എല്ലാവരും കെട്ടിപിടിക്കുന്നു, പിന്നെ അവർ കരയുന്നു, ഇന്ത്യ വിജയിച്ചപ്പോഴും കുഞ്ഞ് വാമികയുടെ ആശങ്ക അതായിരുന്നു: അനുഷ്ക ശർമ്മ

17 വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ, ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ഇന്ത്യ ടി20 ലോകകപ്പ് കിരീടം വീണ്ടും ഉയർത്തി. ലോകമെമ്പാടുമുള്ള നിരവധി ക്രിക്കറ്റ് പ്രേമികളാണ് കിരീട നേട്ടത്തിൽ ഇന്ത്യൻ ടീമിന് അഭിനന്ദനവുമായി സോഷ്യൽ മീഡിയയിൽ എത്തിയത്. ബോളിവുഡ് താരം അനുഷ്‌ക ശർമ്മ ഇൻസ്റ്റാഗ്രാമിലൂടെയാണ് ഭർത്താവും സൂപ്പർ താരവുമായ വിരാട് കോഹ്‌ലിക്ക് ആശംസയുമായെത്തിയത്.

മാൻ ഓഫ് ദ മാച്ച് സ്വന്തമാക്കിയ കോഹ്ലിയെ അഭിനന്ദിച്ചതിനൊപ്പം ഇരുവരുടെയും മകളായ വാമികയെ കുറിച്ചും അനുഷ്ക ഇൻസ്റ്റഗ്രാമിൽ കുറിച്ചു. കിരീടം സ്വന്തമാക്കിയ ഇന്ത്യ ടീമിന്റെ വികാര പ്രകടനങ്ങൾക്ക് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർ സാക്ഷിയായി. ഇത്തരമൊരു വൈകാരിക സമയത്ത് താരങ്ങളെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കാൻ ആരെങ്കിലുമുണ്ടാകുമോ എന്നതായിരുന്നു വാമികയുടെ ആശങ്കയെന്ന് പോസ്റ്റിൽ അനുഷ്‌ക പറയുന്നു.

“കളിക്കാര്‍ കരയുമ്പോള്‍ അവരെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കാന്‍ ആരെങ്കിലും ഉണ്ടായിരുന്നോ എന്നായിരുന്നു ടിവി കാണുമ്പോള്‍ നമ്മുടെ മകളുടെ ഏറ്റവും വലിയ ആശങ്ക. ഉണ്ടായിരുന്നു മോളെ, 1.5 ബില്ല്യണ്‍ ആളുകള്‍ അവരെ ആലിംഗനം ചെയ്തു. എന്തൊരു അത്ഭുതകരമായ വിജയം. ഐതിഹാസിക നേട്ടം. ചാമ്പ്യന്മാർ. അഭിനന്ദനങ്ങൾ,” അനുഷ്‌ക കുറിച്ചു.

ലോകകപ്പ് ട്രോഫിയുമായുള്ള വിരാട് കോഹ്ലിയുടെ ചിത്രത്തോടൊപ്പം മറ്റൊരു പോസ്റ്റും അനുഷ്ക പങ്കുവച്ചു. കോഹ്ലിയെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റിൽ, വിരാട് കോഹ്ലിയെ തന്റെ വീടെന്നാണ്​ അനുഷ്ക വിശേഷിപ്പിച്ചത്. “ഞാന്‍ ഇയാളെ സ്‌നേഹിക്കുന്നു. നിങ്ങളെ എന്റെ വീടെന്ന് വിളിക്കാന്‍ കഴിയുന്നതില്‍ നന്ദിയുണ്ട്.”

Scroll to Top