മിൻസാര കണ്ണ, എന്ദ്രേന്ദ്രം കാതൽ, ശുക്രൻ, നിനൈത്തേൻ വന്ധൈ തുടങ്ങി 90കളിൽ നിരവധി ജനപ്രിയ ചിത്രങ്ങളിൽ ഒന്നിച്ച് അഭിനയിച്ചവരാണ് വിജയും രംഭയും. ഇരുവരുടെയും ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ കവരുന്നത്. തന്റെ കുടുംബത്തിനൊപ്പം എത്തിയാണ് രംഭ ദളപ്പതിയെ കണ്ടത്. കൂടിക്കാഴ്ചയിൽ നിന്നുള്ള ചിത്രങ്ങളും നടി ഷെയർ ചെയ്തിട്ടുണ്ട്. തമിഴക വെട്രി കഴകം എന്ന പാർട്ടിയുമായുള്ള വിജയിന്റെ രാഷ്ട്രീയ യാത്രയ്ക്ക് രംഭ ആശംസകളും നേർന്നു.
രംഭ പങ്കുവെച്ച ഫോട്ടോയിൽ ഭർത്താവ് ഇന്ദ്രകുമാർ പത്മനാഥൻ, മക്കൾ എന്നിവരെയും കാണാം. “നിങ്ങളെ വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയതിൽ സന്തോഷം. അഭിനന്ദനങ്ങൾ! നിങ്ങൾക്ക് ഏറ്റവും മികച്ചത് നേരുന്നു,” എന്നാണ് രംഭ കുറിച്ചത്. രണ്ട് അഭിനേതാക്കളുടെയും പുനസമാഗമം ആരാധകരിലും നൊസ്റ്റാൾജിയ ഉണർത്തുന്നതായിരുന്നു. “എക്കാലത്തെയും മികച്ച ജോഡി. 90കളിലെ സുവർണ്ണ ഓർമ്മകൾ,” എന്നാണ് ഒരു ആരാധകന്റെ കമന്റ്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത 2023 ലെ ബ്ലോക്ക്ബസ്റ്റർ ലിയോ ആയിരുന്നു വിജയുടെ അവസാന ചിത്രം. വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത് എജിഎസ് എൻ്റർടൈൻമെൻ്റ് നിർമ്മിക്കുന്ന ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം എന്ന ചിത്രത്തിലാണ് വിജയ് ഇപ്പോൾ അഭിനയിച്ചുവരുന്നത്. വിജയ് ഇരട്ട വേഷങ്ങളിൽ അഭിനയിക്കുന്ന ചിത്രത്തിൽ പ്രശാന്ത്, പ്രഭുദേവ, മോഹൻ, ജയറാം, സ്നേഹ, ലൈല, അജ്മൽ അമീർ, മീനാക്ഷി ചൗധരി, വൈഭവ്, യോഗി ബാബു, പ്രേംഗി അമരൻ, യുഗേന്ദ്രൻ എന്നിവരും ഉൾപ്പെടുന്നു.
ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിൽ വളരെ സജീവമായിരുന്ന നടിയായിരുന്നു രംഭ. മലയാളത്തിൽ ഉൾപ്പടെ നിരവധി ശ്രദ്ധേയമായ സിനിമകളിൽ നായികയായി അഭിനയിച്ച അഭിനേത്രി. സിനിമയിൽ നിന്നും ബ്രേക്ക് എടുത്ത താരം ഇപ്പോൾ ഭർത്താവ് ഇന്ദ്രൻ പത്മാനന്തിനും മക്കൾക്കുമൊപ്പം സന്തോഷകരമായ കുടുംബജീവിതം നയിക്കുകയാണ്. 2010ൽ സിനിമാ ജീവിതം അവസാനിപ്പിച്ച രംഭ കുടുംബസമേതം ടോറോന്റോയിലാണ് താമസം. വിവാഹശേഷം, ചില ഡാൻസ് റിയാലിറ്റി ഷോകളിൽ മാത്രമാണ് രംഭ പ്രത്യക്ഷപ്പെട്ടത്.