ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്ത കേസിലെ അന്വേഷണം സിനിമ മേഖലയിലെ പ്രമുഖരിലേക്കും നീങ്ങുന്നു. 2 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായെത്തിയ ചെന്നൈ സ്വദേശിനി ക്രിസ്റ്റീന എന്ന തസ്ലീമ സുൽത്താന അടക്കമുള്ളവരാണ് പിടിയിലായത്. പിടിയിലാകുമ്പോൾ തസ്ലീമയ്ക്കൊപ്പം മകളുമുണ്ടായിരുന്നു. യുവതിക്കൊപ്പം മണ്ണഞ്ചേരി സ്വദേശിയായ ഫിറോസ് എന്നയാളെയും എക്സൈസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ മൂന്ന് മാസമായി ഇവരെ പിടിക്കാനുള്ള തന്ത്രം ഒരുക്കി കാത്തിരിക്കുകയായിരുന്നു എക്സൈസ്. ഒടുവിൽ ലഹരി ക്കടത്ത് സംഘത്തിൻറെ മുഖ്യ കണ്ണി തസ്ലീമ സുൽത്താനയേയും കൂട്ടാളിയേയും ഓമനപ്പുഴ തീരദേശ റോഡിൽ വെച്ചാണ് ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടുന്നത്.
ഫിറോസുമായി ചേർന്ന് വില്പന നടത്തുന്നതിനായിട്ടായിരുന്ന ഇവർ ലഹരി വസ്തുക്കളുമായി എറണാകുളത്ത് നിന്നും ആലപ്പുഴയിലേക്ക് എത്തിയത്. സമീപകാലത്ത് ആദ്യമായിട്ടാണ് എയർപോർട്ടിന് പുറത്ത് നിന്നും ഇത്രയധികം ലഹരി വസ്തുക്കൾ പിടികൂടുന്നത്. തായ്‌ലൻഡിൽ നിന്നാണ് ഇവർക്ക് ഹൈബ്രിഡ് കഞ്ചാവ് ലഭിച്ചതെന്നാണ് നിഗമനം. ലഹരിക്കേസിന് പുറമെ ക്രിസ്റ്റീന സെക്സ് റാക്കറ്റിലെ കണ്ണിയാണെന്ന തരത്തിലുള്ള വിവരങ്ങളും പുറത്ത് വരുന്നുണ്ട്. പെൺകുട്ടികളെ ലഹരി നൽകി മയക്കിയശേഷം പീഡിപ്പിച്ച കേസുകളിലടക്കം പ്രതിയുമാണ് ഇവർ. സാധരണ കഞ്ചാവിനേക്കാൾ 20 മടങ്ങ് ലഹരിയാണ് ഹൈബ്രിഡ് കഞ്ചാവിന്നുള്ളത്.
ഹൈഡ്രോഫോണിക് കൃഷിരീതിയിൽ തായ്‌ലാൻഡിൽ വികസിപ്പിച്ചെടുക്കുന്ന ഹൈബ്രിഡ് കഞ്ചാവ് എം ഡി എം എയെക്കാൾ അപകടകാരിയാണെന്നും കണക്കാക്കുന്നു. അറസ്റ്റിലായ തസ്ലീമയെ വിശദമായ ചോദ്യം ചെയ്തതതോടെയാണ് സിനിമ മേഖലയിലെ ബന്ധവും പുറത്ത് വന്നത്. തസ്ലിമ സുൽത്താനയ്ക്ക് സിനിമ മേഖലയിലെ ഉന്നതരുമായി ബന്ധമുണ്ടെന്നാണ് റിപ്പോർട്ട്…ഏതാനും സിനിമകളിലും തസ്ലീമ മുഖം കാണിച്ചിട്ടുണ്ട്. സിനിമ മേഖലയിലെ പ്രമുഖരുടെ നമ്പറുകളും വാട്സാപ്പ് ചാറ്റുകളും ഇവരുടെ ഫോണിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. കണ്ണൂർ സ്വദേശിയാണെങ്കിലും ചെന്നൈയും കൊച്ചിയും കേന്ദ്രീകരിച്ചാണ് തസ്ലീമ ,സുൽത്താന പ്രവർത്തനം.