തമിഴ്നാട് തിരുപ്പൂരിൽ കാറിനുള്ളിൽ യുവതി ആത്മഹത്യചെയ്ത സംഭവത്തിനുപിന്നിൽ സ്ത്രീധനപീഡനമെന്ന് റിപ്പോർട്ട്. ഇക്കാര്യം വ്യക്തമാക്കുന്ന ശബ്ദസന്ദേശം പുറത്തുവന്നു. തിരുപ്പൂരിലെ വസ്ത്രവ്യാപാരി അണ്ണാദുരയുടെ മകളായ റിതന്യ(27)യെ ആണ് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ വർഷം ഏപ്രിലിൽ ആണ് കവിൻ കുമാറുമായി റിതന്യയുടെ വിവാഹം കഴിഞ്ഞത്. കല്യാണവുമായി ബന്ധപ്പെട്ട് കവിന്റെ കുടുംബത്തിന് 300 പവൻ സ്വർണാഭരണങ്ങളും 70 ലക്ഷം രൂപ വിലമതിക്കുന്ന വോൾവോ കാറും സ്ത്രീധനമായി നൽകിയിരുന്നു. ഞായറാഴ്ച തിരുപ്പൂരിനടുത്തുള്ള ചെട്ടിപുത്തൂരിലാണ് സ്വന്തം കാറിനുള്ളിൽ റിതന്യയെ മരിച്ചനിലയിൽ കണ്ടെത്തിയത്.
മരിക്കുന്നതിന് തൊട്ടുമുമ്പ് റിതന്യ അച്ഛൻ അണ്ണദുരൈക്ക് വാട്സാപ്പിൽ ഏഴ് ശബ്ദസന്ദേശങ്ങൾ അയച്ചിരുന്നു. താനെടുത്ത തീരുമാനത്തിന് ക്ഷമ ചോദിക്കുന്നുവെന്നും ഭർത്തൃവീട്ടിലെ അതിക്രമങ്ങൾ ഇനി സഹിക്കാൻ കഴിയില്ലെന്നും സന്ദേശത്തിൽ പറയുന്നുണ്ട്. ‘ദിവസവുമുള്ള മാനസിക പീഡനങ്ങൾ സഹിക്കാൻ കഴിയുന്നില്ല. ആരോടാണ് പറയേണ്ടതെന്ന് അറിയില്ല. കേൾക്കുന്നവരൊക്കെ ജീവിതം ഇങ്ങനെയാണ് എന്ന് പറഞ്ഞ് എന്നെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നു. ആരും എന്നെ മനസിലാക്കുന്നില്ല’, ശബ്ദസന്ദേശത്തിൽ റിതന്യ പറഞ്ഞു.
മാതാപിതാക്കൾ തന്നെ സംശയിക്കാൻ സാധ്യതയുണ്ടെന്നും എന്നാൽ, താൻ കള്ളം പറയുകയല്ലെന്നും റിതന്യ സന്ദേശത്തിൽ പറയുന്നുണ്ട്. ഇനിയും അച്ഛന് ഭാരമാവാൻ വയ്യ. ഭർത്തൃവീട്ടുകാർ മാനസികമായി ഉപദ്രവിക്കുമ്പോൾ കവിൻ ശാരീരികമായി ഉപദ്രവിക്കുകയാണ്. ഈ ജീവിതം മടുത്തു, റിതന്യ സന്ദേശത്തിൽ പറയുന്നു.
ഞായറാഴ്ച അമ്പലത്തിലേക്ക് പോകാനെന്നു പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ റിതന്യയെ പിന്നീട് കാറിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. റോഡിന് സമീപം ഒരു കാർ കുറേ നേരം നിർത്തിയിട്ടത് കണ്ടതിനെ തുടർന്ന് സംശയം തോന്നിയ നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ റിതന്യയെ കീടനാശിനി കഴിച്ചനിലയിൽ കാറിനുള്ളിൽ കണ്ടെത്തുകയായിരുന്നു.റിതന്യയുടെ ശരീരം പോസ്റ്റ് മോർട്ടത്തിനായി ജില്ല ഗവൺമെന്റ് ഹോസ്പിറ്റലിലേക്ക് മാറ്റി. ഭർത്താവ് കവിൻ കുമാർ, ഭർത്തൃപിതാവ് ഈശ്വരമൂർത്തി, അമ്മ ചിത്രദേവി എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.