മമ്മൂക്ക നോക്കുമ്പോൾ എന്റെ ഹൃദയമിടിപ്പ് കൂടും, അദ്ദേഹത്തിന്റെ കണ്ണുകൾക്ക് വലിയ ശക്തിയുണ്ട്, മമ്മൂക്കയുടെ ചു​റ്റും എപ്പോഴും നാലഞ്ച് പേർ ഉണ്ടായിരിക്കും, മെ​ഗാസ്റ്റാറിനൊപ്പം അഭിനയിച്ച അനുഭവം പങ്കിട്ട് ലക്ഷ്മി ​ഗോപാലസ്വാമി

മലയാളികളുടെ പ്രിയ നായികമാരിൽ ഒരാളാണ് ലക്ഷ്‌മി ഗോപാലസ്വാമി. അഭിനേത്രി എന്നതിലുപരി ഒരു നല്ല നർത്തകി കൂടിയായ അവർ മലയാളി അല്ലെങ്കിൽ കൂടി മലയാള സിനിമയിലായിരുന്നു ഏറ്റവും കൂടുതൽ സജീവമായി അഭിനയിച്ചത്. ഇപ്പോഴിതാ ലക്ഷ്മിയുടെ അഭിമുഖമാണ് ശ്രദ്ധേയമാകുന്നത്.

നായികമാർക്കും ക്യാരവാൻ വാഹനങ്ങളുടെ സൗകര്യം ഒരുക്കണമെന്ന് ഞാൻ അമ്മയുട മീ​റ്റിംഗുകളിൽ കുറേ തവണ പറഞ്ഞിട്ടുണ്ട്. പണ്ടൊന്നും അത് ആർക്കുമില്ലായിരുന്നു. ഇപ്പോൾ അതിനൊക്കെ ഒരുപാട് മാ​റ്റങ്ങൾ സംഭവിച്ചു. ഇപ്പോൾ അതൊരു നിയമമാക്കിയിട്ടുണ്ട്. ഇതിനായി പാർവ്വതി തിരുവോത്തും അമ്മയിൽ പലപ്പോഴും ശബ്ദം ഉയർത്തിയിട്ടുണ്ട്. അമ്മയിൽ മ​റ്റുളള അഭിനേതാക്കൾക്ക് വേണ്ടി ഞാനും നിരവധി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്.

നമ്മളെക്കുറിച്ച് ഒരുപാട് ഫേക്ക് ന്യൂസുകൾ വരാറുണ്ട്. അമല പോളുമായി അഭിനയിച്ചപ്പോഴും അത്തരത്തിലുളള വാർത്തകൾ വന്നിരുന്നു. ഞാനും അമലയുമായി എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്ന തരത്തിലുളള വാർത്തകളായിരുന്നു അത്. അമലയെ എനിക്ക് വളരെയധികം ഇഷ്ടമാണ്. എനിക്ക് മലയാളം വായിക്കാൻ അറിയില്ല. ഇപ്പോൾ മലയാളം വായിക്കാൻ പഠിക്കണമെന്ന ഉദ്ദേശവുമില്ല. അതിന് കാരണം ഉണ്ട്. നമ്മളെക്കുറിച്ചുളള ഗോസിപ്പുകൾ അറിയണ്ടല്ലോ. എന്റെ ലോകം മനോഹരമാണ്. അതിനിടയ്ക്ക് ഇത്തരത്തിലുളള കാര്യങ്ങളൊന്നും അറിയണ്ടല്ലോ. ഇതിനകം തന്നെ പല തെ​റ്റായ വാർത്തകളും വന്നിട്ടുണ്ട്. ചിലപ്പോൾ എന്റെ കല്യാണം തീരുമാനിച്ചു അതുമല്ലെങ്കിൽ ഒരു നടനുമായി വിവാഹം ഉറപ്പിച്ചുവെന്ന തരത്തിലായിരുന്നു അവയൊക്കെ. മലയാളം വായിക്കാൻ അറിയുമെങ്കിൽ ഞാൻ അതൊക്കെ വായിക്കും. ചുമ്മാതെ എന്തിനാണ് അതിന് വഴിയൊരുക്കുന്നത്’- താരം പറഞ്ഞു.

2000ൽ റിലീസ് ചെയ്ത അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ ഉണ്ടായ അനുഭവങ്ങളെക്കുറിച്ചും ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു. ‘ചിത്രത്തിന്റെ സംവിധായകൻ ലോഹിതദാസ് സാറിനെ കണ്ടപ്പോൾ ഞാൻ വിചാരിച്ചത് അദ്ദേഹത്തോടൊപ്പം എങ്ങനെ പ്രവർത്തിക്കുമെന്നാണ്. സാർ എന്നെ ചുമ്മാതെ നോക്കും. എന്നിട്ട് ഒരു ചിരി തരും. സാർ എങ്ങനെ അഭിനയിക്കണമെന്നതിനെക്കുറിച്ച് ഒന്നും പറഞ്ഞ് തന്നിട്ടില്ല. ലൊക്കേഷനിൽ വച്ച് ഞാൻ തന്നെ സംശയിച്ച് പോയിട്ടുണ്ട്.

ഒരു സൂപ്പർസ്​റ്റാർ എങ്ങനെയായിരിക്കുമെന്ന് ഞാൻ കണ്ടത് അരയന്നങ്ങളുടെ വീടിലൂടെയായിരുന്നു. മമ്മൂക്കയുടെ ചു​റ്റും എപ്പോഴും നാലഞ്ച് പേർ ഉണ്ടായിരിക്കും. അതൊക്കെ എനിക്ക് അത്ഭുതമായിരുന്നു. ഞങ്ങൾ തമ്മിലുളള ആദ്യത്തെ ഷോട്ടിൽ തന്നെ എനിക്കൊരു കാര്യം മനസിലായി. മമ്മൂക്കയുടെ കണ്ണുകൾ വളരെ ശക്തമാണ്. മമ്മൂക്ക നോക്കുമ്പോൾ തന്നെ എന്റെ ഹൃദയമിടിപ്പ് കൂടുമായിരുന്നു. അദ്ദേഹത്തിന്റെ കണ്ണുകൾക്ക് വലിയ ശക്തിയുണ്ട്.

Scroll to Top