മാതംഗി ഇവിടെ ഉയരാതിരിക്കാൻ നാട്ടുകാർ ഇടപെട്ടു, കോടതിയിൽ നിന്നും സ്റ്റേ, പ്രാർത്ഥനയിലൂടെ വെല്ലുവിളികളെ അതിജീവിച്ചതിനെക്കുറിച്ച് പ്രിയ താരം

സിനിമയിലേക്ക് രണ്ടാം വരവ് നടത്തിയ നടി നവ്യാ നായർ ഈ വരവിൽ ഏതെങ്കിലും ഒരു റോളിൽ മാത്രം ഒതുങ്ങി നിൽക്കാൻ ആഗ്രഹിക്കുന്നില്ല. നവ്യയെ ഇപ്പോൾ ഒരു അഭിനേത്രി മാത്രമായല്ല പ്രേക്ഷകർ കാണുന്നത്, നല്ലൊരു നർത്തകി കൂടിയായാണ്. കൂടാതെ പബ്ലിക് ലൈഫ് തന്നാലാവും വിധം സജീവമാക്കാൻ നവ്യ ശ്രമിക്കുന്നുണ്ട്. കലാതിലക പട്ടം സ്വന്തമാക്കിയ ശേഷമാണ് നവ്യ ആ പകിട്ടോടു കൂടി മലയാള സിനിമയിൽ എത്തിച്ചേർന്നത്

വീണ്ടും ഒരു സിനിമയിൽ കൂടി നവ്യയെ നായികയാക്കി ചാർട്ട് ചെയ്തിട്ടുണ്ട്. സൗബിൻ ഷാഹിർ ആണ് നായകൻ. കഴിഞ്ഞ കുറച്ചു നാളുകളായി നവ്യ തന്റെ യൂട്യൂബ് ചാനലിൽ സജീവമായി നിൽക്കുന്നുണ്ട്. ഇതിൽ വ്യക്തിപരമായ പല വീഡിയോകളും നവ്യ പോസ്റ്റ് ചെയ്യുന്നുണ്ട്

മകൻ സായ് കൃഷ്ണയാണ് വീഡിയോകളിലെ നവ്യയുടെ സ്ഥിരം സഹചാരി. ഏറ്റവും പുതിയ വീഡിയോയിലെ പ്രതിപാദ്യം നവ്യ കണ്ട ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നാണ്. നവ്യ സ്വപ്നം കണ്ടതും നാട്ടുകാർ അതിനെ അത്രകണ്ട് സ്വീകരിച്ചില്ല എന്ന് മാത്രമല്ല, ആ സ്വപ്നം കോടതി കയറേണ്ട സാഹചര്യവുമുണ്ടായി

നവ്യ ഇന്നൊരു നൃത്ത വിദ്യാലയം നടത്തുന്നുണ്ട്. ‘മാതംഗി’ എന്നാണ് വിദ്യാലയത്തിന്റെ പേര്. കൊച്ചിയിൽ ഈ വിദ്യാലയത്തിൽ കുട്ടികളും മുതിർന്നവരുമായി നിരവധി വിദ്യാർഥികൾ നൃത്ത പഠനം അഭ്യസിക്കാൻ എത്താറുണ്ട്. നവ്യ നായരുടെ വീടിന്റെ മുകളിലെ നിലയിലാണ് നൃത്ത വിദ്യാലയം. വിദ്യാലയം ആരംഭിക്കാൻ പ്ലാൻ ഇട്ടപ്പോഴേ, നാട്ടിൽ നിന്നും കഴിയുന്നത്ര പേർ വരട്ടെ എന്ന് കരുതി നവ്യ ആ വിവരം എല്ലാവരോടുമായി പറഞ്ഞു. പ്രതീക്ഷിച്ച പ്രതികരണം കിട്ടിയില്ല എന്ന് മാത്രമല്ല, അപ്രതീക്ഷിതമായി പലതും സംഭവിക്കുകയും ചെയ്തു

ആ മേഖലയിലെ താമസക്കാർ പലരും മുതിർന്ന പൗരന്മാരാണെന്നും, അവരുടെ സ്വൈര്യ ജീവിതത്തിന് വിലങ്ങുതടിയായി നൃത്ത വിദ്യാലയം മാറാൻ സാധ്യതയുണ്ട് എന്നും ആരോപിച്ച് നാട്ടുകാർ നവ്യ നൃത്ത വിദ്യാലയം നടത്തുന്നതിനെതിരെ സ്റ്റേ ഓർഡർ വാങ്ങി. അകമഴിഞ്ഞ ഗുരുവായൂരപ്പൻ ഭക്തയായ നവ്യ അപ്പോഴും തന്റെ പ്രാർത്ഥന മുടക്കിയില്ല. ശ്രമ ഫലത്താലും ഈശ്വരന്റെ അനുഗ്രഹത്താലും ഇന്ന് കാണുന്ന ‘മാതംഗി’ക്ക് നവ്യ പ്രാരംഭം കുറിച്ചു. ഇന്നും സ്കൂളിലേക്ക് കയറാൻ ഒരു വഴി അനുവദിക്കണം എന്ന നവ്യയുടെ ആവശ്യം പക്ഷേ നിറവേറ്റാൻ സാധിച്ചിട്ടില്ല. ഇത് എല്ലാ നാട്ടുകാരും ആണെന്ന് നവ്യ പറയുന്നില്ല, ഒരു വിഭാഗം മാത്രമാണ് പ്രതിഷേധവുമായി രംഗത്തു വന്നത്

Scroll to Top