തന്റെ അഭിനയ മികവു തെളിയിച്ച താരമാണ് രേവതി എന്ന ആശ കേളുണ്ണി. നടിയായും സംവിധായികയായും തന്റെ കഴിവ് തെളിയിച്ച താരം ഇതിനോടകം തന്നെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയിട്ടുണ്ട്. മുന്‍നിര നായകന്മാരുടെയെല്ലാം ഒപ്പം അഭിനയിച്ചിട്ടുള്ള രേവതിയുടെ ആദ്യകാല ചിത്രങ്ങള്‍ ഇപ്പോഴും പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. തമിഴ്, മലയാളം എന്നിവയ്ക്ക് പുറമേ തെലുങ്ക്, ഹിന്ദി ഭാഷകളിലും രേവതി അഭിനയിച്ചിട്ടുണ്ട്. കിലുക്കം, ദേവാസുരം, മയാമയൂരം, വരവേല്‍പ്പ്, അദ്വൈദം, നന്ദനം എന്നിവയാണ് രേവതിയുടെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട മലയാള സിനിമകള്‍.
താരത്തിന്റെ സ്വകാര്യ ജീവിതം എന്നും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. അതിലൊന്നാണ് തന്റെ മകളെ കുറിച്ചുള്ള രേവതിയുടെ വെളിപ്പെടുത്തല്‍. വിവാഹമോചന ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടാണ് രേവതിക്ക് കുഞ്ഞ് ജനിച്ചത്. ഈ കുഞ്ഞിന്റെ പിതാവ് ആരാണെന്ന് രേവതിയോട് ഒളിഞ്ഞും തെളിഞ്ഞും പലരും ചോദിച്ചു. എന്നാല്‍, സദാചാരവാദികള്‍ക്കെല്ലാം വളരെ കരുത്തോടെ മറുപടി നല്‍കിയിരുന്നു രേവതി. കഴിഞ്ഞ ദിവസമായിരുന്നു നടി രാധയുടെ മകളും അഭിനേത്രിയുമായ കാര്‍ത്തിക നായരുടെ വിവാഹം. ചടങ്ങില്‍ പങ്കെടുക്കാനായി തിരുവനന്തപുരത്തേയ്ക്ക് ഇന്ത്യന്‍ സിനിമയില്‍ എണ്‍പതുകളിലും തൊണ്ണൂറുകളിലും സജീവമായിരുന്ന താരങ്ങളെല്ലാം എത്തിയിരുന്നു.
നാളുകള്‍ക്ക് ശേഷം ഒത്തുകൂടിയ എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും താരസുന്ദരിമാരുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. അക്കൂട്ടത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് നടി രേവതിയുടെയും മകള്‍ മഹിയുടെ വീഡിയോയാണ്. വലിയ ആഡംബരങ്ങളൊന്നുമില്ലാതെ പതിവ് പോലെ ബോബ് ചെയ്ത മുടിയും സിംപിള്‍ സാരിയും ധരിച്ച് നിറ ചിരിയുമായാണ് രേവതി എത്തിയത്. ഒപ്പം രേവതിയുടെ കയ്യില്‍ തൂങ്ങി മകള്‍ മഹിയുമുണ്ടായിരുന്നു.
വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മകള്‍ക്കൊപ്പം ഒരു പൊതുപരിപാടിയില്‍ രേവതി പ്രത്യക്ഷപ്പെടുന്നത്. അമ്മയെപ്പോലെ തന്നെ സിംപിള്‍ ലുക്കിലാണ് മഹിയും എത്തിയത്. ചുവന്ന പട്ടുപാവടയും മുല്ലപ്പൂവും ചൂടി കേരള സ്‌റ്റൈലിലായിരുന്നു അമ്മയ്‌ക്കൊപ്പം മഹിയെത്തിയത്. സുഹാസിനി അടക്കമുള്ളവര്‍ക്കൊപ്പം നില്‍ക്കുന്ന മഹിയുടെ ചിത്രങ്ങളും കഴിഞ്ഞ ദിവസം വൈറലായിരുന്നു. രേവതിയുടെ എല്ലാമെല്ലാമാണ് മകള്‍ മഹി.
മഹി തന്റെ സ്വന്തം രക്തമാണെന്നും തനിക്ക് തന്നെ തിരിച്ച് തന്ന മുത്താണ് മകളെന്നുമാണ് മുമ്പൊരിക്കല്‍ മകളെ കുറിച്ച് സംസാരിച്ച് രേവതി പറഞ്ഞത്. ഐവിഎഫിലൂടെയാണ് രേവതിക്ക് മകള്‍ പിറന്നത്. ‘കുട്ടികളെ ദത്തെടുക്കാന്‍ ഒരുപാട് ശ്രമിച്ചിരുന്നു. എന്നാല്‍ നവജാത ശിശുക്കളെ നല്‍കാന്‍ ആരും തയ്യാറാകില്ലെന്ന് വൈകിയാണ് അറിഞ്ഞത്. അങ്ങനെ ഐവിഎഫ് ചികിത്സയെക്കുറിച്ച് ചിന്തിച്ചു. മകളുടെ ജനനത്തെക്കുറിച്ച് അവള്‍ വലുതായതിനുശേഷം പറയാമെന്ന് കരുതി. ഈ പ്രായത്തില്‍ കുഞ്ഞുണ്ടായാല്‍ കുട്ടി വലുതാകുമ്പോള്‍ പ്രയമായ അമ്മയെ അവള്‍ നോക്കുമോയെന്നും ഞാന്‍ സംശയിച്ചിരുന്നു. കുട്ടിയെ അധിക സമയം ടിവി കാണാന്‍ ഞാന്‍ അനുവദിക്കില്ല.’