മലയാള സിനിമയ്ക്ക് അകാലത്തില്‍ നഷ്ടപ്പെട്ട കലാകാരിയും അഭിനേത്രിയുമാണ് മോനിഷ. കുറച്ചു കാലമേ സിനിമയില്‍ തിളങ്ങിയിട്ടുവെങ്കിലും മികച്ച കഥാപാത്രങ്ങള്‍ ആ കാലയളവില്‍ താരം വെള്ളിത്തിരയ്ക്ക് സമ്മാനിച്ചിരുന്നു. നഖക്ഷതങ്ങള്‍ എന്ന ആദ്യ ചിത്രത്തിലൂടെ ദേശീയ അവാർഡ് നേടിയ മലയാളത്തിലെ ശ്രദ്ധേയമായ താരങ്ങളില്‍ ഒരാളായിരുന്നു മോനിഷ. പതിനാറാം വയസില്‍ ആയിരുന്നു ദേശീയ അവാർഡ് താരം സ്വന്തമാക്കിയത്. കേവലം ആറ് വർഷം നീണ്ടുനിന്ന കരിയറില്‍ എംടി വാസുദേവൻ നായർ, ഹരിഹരൻ, പ്രിയദർശൻ, സിബി മലയില്‍, അജയൻ, കമല്‍ എന്നിങ്ങനെ വലിയ പ്രതിഭകള്‍ക്ക് ഒപ്പം പ്രവർത്തിച്ച നടിയായിരുന്നു മോനിഷ. മോനിഷയുടെ അമ്മ ശ്രീദേവി ഉണ്ണിയും സിനിമാപ്രേക്ഷകര്‍ക്ക് ഏറെ പരിചിതയായ അഭിനേത്രിയാണ്.
ഇപ്പോഴിതാ മോനിഷയ്ക്ക് ദേശീയ അവാർഡ് കിട്ടിയ സമയത്ത് മലയാളത്തിലെ ഒരു പ്രമുഖ നടിയുടെ കമന്റ് വേദനിപ്പിച്ചുവെന്ന് പറയുകയാണ് അമ്മയും നടിയുമായ ശ്രീദേവി ഉണ്ണി. മോനിഷ ഈ അവാർഡിന് അർഹയല്ലെന്ന് ഒരു സീനിയർ നടി പറഞ്ഞുവെന്നാണ് ശ്രീദേവി ഉണ്ണി വെളിപ്പെടുത്തുന്നത്.
‘‘നാഷണല്‍ അവാർഡ് കിട്ടിയപ്പോള്‍ ആരോ എന്തോ കമന്റ് ചെയ്‌തു. മോനിഷയ്ക്ക് നാഷണല്‍ അവാർഡോ, എന്ന് പറഞ്ഞു. ഞാൻ പേര് പറയുന്നില്ല. വളരെ സീനിയർ ആയിട്ടുള്ള അഭിനേത്രി ആയിരുന്നു. മലയാളം പത്രത്തിലാണ് ഈ അഭിപ്രായം വന്നത്. മോനിഷ ആരാണ്, മോനിഷയ്ക്ക് എന്താണ് ഇതിന് മാത്രം നാഷണല്‍അവാർഡ് കിട്ടാൻ.
അവർക്ക് കിട്ടിയിട്ടില്ല അത്. വളരെ മുൻപ് ഉള്ള അഭിനേത്രിയാണ്. ഇപ്പോഴും അവരുണ്ട്. അതെനിക്കും മകനൊക്കെ ഇപ്പോഴും മനസില്‍ വലിയ വേദനയാണ്, അവരുടെ ആ കമന്റ്. അപ്പോള്‍ അത് കഴിഞ്ഞപ്പോള്‍ മോള് ചിരിക്കുകയാണ്. ഞാൻ ചോദിച്ചു എന്താണ് നീ ചിരിക്കുന്നതെന്ന്. അതൊക്കെ വിധിയാണ് അമ്മ. അത് നിങ്ങള്‍ക്ക് ഉള്ളതാണെങ്കില്‍ നിങ്ങള്‍ക്ക് തന്നെ കിട്ടും, അത്രേയുള്ളൂ. നമുക്ക് അർഹിക്കുന്നത് നമുക്ക് കിട്ടും.
എവിടുന്നാണ് ഇതൊക്കെ വരുന്നത് എന്ന് എനിക്കറിയില്ല. കൂടുതലും അവള്‍ ഇംഗ്ലീഷില്‍ ആയിരുന്നു പറയാറുള്ളത്. ലൈഫ് ഈ വണ്‍സ് എന്നൊക്കെ പെട്ടെന്ന് പറയും. എന്നോട് പോവുന്നതിന്റെ തലേന്ന് പറഞ്ഞിട്ടുള്ളതാണ് അത്, ലൈഫ് ഈസ് വണ്‍സ് എന്ന്. യു ഈറ്റ്, യൂ ഡ്രിങ്ക്, യൂ എൻജോയ് യുവർ ലൈഫ്. ആരെയും അറിഞ്ഞുകൊണ്ട് ഉപദ്രവിക്കരുത്.
അറിയാതെ പോലും ഉപദ്രവിച്ചുപോയാല്‍ അത് മറന്നേക്കൂ. അല്ലെങ്കില്‍ കുറ്റബോധം കൊണ്ട് നമുക്ക് പിന്നെയും ജീവിക്കാൻ കഴിയില്ല. അപ്പൊ ഞാൻ ചോദിച്ചു, ശിവനാണോ ഈ പറഞ്ഞു തരുന്നതെന്ന്. ഇതാണോ ജീവിതത്തിന്റെ ഫിലോസഫി എന്നൊക്കെ പറഞ്ഞു ഞാൻ കളിയാക്കി. യൂ ഡോണ്ട് നോ ഹൂ ഐ ആം, ഐ ആം മോനിഷ എന്നായിരുന്നു അപ്പോഴത്തെ മറുപടി…’’ ശ്രീദേവി ഉണ്ണി പറഞ്ഞു.
1992ല്‍ ഡിസംബറില്‍ നടന്ന ഒരു വാഹനാപകടത്തില്‍ പരിക്കേറ്റാണ് മോനിഷ മരണമടഞ്ഞത്. ചേർത്തലയില്‍ വച്ച് നടന്ന അപകടത്തില്‍ മോനിഷ തല്‍ക്ഷണം മരിച്ചിരുന്നു. ഒപ്പമുണ്ടായിരുന്ന അമ്മ ശ്രീദേവി ഉണ്ണി കാറില്‍ നിന്ന് തെറിച്ചു വീണതോടെയാണ് രക്ഷപ്പെട്ടത്. മോനിഷയ്ക്ക് ഒപ്പം വാഹനത്തിന്റെ ഡ്രൈവറും അപകടത്തില്‍ കൊല്ലപ്പെട്ടു.