യെമൻ പൗരൻ തലാൽ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസിൽ നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കാനുള്ള പബ്ലിക് പ്രോസിക്യൂട്ടറുടെ ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കാനുള്ള ഒരേയൊരു മാർഗം തലാലിൻറെ കുടുംബത്തിൻറെ മാപ്പ് മാത്രമെന്നതാണ് നിലവിലെ സ്ഥിതി. അതിനും ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം. ജൂലൈ 16 ലേക്ക് ഒരാഴ്ചയുടെ മാത്രം അകലം. യെമനിൽ മലയാളി യുവതി നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ പബ്ലിക് പ്രോസിക്യൂട്ടർ ഒപ്പുവച്ചെന്ന വാർത്ത മനുഷ്യ സ്നേഹികളായ മുഴുവൻ പേരുടെയും മനസ്സിനെ മരവിപ്പിക്കുന്നുണ്ട്. നിമിഷയുടെ അഭിഭാഷകൻ അറിയിച്ചതിനു ബാക്കിയായി ഒരു തുടർ വാർത്ത കേൾക്കരുതേ എന്ന പ്രാർഥനയിലാണ് ഏവരും.
അതുവരെ ക്രൂരമായ കൊലപാതകം നടത്തി പിടിക്കപ്പെട്ടു ജയിലിലായ നിമിഷപ്രിയയെ കുറിച്ചായിരുന്നു വാർത്തകൾ ഏറെയും. എന്തുകൊണ്ടു താൻ കൊലപാതകിയായി എന്നു നിമിഷ തന്നെ വിശദീകരിക്കുന്നതായിരുന്നു പിന്നീട് പുറത്തുവന്ന മാധ്യമ റിപ്പോർട്ട്. ഒരു യുവതി എന്ന നിലയിൽ അനുഭവിക്കാവുന്ന എല്ലാ ക്രൂരതകളും സുഹൃത്തായി സഹായിക്കാൻ എന്ന പേരിൽ എത്തിയ തലാൽ അബ്ദുമഹ്ദി എന്ന യംമൻ പൗരനിൽ നിന്നുണ്ടാകുക. അതിൽ നിന്നു രക്ഷ പെടാൻ നടത്തിയ ശ്രമങ്ങളെല്ലാം വിഫലമാകുക. അയാളെ മയക്കി കിടത്തി രക്ഷപെടാനുള്ള ശ്രമത്തിനിടെ മരിച്ചെന്നു സംശയിച്ചു കൊലപ്പെടുത്തേണ്ടി വരിക, ഒടുവിൽ നുറുക്കി കഷണങ്ങളാക്കി ഒളിപ്പിച്ചു രക്ഷപെടാൻ നടത്തിയ ശ്രമം വിഫലമാകുക – എല്ലാം അവർ വിശദീകരിച്ചു. ഇതിനെല്ലാം സഹായം ചെയ്ത സഹപ്രവർത്തയാകട്ടെ നിമിഷയ്ക്കൊപ്പം ജയിൽ ശിക്ഷയിലുമായി.
കുറ്റപ്പെടുത്തിയിരുന്നവർ പലരും നിമിഷ അനുഭവിക്കേണ്ടി വന്ന ദുരിതം വായിച്ചു തലയിൽ കൈ വച്ചുപോയി. ഇതിനിടെ എറണാകുളത്ത് ഒരു വീട്ടിൽ ജോലി ചെയ്തു ജീവിച്ചിരുന്ന നിമിഷയുടെ അമ്മയുടെയും ഭർത്താവിന്റെയും അഭിമുഖങ്ങളും വിവിധ മാധ്യമങ്ങൾ ഉൾപ്പെടെ പ്രസിദ്ധീകരിച്ചു. നേരത്തേയും നിമിഷപ്രിയ കേസിൽ വാർത്തകൾ വന്നിട്ടുണ്ടെങ്കിലും യഥാർഥ സംഭവം പ്രതിയിൽ നിന്നു തന്നെ കേട്ടറിഞ്ഞുള്ള റിപ്പോർട്ട് ആദ്യമായാണു പുറത്തു വരുന്നത്. അതുകൊണ്ടു തന്നെയാവണം സംഭവം ഏറെ ശ്രദ്ധിക്കപ്പെടുകയും കൂടുതൽ മാധ്യമങ്ങൾ വിഷയം ഏറ്റെടുക്കുകയും ചെയ്തത്. നിമിഷയെ രക്ഷിച്ചു നാട്ടിൽ കൊണ്ടു വരുന്നതിനുള്ള ആക്ഷൻ കൗൺസിൽ രൂപീകരിക്കപ്പെട്ടു.
യുകെ പ്രവാസികളായ ജയൻ എടപ്പാളും ആഷിക്ക് മുഹമ്മദ് നാസറും അഭിഭാഷക ദീപയും മൂസമാഷും കുഞ്ഞഹമ്മദ് കൂരാച്ചുണ്ടുമെല്ലാം അഡ്മിൻമാരായി വാട്സാപ്ഗ്രൂപ്പ് ആരംഭിച്ചു. പരമാവധി മാധ്യമപ്രവർത്തകരെയും പങ്കാളികളാക്കി. കോവിഡ് കാലമായിരുന്നതിനാൽ ഇടയ്ക്കിടെ ഓൺലൈൻ മീറ്റിങ് നടത്തി പദ്ധതികൾ തയാറാക്കുന്നതും പതിവായി. പ്രവാസികൾ പലരും സഹായ ഹസ്തവുമായി മുന്നോട്ടു വന്നു. കേന്ദ്ര തലത്തിൽ നിന്നുള്ള ഇടപെടൽ മുതൽ ഉണ്ടായെങ്കിലും എവിടെയൊക്കെയോ എന്തൊക്കെയോ പാകപ്പിഴകൾ നിഴലിക്കുന്നുണ്ടായിരുന്നു. സഹായം വാങ്ങിത്തരാമെന്നു വാഗ്ദാനം നൽകി ചിലർ പണം തട്ടിയതാകാമെന്ന സംശയം വരെ ഇതിനകം ഉയർന്നെങ്കിലും ഔദ്യോഗിക വിശദീകരണങ്ങളൊന്നും പുറത്തു വന്നിട്ടില്ല.’
യെമൻ സനയിലെ ജയിലിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു മരണം കാത്തു കഴിയുന്ന പാലക്കാട് കൊല്ലങ്കോടു സ്വദേശിനി നിമിഷപ്രിയയുടെ വാട്സാപ് ഡിപിയിൽ ഒരു ഉദയ സൂര്യന്റെ ചിത്രമാണ്. ജീവിതത്തിൽ ഇനിയും ഒരു പ്രഭാതം ഉദിച്ചുയരുമെന്ന പ്രതീക്ഷ നിറഞ്ഞ ചിത്രം. എപ്പോൾ വേണമെങ്കിലും പട്ടാളക്കാർ വന്ന് മരണത്തിലേയ്ക്ക് വിളിച്ചു കൊണ്ടു പോകാം, മനസ്സിൽ നിറയെ ഭീതിയുണ്ടെങ്കിലും എവിടെ നിന്നെങ്കിലും തനിക്കായി ഒരു ശുഭവാർത്ത എത്തുമെന്ന പ്രതീക്ഷയിലാണ് നിമിഷ…