടെന്നും, എന്നാലത് താൻ വായിച്ചിട്ടില്ല എന്നും സുപ്രിയ. ഈ വിഷയം കുട്ടികൾക്കിടയിലേക്ക് എത്തിക്കേണ്ടതിന്റെ ആവശ്യകതയും സുപ്രിയയുടെ പോസ്റ്റിൽ കാണാം. ഒൻപതു വയസുകാരികളെ ലക്ഷ്യമിട്ടു കൊണ്ടുള്ളതാണ് ഈ പുസ്തകം. നിരവധി സ്കൂളുകളിൽ ഈ പുസ്തകം ഇതിനോടകം വിതരണം ചെയ്തതായും കാണാം

Scroll to Top