തീഗോളമായി വിമാനം മാറും മുമ്പ് എമർജൻസി എക്‌സിറ്റിലൂടെ ചാടി രക്ഷപ്പെടുക. തികച്ചും അസാധ്യമെന്ന് കരുതാവുന്ന രക്ഷപ്പെടലായിരുന്നു വിശ്വാസ് കുമാർ രമേഷിന്റേത്. ബ്രിട്ടീഷ് പൗരത്വമുള്ള ഇന്ത്യൻ വംശജനായ വിശ്വാസ് കുമാർ രമേഷ് സഹോദരനായ അജയ്കുമാർ രമേഷി(45)നൊപ്പമാണ് ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ പറന്നത്.
ദുരന്തത്തിൽ ആരും രക്ഷപ്പെട്ടിട്ടില്ലെന്ന ഗുജറാത്ത് പൊലീസിന്റെ അറിയിപ്പിന് പിന്നാലെയാണ് ഒരാൾ ജീവനോടെയുണ്ടെന്ന വാർത്ത എത്തിയത്. വിമാനത്തിലെ എമർജൻസി എക്‌സിറ്റ് വഴി പുറത്തുചാടിയ വിശ്വാസ് കുമാർ ക്ഷാപ്രവർത്തകർക്കൊപ്പം നടന്നുനീങ്ങുന്ന വീഡിയോയും പുറത്തുവന്നു.
11 എ സീറ്റിലെ യാത്രക്കാരനായിരുന്നു. വെള്ള ടീ ഷർട്ടും കറുത്ത പാന്റ്‌സും ധരിച്ച ഇയാൾ ചെറിയ മുടന്തോടെയാണ് നടന്നുനീങ്ങുന്നത്. കാലിന് പരിക്കേറ്റിട്ടുണ്ടെന്നാണ് സൂചന. വസ്ത്രങ്ങളിൽ രക്തക്കറയും ചളിയും കാണാം. കുടുംബാംഗങ്ങളെ സന്ദർശിക്കാനായാണ് വിശ്വാസ് കുമാറും സഹോദരനും ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇന്ത്യയിലെത്തിയത്. മടക്കയാത്രയിലാണ് അപകടം.
ടേക്ക് ഓഫ് കഴിഞ്ഞ് 30 സെക്കൻഡിനുള്ളിലാണ് അപകടം സംഭവിച്ചതെന്നാണ് അഹമ്മദാബാദ് അസാർവയിലെ സിവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിശ്വാസ് കുമാർ പറഞ്ഞത്. ‘ടേക്ക് ഓഫ് കഴിഞ്ഞ് 30 സെക്കൻഡ് പിന്നിട്ടതോടെയാണ് വലിയ ശബ്ദത്തോടെ വിമാനം തകർന്നുവീണത്. എല്ലാം സംഭവിച്ചത് പെട്ടെന്നായിരുന്നു. ഞാൻ എഴുന്നേറ്റപ്പോൾ എനിക്ക് ചുറ്റും മൃതദേഹങ്ങളായിരുന്നു. ഞാൻ ശരിക്കും ഭയന്നുപോയി. തുടർന്ന് അവിടെനിന്ന് എഴുന്നേറ്റ് ഓടുകയായിരുന്നു. എന്റെ ചുറ്റും വിമാനത്തിന്റെ അവശിഷ്ടങ്ങളുണ്ടായിരുന്നു. തുടർന്ന് ഒരാൾ എന്നെ പിടിച്ച് ആംബുലൻസിൽ കയറ്റുകയും ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു”, വിശ്വാസ് കുമാർ പറഞ്ഞു.
ചികിത്സയിലുള്ള ഇദ്ദേഹത്തിന്റെ കൈവശം ബോർഡിങ് പാസുമുണ്ടായിരുന്നു. അതേസമയം, മറ്റൊരു ഭാഗത്തെ സീറ്റിലാണ് സഹോദരൻ യാത്രചെയ്തിരുന്നതെന്നും വിശ്വാസ്‌കുമാർ പറഞ്ഞു. സഹോദരനെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹത്തെ കണ്ടെത്താൻ സഹായിക്കണമെന്നും ചികിത്സയിൽ കഴിയുന്നതിനിടെ വിശ്വാസ്‌കുമാർ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ 20 വർഷമായി വിശ്വാസ് കുമാർ ലണ്ടനിലാണ്. ഭാര്യയും കുട്ടിയും ഇപ്പോൾ ലണ്ടനിലാണ് ഉളളത്.
സർദാർ വല്ലഭ്ഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് 242 പേരുമായി ലണ്ടനിലേക്കു പോകുകയായിരുന്ന എഐ171 ബോയിങ് 787 8 ഡ്രീംലൈനർ വിമാനമാണ് ടേക് ഓഫിനു തൊട്ടു പിന്നാലെ വിമാനത്താവളത്തിനു സമീപത്തെ ജനവാസ മേഖലയിൽ തകർന്നുവീണത്. ഉച്ചയ്ക്ക് 1.43 നായിരുന്നു അപകടം.
അഹമ്മദാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ 23-ാം നമ്പർ റൺവേയിൽ നിന്ന് എഐ 171 ബോയിംഗ് 787 ഡ്രീലൈംനർ വിമാനം ലണ്ടനിലേക്ക് പറന്നുയർന്നു. 625 അടി ഉയരത്തിലെത്തിയ വിമാനത്തിൽ നിന്ന് എയർ ട്രാഫിക് കേേൺ്രടാളിലേക്ക് അപായ സന്ദേശം ലഭിച്ചു. വിമാനവുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സിഗ്നൽ ലഭിച്ചില്ല. പിന്നാലെ തകർന്നു വീഴുകയായിരുന്നു. വിമാനത്താവളത്തിന് സമീപമുള്ള ബിജെ മെഡിക്കൽ കോളേജിന്റെ ഹോസ്റ്റൽ കെട്ടിടത്തിലേക്കാണ് വിമാനം തകർന്നു വീണത്.ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയടക്കം 242 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. 169 ഇന്ത്യക്കാർ, 53 ബ്രിട്ടീഷ് പൗരന്മാർ, 7 പേർ പോർച്ചുഗീസുകാർ, ഒരു കനേഡിയൻ പൗരനും ദുരന്തത്തിൽപ്പെട്ടു. ലണ്ടനിൽ നഴ്സായിരുന്ന തിരുവല്ല പുല്ലാട് സ്വദേശി രഞ്ജിത ഗോപകുമാറും മരിച്ചു.