കാവ്യ മാധവന്റെ സിനിമയിലേക്കുള്ള പ്രവേശനകാലം മുതൽ തന്നെ മകൾക്ക് പൂർണപിന്തുണയുമായി കൂടെയുണ്ടായിരുന്ന ആളാണ് പിതാവ് പി. മാധവൻ. കുട്ടിക്കാലത്ത് വേദികളിലും സിനിമാസെറ്റുകളിലും കാവ്യയ്ക്കൊപ്പം നിന്ന് ശക്തമായ പിന്തുണയും സ്നേഹവും നൽകിയ വ്യക്തി. പല അഭിമുഖങ്ങളിലും കാവ്യ പിതാവിനെക്കുറിച്ചും അദ്ദേഹത്തിന്റെ പിന്തുണയെക്കുറിച്ചും വാചാലയായിരുന്നു. നീലേശ്വരം എന്ന ഗ്രാമത്തിൽ നിന്നും തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന അഭിനേത്രിയായി കാവ്യ മാറിയതിനു പിന്നിലും മാധവൻ എന്ന മനുഷ്യൻറെ ഒരായുസിൻറെ പ്രയത്നം ഉണ്ട്.
കാസർഗോഡ് നീലേശ്വരത്ത് ടെക്സ്റ്റൈൽ ഷോപ്പ് ഉടമയായിരുന്നു പി മാധവൻ. സുപ്രിയ ടെക്‌സ്‌റ്റൈൽസ് എന്ന പേരിൽ സ്ഥാപനം നടത്തിയിരുന്ന അദ്ദേഹം ബിസിനസ്സ് തിരക്കുകൾക്ക് ഇടയിലും മകളുടെ എല്ലാ ഇഷ്ടങ്ങൾക്കും ഒപ്പം നിന്ന അച്ഛനാണ്. മാധവന്റെയും ശ്യാമളയുടെയും മകൾ കാവ്യ കലോത്സവ വേദികളിൽ മിന്നും താരമായിരുന്നു.
തിളങ്ങുന്ന വിടർന്ന കണ്ണുകളുള്ള ആ പെൺകുട്ടി ‘ചന്ദ്രനുദിക്കുന്ന ദിക്കിൽ’ എന്ന സിനിമയിലൂടെ മലയാളത്തിലെ നായികാപദവി അലങ്കരിക്കുമ്പോൾ നിശബ്ദ സാന്നിധ്യമായി അച്ഛൻ കൂടെ ഉണ്ടായിരുന്നു. ലാൽ ജോസും മറ്റുള്ളവരും ഏറെ പറഞ്ഞ ശേഷമാണ് മകളെ ഈ സിനിമയിൽ അഭിനയിപ്പിക്കാൻ കാവ്യയുടെ അച്ഛനും അമ്മയും തയ്യാറായത്. മകൾക്ക് കൂട്ടായി ഷൂട്ടിങ് സെറ്റിലേക്ക് അമ്മയും അച്ഛനും പോവുക പതിവായിരുന്നു. ഏക മകൾ ആയതുകൊണ്ടുതന്നെ തന്നോട് അച്ഛന് ഒരു പ്രത്യേക വാത്സല്യവും സ്നേഹവുമായിരുന്നുവെന്നും കാവ്യ തന്നെ പറഞ്ഞിട്ടുണ്ട്. എന്നാൽ സിനിമാ ലോകത്തിന്റെ രണ്ട് വശങ്ങൾ മനസിലാക്കാൻ മാധവനും ശ്യാമളയ്ക്കും പലപ്പോഴും കഴിഞ്ഞിരുന്നില്ല. മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടിയായപ്പോഴും സാമ്പത്തികമായി ചില കബളിപ്പിക്കലുകൾ നടിക്കും കുടുംബത്തിനും നേരിടേണ്ടി വന്നു. പറഞ്ഞുറപ്പിച്ച പ്രതിഫലം കാവ്യക്ക് ലഭിക്കാതെ പോയ സാഹചര്യമുണ്ട്. ഒരിക്കൽ ഇതേക്കുറിച്ച് കാവ്യ സംസാരിച്ചിരുന്നു. താനും കുടുംബവും പണത്തിന്റെ കാര്യത്തിൽ കാർക്കശ്യം കാണിച്ചവരല്ലെന്ന് അന്ന് നടി വ്യക്തമാക്കി. ഞങ്ങളുടെ ഫാമിലിയിൽ ആർക്കും അങ്ങനെ പിടിച്ച് വാങ്ങുന്ന സ്വഭാവമില്ല. ചിലപ്പോൾ പ്രൊഡ്യൂസർ വന്ന് കണ്ണൊക്കെ നിറഞ്ഞ് പറയുമ്പോൾ എന്റെ അച്ഛൻ, അയ്യോ കണ്ണ് നിറഞ്ഞിട്ടുള്ള പെെസ നമുക്ക് വേണ്ട എന്ന് പറയും. പക്ഷെ അതുകൊണ്ട് നമുക്ക് ഗുണമൊന്നും ഉണ്ടായിട്ടില്ല. ദോഷം മാത്രമേ ഇതുവരെ ഉണ്ടായിട്ടുള്ളൂ. പക്ഷെ എനിക്കോ അച്ഛനോ അമ്മയ്ക്കോ ചേട്ടനോ ഇതുവരെ മാറ്റം ഉണ്ടായിട്ടില്ല. ഞങ്ങളെ ഇപ്പോഴും ആൾക്കാർ പറ്റിച്ച് കൊണ്ടിരിക്കുന്നുണ്ടെന്ന് അന്ന് കാവ്യ മാധവൻ പറഞ്ഞു.വിവാദങ്ങളിലും വ്യക്തി ജീവിതത്തിൽ വന്ന അപ്രതീക്ഷിത തിരിച്ചടികളിലും മകൾക്ക് കരുത്തുപകർന്നുകൊണ്ട് അച്ഛൻ മാധവൻ എന്നും ഒപ്പമുണ്ടായിരുന്നു. മകളുടെ പഠനസൗകര്യത്തിനു വേണ്ടി കാവ്യ ചെന്നൈയിലേക്ക് താമസം മാറിയപ്പോൾ അവിടെയും മകൾക്ക് നിഴലായി സ്വന്തം നാടും ബിസിനസ്സും മറന്നു അച്ഛനും ചെന്നൈയിലേക്ക് താമസം മാറി. അമ്മ ശ്യാമളയും അച്ഛൻ മാധവനും ആണ് തന്റെ നട്ടെല്ല് എന്നാണ് പല കുറി കാവ്യ പറഞ്ഞിട്ടുള്ളത്.
കാവ്യയുടെ ഒപ്പമുണ്ടെങ്കിലും, പൊതുവേ മിതഭാഷിയായ മാധവനെക്കാൾ അമ്മ ശ്യാമളയെയാണ് മകളുടെ കൂടെ പലപ്പോഴും കണ്ടിട്ടുണ്ടാവുക. അപൂർവം ചില അഭിമുഖങ്ങളിൽ മാത്രം പിതാവ് മാധവൻ കാവ്യക്കൊപ്പം പങ്കെടുത്തിട്ടുണ്ട്. അപ്പോഴും അധികമായി ഒന്നും സംസാരിക്കാത്ത പ്രകൃതക്കാരനായാണ് അദ്ദേഹത്തെ പുറംലോകം കണ്ടിരിക്കുക…
പിതാവിന്റെ മരണത്തിൽ കടുത്ത ദുഃഖത്തിലാണ് കാവ്യയും കുടുംബവും. മകനും കാവ്യയുടെ ഒരേയൊരു സഹോദരനുമായ മിഥുൻ ഓസ്‌ട്രേലിയയിൽ നിന്നും എത്തിയതിനു ശേഷമായിരിക്കും അന്ത്യകർമ്മങ്ങൾ നടത്തുക. ഇന്നലെ ചെന്നൈയിൽ വച്ചായിരുന്നു കാവ്യയുടെ പിതാവ് മാധവന്റെ അപ്രതീക്ഷിത വിയോഗം. കാസർകോഡ് നീലേശ്വരം പള്ളിക്കര കുടുംബാംഗമാണ് പി മാധവൻ