നടൻ മോഹൻലാലിന്റെ മകനും യുവതാരവുമായ പ്രണവിന്റെ പിറന്നാളാണ് ഇന്ന്. ഒട്ടേറെപ്പേരാണ് അപ്പുവെന്ന് വിളിപ്പേരുള്ള പ്രണവിന് ആശംസയുമായി എത്തുന്നത്. ‘എന്റെ അപ്പുവിന് പിറന്നാൾ ആശംസകൾ. ഈ വർഷവും പ്രിയപ്പെട്ടതായിരിക്കട്ടെ’ എന്നാണ് മോഹൻലാൽ പ്രണവിന് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.
സഹോദരി വിസ്മയയും പ്രണവിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഹാപ്പി ബർത്ത്ഡേ ബ്രോസ്കി എന്നാണ് വിസ്മയയുടെ ആശംസ.
ഒന്നാമൻ സിനിമയിൽ തുടങ്ങി വിനീത് ശ്രീനിവാസന്റെ വർഷങ്ങൾക്കു ശേഷം എന്ന സിനിമയിൽ വരെ എത്തി നിൽക്കുകയാണ് പ്രണവ് മോഹൻലാലിൻറെ സിനിമാ കരിയർ. 2002 ല്‍ ഒന്നാമന്‍ എന്ന സിനിമയിലൂടെ ബാല താരമായിട്ടായിരുന്നു പ്രണവിന്റെ സിനിമാ അരങ്ങേറ്റം. 2018 ല്‍ ആദിയിലൂടെ നായകനായി അരങ്ങേറി. വർഷങ്ങൾക്കു ശേഷം എന്ന ചിത്രത്തിലെ അഭിനയം പ്രണവിന് ഏറെ പ്രശംസ നേടി കൊടുത്തിരുന്നു.
പുതിയ സിനിമാ വിശേഷമൊന്നും പ്രണവ് പങ്കുവെച്ചിട്ടില്ല. എന്നാല്‍ ഈ വര്‍ഷം താരത്തിന്റെ ഒരു കവിതാ സമാഹാരം പുറത്തിറങ്ങും. കഴിഞ്ഞ ദിവസം പ്രണവ് മോഹന്‍ലാല്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഇക്കാര്യം സൂചിപ്പിച്ചത്.