മമ്മൂട്ടിക്കോ മോഹൻലാലിനോ ഒന്നും തന്നെ സിനിമയിലെ സെക്‌സ് മാഫിയക്കെതിരെ ചെറുവിരൽ അനക്കാൻ കഴിയില്ല, പാർവതി അന്നേ അത് തുറന്ന് പറഞ്ഞിരുന്നു- സനൽകുമാർ ശശിധരൻ

മലയാളം സിനിമാ ഇൻഡസ്ട്രിയിൽ മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന് സംവിധായകന്‍ സനല്‍കുമാർ ശശിധരന്‍. ഈ സംഘത്തിന് കേരളം ഭരിക്കുന്ന പാർട്ടിയുമായി വളരെ ആഴത്തിലുള്ള അവിഹിത ബന്ധമുള്ളതുകൊണ്ടാണ് അതിനെ നിയമത്തിന് തൊടാൻ കഴിയാത്തത്. പുഴു എന്ന സിനിമയുടെ സംവിധായികയുടെ ഭർത്താവ് നടത്തിയ വെളിപ്പെടുത്തലുകൾ ഗൗരവത്തോടെ കാണേണ്ടതാണ്. പക്ഷെ നിർഭാഗ്യവശാൽ ചർച്ചകൾ പുഴു എന്ന സിനിമയെയും മമ്മൂട്ടി എന്ന നടനെയും ചുറ്റി കറങ്ങുകയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. സനല്‍കുമാർ ശശിധരന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

മലയാളം സിനിമാ ഇൻഡസ്ട്രിയിൽ ഒരു മാഫിയ സജീവമാണെന്ന് വളരെ മുന്നേ തിരിച്ചറിഞ്ഞ ഒരാളാണ് ഞാൻ. അത് നിയമസംവിധാനങ്ങൾക്ക് അതീതമാണെന്ന് മാത്രമല്ല അന്താരാഷ്ട്രതലത്തിൽ വ്യാപിച്ചു കിടക്കുന്നതുമാണ്. അതിനു കേരളം ഭരിക്കുന്ന പാർട്ടിയുമായി വളരെ ആഴത്തിലുള്ള അവിഹിത ബന്ധമുള്ളതുകൊണ്ടാണ് അതിനെ നിയമത്തിന് തൊടാൻ കഴിയാത്തത്. എന്നെ സിനിമയിൽ നിന്ന് പുറത്തുനിർത്താൻ ഉദ്ദേശിച്ചുകൊണ്ടുള്ള ആസൂത്രിതമായ അപകീർത്തി പ്രചാരണങ്ങൾ, അക്രമണങ്ങൾ, കള്ളക്കേസ്, കൊലപാതകത്തിനുള്ള ഗൂഡാലോചനകൾ എന്നിവയുടെ ഒക്കെ ഉറവിടം അതാണ്.

ഈ മാഫിയയെക്കുറിച്ച് ഞാൻ ഉറക്കെ വിളിച്ചുപറഞ്ഞു എന്നതാണ് അതിന് കാരണം. മലയാളം സിനിമയിൽ ഒരു സെക്സ് റാക്കറ്റ് പ്രവർത്തിക്കുന്നുണ്ട് എന്ന് കേരളാ സർക്കാർ തന്നെ നിയമിച്ച ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് കൊടുത്തിട്ടുണ്ട്. ആ റിപ്പോർട്ട് പുറത്തു വരില്ല എന്ന് ഉറപ്പിക്കാൻ വേണ്ടിയാണ് സാംസ്കാരിക – സിനിമാ മന്ത്രിയാകാൻ ഒരു യോഗ്യതയുമില്ലാത്ത സജി ചെറിയാനെ സിനിമ വകുപ്പിൽ കുടിയിരുത്തിയിരിക്കുന്നത്. സെക്സ് റാക്കറ്റിനെ കുറിച്ച് പുറത്തു പറയാത്തതിന് കാരണം ജീവനിൽ ഭയമുള്ളതുകൊണ്ടാണ് എന്നു പറഞ്ഞത് ദേശീയ അവാർഡ് നേടിയ പാർവതി തെരുവോത്താണ്. ഈ മാഫിയയെ കുറിച്ചും സെക്സ് റാക്കറ്റിനെ കുറിച്ചും ഉള്ള വിവരങ്ങൾ ഉള്ളതുകൊണ്ടാണ് ഭാവനയുടെ കേസ് അട്ടിമറിക്കപ്പെടുന്നതും അതിന് സർക്കാരും കോടതിയും ഒക്കെ കൂട്ട് നിൽക്കുന്നതും.

ഇപ്പോൾ പുഴു എന്ന സിനിമയുടെ സംവിധായികയുടെ ഭർത്താവ് നടത്തിയ വെളിപ്പെടുത്തലുകൾ ഗൗരവത്തോടെ കാണേണ്ടതാണ്. സിപിഎം നേതാക്കൾക്കും മലയാള സിനിമയിലെ മാഫിയാക്കും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വളരെ വ്യക്തമായ വിവരങ്ങളാണ് അയാൾ പുറത്തുവിടുന്നത്. പക്ഷെ നിർഭാഗ്യവശാൽ ചർച്ചകൾ പുഴു എന്ന സിനിമയെയും മമ്മൂട്ടി എന്ന നടനെയും ചുറ്റി കറങ്ങുകയാണ്. മമ്മൂട്ടിക്കോ മോഹൻലാലിനോ ഒന്നും തന്നെ ഈ മാഫിയക്കെതിരെ ചെറുവിരൽ അനക്കാൻ കഴിയില്ല. കാരണം അതിന് സിപിഎം എന്ന പാർട്ടിയുമായുള്ള അഭേദ്യമായ ബന്ധമാണ്.

മറുനാടൻ മലയാളിയിലെ ഷർഷാദിന്റെ അഭിമുഖം ഈ വിഷയത്തിൽ വളരെ ആഴത്തിൽ വെളിച്ചം വീശുന്ന ഒന്നാണ്. പക്ഷെ അത്യാവശ്യം ബോധമുണ്ടെന്നു തോന്നിയിട്ടുള്ള ആളുകളെല്ലാംതന്നെ ഇങ്ങനെ ഒരു വിഷയത്തെ മമ്മൂട്ടി-പുഴു എന്ന ചക്രത്തിൽ ആട്ടിപ്പിഴിയുന്നത് കാണുമ്പോൾ എനിക്ക് ഒരു കാര്യം കൂടുതൽ ബോധ്യമാകുന്നു. മലയാള സിനിമയിലെ സ്ത്രീകളെ മാത്രമല്ല കേരളാ രാഷ്ട്രീയത്തെയും കേരളത്തിന്റെ ഭാവിയെ തന്നെയും നശിപ്പിക്കുന്ന ഈ മാഫിയയുടെ രോമത്തിൽ പോലും ഒരുകാലത്തും ആർക്കും തൊടാൻ കഴിയില്ല. ഒരിക്കലും ചർച്ചകൾ ശരിക്കുള്ള വിഷയത്തിലേക്ക് എത്താതെ വഴിമാറ്റി വിടാൻ അതിന് കൃത്യമായി അറിയാം. നശിച്ചുപോകുന്ന ഒരു നാടിനെയും അതിന്റെ ഭാവി തലമുറയുടെ ജീവിതത്തെയും ഓർത്ത് സങ്കടപ്പെടാൻ അല്ലാതെ ഒന്നും ചെയ്യാനില്ല.

Scroll to Top