വിദേശ രാജ്യങ്ങളിൽ നടക്കുന്ന മാലിന്യ സംസ്കരണത്തെ കുറിച്ച് പഠിക്കാൻ എന്ന വ്യാജ്യേന നാട്ടു രാജാക്കന്മാർ നടത്താൻ ഉദ്ദേശിക്കുന്ന അടുത്ത വിദേശപര്യടനത്തിന് കയ്യടിക്കാം. വെറുപ്പ് തോന്നുന്നു, അങ്ങേറ്റം അറപ്പ് തോന്നുന്നു ഈ വൃത്തികെട്ട വ്യവസ്ഥിതിയോടെന്ന് മാധ്യമ പ്രവർത്തക അഞ്ജു പാർവതി പ്രഭീഷ്. ശുചീകരണ തൊഴിലാളി ജോയിയുടെ മരണത്തിന് പിന്നാലെ പങ്കിട്ട കുറിപ്പിലാണ് അഞ്ജുവിന്റെ പ്രസ്ഥാവന.
കുറിപ്പിങ്ങനെ
വരൂ, നമുക്ക് ചെളിയിൽ പുതഞ്ഞുപ്പോയ ഈ പാവത്തിന്റെ നെഞ്ചിൽ ചവിട്ടി നിന്ന് ഉറക്കെ പറയാം നമ്പർ 1 കേരളം എന്ന് !! എന്നിട്ട് മാലിന്യ നിർമ്മാർജ്ജനത്തിൽ, മാലിന്യ സംസ്കരണത്തിൽ ഇന്നേ നിമിഷം വരെ അനങ്ങാപ്പാറ നയം സ്വീകരിച്ച അധികാരകേന്ദ്രങ്ങളുടെ പരസ്പരം വിഴുപ്പലക്കലുകൾ കേൾക്കാം. ഉപ്പിടാം മൂട് പാലത്തിനു കീഴേ കണ്ടെടുത്ത ആ ശരീരം വച്ച് പോലും ആദ്യം ഞാൻ കണ്ടു നീ കണ്ടു എന്ന പകുതെടുപ്പ് നടത്തുന്ന രാഷ്ട്രീയ വൾച്ചറിസമാണ് നമ്പർ 1 കേരളം എന്ന് നോക്കി നിൽക്കാം വരൂ, നമുക്ക് നമ്പർ 1 കേരളത്തിലെ തലസ്ഥാന നഗരിയുടെ അലങ്കാരമായ മാലിന്യവാഹിനിയിൽ ആണ്ടുപ്പോയ ഈ മനുഷ്യന്റെ മേലെ കയറി നിന്ന് ഉറക്കെ പറയാം വികസിത കേരളം എന്ന്!!
എന്നിട്ട് ആമ പോലും ഇഴയാൻ മടിക്കുന്ന ആ മാലിന്യകൂമ്പയെ, ആ രോഗാണുവാഹിനിയെ കണ്ടില്ലെന്ന് നടിച്ച്, അതിന്റെ ഓരങ്ങളിൽ കഴിയേണ്ടി വരുന്ന ജീവിതങ്ങളെ കണ്ടില്ലെന്ന് നടിച്ച്, അങ്ങകലെ കണ്ണും നട്ട് അവിടുത്തെ കുറ്റവും കുറവും വിളിച്ചുപ്പറഞ്ഞു ആത്മരതി അടയുന്ന രാഷ്ട്രീയ കോമാളികൾക്ക് ജയ് വിളിക്കാം വരൂ, കേവലം 1500 രൂപയ്ക്ക് വേണ്ടി ആ നാറി പുഴുത്ത അഴുക്ക് ചാലിൽ ഹോമിക്കേണ്ടി വന്ന ഈ മനുഷ്യജീവനെ കണ്ടില്ലെന്ന് നടിച്ചുക്കൊണ്ട് നമുക്ക് സെലിബ്രിറ്റികൾ നയിക്കുന്ന ഷേവ് ഡോഗ് ഷോകളിലേയ്ക്ക് ഇനിയും ശ്രദ്ധ തിരിക്കാം
എന്നിട്ട് 1500 വിഭവങ്ങൾ നിരത്തി വച്ച പൗരസദസ്സും അവിടെ വിളമ്പിയ കശു വണ്ടിപ്പായസവും കണ്ട് കേരളത്തിലെ പ്രശ്നങ്ങൾക്ക് എല്ലാം പരിഹാരം ആയേ, പട്ടിണിപ്പാവങ്ങളെ മുന്നോട്ട് നയിക്കാൻ വലിയ കപ്പിത്താൻ ഉണ്ടേ എന്ന് ഉൾപ്പുളകം കൊണ്ട് മെഗാതിരുവാതിര നടത്താം
വരൂ, നമുക്ക് ഈ മനുഷ്യന്റെ നിശ്ചലദേഹത്തെ ചാരി കോട്ടും സൂട്ടും അണിഞ്ഞ ചാനൽ ജഡ്ജിമാരുടെ അന്തിചർച്ചയും, മിനിറ്റ്- മിനിറ്റ് ഇടവേളയിട്ട് ആ മനുഷ്യന്റെ അമ്മയുടെ കണ്ണുനീരും നിസ്സഹായതയും വിറ്റ് റേറ്റിങ് കൂട്ടുന്ന മാധ്യമനെറികേട് കേൾക്കാം, വായിക്കാം. എന്നിട്ട് പുറത്ത് ആർത്തിരമ്പിപ്പെയ്യുന്ന മഴയിൽ തോടും കൈതോടും നിറഞ്ഞു ഒഴുകി മലിനജലം മുറിക്കുള്ളിൽ എത്തുമ്പോൾ എഴുനേറ്റ് നിന്ന് ഡച്ച് സാങ്കേതികവിദ്യ റൂമിൽ എത്തിയെന്ന് ആർത്തുവിളിച്ച് സിന്ദാവാ വിളിക്കാം
വരൂ, നമുക്ക് ഈ പാവം മനുഷ്യന്റെ ആരും ആഗ്രഹിക്കാത്ത തരം പെടുമരണത്തെ മറച്ചുവച്ച്, അതിന് കാരണമായ അധികാരകേന്ദ്രങ്ങളുടെ അനാസ്ഥയെ പഴിക്കാതെ, തിരുവിതാംകൂർ രാജകുടുംബം തുമ്മിയോ എന്ന് നോക്കി ഇരിക്കാം. എന്നിട്ട് ബാഴ്സിലോണ ആവാൻ തുടങ്ങുന്ന നഗരത്തിന്റെ തലയിലും കാലിന്റെ ചുവട്ടിലും ആണ്ട് കിടക്കുന്ന നാറുന്ന മാലിന്യക്കുന്നിനെ പാടെ കണ്ടില്ലെന്ന് നടിച്ച് കൊണ്ട് നമ്പർ വൺ കേരളത്തിന്റെ തലസ്ഥാന നഗരിയിലെ വരാൻ പോകുന്ന ഓണാഘോഷ ദീപക്കാഴ്ചകളെ കുറിച്ച് ഓർത്ത് പുളകം കൊള്ളാം
വരൂ, ഇനി നമുക്ക് ഈ പാവം മനുഷ്യന്റെ ഗതികേടിന്റെ, അരികുവൽക്കരിക്കപ്പെട്ട ജീവിതത്തിന്റെ മുകളിൽ കയറി നിന്ന്, പ്രബുദ്ധ മലയാളി എന്ന ലേബൽ എടുത്ത് നെറ്റിയിൽ ഒട്ടിച്ചു രോമാഞ്ചം അടയാം!!എന്നിട്ട് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു വച്ചിരിക്കുന്ന മാലിന്യം എടുത്ത് അടുത്തുള്ള തോട്ടിലേയ്ക്ക് വലിച്ചെറിഞ്ഞുക്കൊണ്ട് ശുചിത്വ കേരളം എന്റെ കേരളം എന്നതിനെ കുറിച്ച് ഘോരഘോരം പ്രസംഗിക്കാം!! വരൂ, ഒടുക്കം പതിവ് പോലെ അധികാരകേന്ദ്രങ്ങൾ നടത്തുന്ന പാഴ് അനുശോചന വചനങ്ങൾ ശ്രവിച്ചുക്കൊണ്ട് ഈ പാവം മനുഷ്യൻ അന്തിയുറങ്ങിയിരുന്ന ഒറ്റ മുറി കൂരയ്ക്ക് മുന്നിൽ നിന്നും കൗൺസിലർ മുതൽ മേലേയ്ക്ക് ഉള്ള രാഷ്ട്രീയകോമരങ്ങൾ ആടിത്തിമിർക്കുന്ന ഡോഗ് ഷോ കാണാം
എന്നിട്ട് ചെളിയിൽ പുതഞ്ഞു ജീവൻ വെടിഞ്ഞ നിമിഷം വരേയ്ക്കും ആരും ശ്രദ്ധിക്കാതെ പോയ, കാണാതെ പോയ വഴിയില്ലാത്ത ഒറ്റ മുറി വീടും ആ ഗതികിട്ടാതെ അലഞ്ഞ ജീവിതത്തെയും കണ്ടില്ലെന്ന് നടിക്കാം. ശേഷം വിദേശ രാജ്യങ്ങളിൽ നടക്കുന്ന മാലിന്യ സംസ്കരണത്തെ കുറിച്ച് പഠിക്കാൻ എന്ന വ്യാജ്യന നാട്ടു രാജാക്കന്മാർ നടത്താൻ ഉദ്ദേശിക്കുന്ന അടുത്ത വിദേശപര്യടനത്തിന് കയ്യടിക്കാം വെറുപ്പ് തോന്നുന്നു, അങ്ങേറ്റം അറപ്പ് തോന്നുന്നു ഈ വൃത്തികെട്ട വ്യവസ്ഥിതിയോട് .