കൊല്ലം സുധി മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരം ആയിരുന്നു. താരം വിടപറഞ്ഞിട്ട് ഒരു വർഷം പൂർത്തിയായി. ജീവിത പ്രതിസന്ധികളെ മുഴുവൻ തരണം ചെയ്താണ് സുധി എന്ന അതുല്യ കലാകാരൻ ജീവിതം കരപിടിപിടിപ്പിക്കാൻ ഓടിക്കൊണ്ടിരുന്നത്. കൈക്കുഞ്ഞായിരുന്ന മകനെ ഉപേക്ഷിച്ചു ആദ്യ ഭാര്യ പോയപ്പോൾ തളരാതെ സുധി പിടിച്ചു നിന്നത് ആ മകന് വേണ്ടി ആയിരുന്നു. കിച്ചു എന്ന് വിളിക്കുന്ന രാഹുൽ ആയിരുന്നു സുധിയുടെ ജീവിതം എന്ന് തന്നെ പറയാം.
സ്വന്തമായൊരു വീട് എന്ന് ആഗ്രഹം ബാക്കിയാക്കിയാണ് സുധി വിടപറഞ്ഞത്. താരത്തിന്റെ വിയോഗത്തിന് പിന്നാലെ ഭാര്യയ്ക്കും മക്കൾക്കും കഴിയാൻ വീട് വെച്ച് നൽകുമെന്ന് വ്യക്തമാക്കി കേരള ഹോം ഡിസൈൻസ് എന്ന ഫെയ്‌സ് ബുക്ക് കൂട്ടായ്മയിലെ അംഗങ്ങൾ രംഗത്തെത്തിയിരുന്നു. ഇതേ കുറിച്ചുള്ള വിശേഷങ്ങളെല്ലാം പ്രേക്ഷകർ തിരക്കാറുമുണ്ടായിരുന്നു.
ഇപ്പോഴിതാ പുതിയ വീടിന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് രേണു. തന്നെ സംബന്ധിച്ച് സ്വപ്നം പോലും കാണാൻ പറ്റാത്ത വീടാണ് ഒരുങ്ങുന്നതെന്ന് രേണു പറഞ്ഞു. വീട് പണി നന്നായിട്ട് പോകുന്നു. കെഎച്ച്ഡിസിയാണ് വീട് പണി ചെയ്യുന്നത്. ഫിറോസിക്കയെന്നയാളാണ്, അദ്ദേഹമാണ് ചെയ്ത് തരുന്നത്. വീട് കണ്ടപ്പോൾ ശരിക്കും ഞാൻ ഞെട്ടിപ്പോയി. ഇത്രയും വലിയ വീടാണോ നമ്മുക്ക് കിട്ടാൻ പോകുന്നതെന്ന് കണ്ട് ശരിക്കും ഞെട്ടി.
നമ്മുടെ മനസിൽ ഒരു വീടുണ്ടല്ലോ, അതിലും വലിയ വീടാണ് പണിയുന്നത്. എന്നെ സംബന്ധിച്ച് സ്വപ്നം കാണാൻ പറ്റാത്ത വീടാണ് അവര് തരുന്നത്. വീടിന് വേണ്ടി ചെയ്തവരോടൊക്കെ നന്ദി മാത്രമേ ഉള്ളൂ. വേഗം തന്നെ വീട് പൂർത്തിയാക്കി തരുമെന്നാണ് ഫിറോസിക്ക നൽകിയ ഉറപ്പ് എന്നും രേണു പറയുന്നു.