മമ്മൂട്ടി പകര്‍ത്തിയ നാട്ടു ബുള്‍ ബുള്‍ പക്ഷിയുടെ ചിത്രം ലേലം ചെയ്തു; വ്യവസായി വാങ്ങിയത് 3 ലക്ഷം രൂപയ്ക്ക്

മലയാള സിനിമാ മേഖലയിൽ ഫോട്ടോഗ്രാഫിയോട് താല്പര്യമുള്ള ചുരുക്കം ചില അഭിനേതാക്കളില്‍ ഒരാളാണ് മെഗാസ്റ്റാർ മമ്മൂട്ടി. അദ്ദേഹത്തിന്‍റെ ക്യാമറ കണ്ണുകളില്‍ ഉടക്കിയ നിരവധി ഫോട്ടോകള്‍ പലപ്പോഴും സോഷ്യല്‍ ലോകത്ത് അഭിനേതാക്കളും മറ്റും ഷെയര്‍ ചെയ്തിട്ടുണ്ട്. അത്തരത്തില്‍ മമ്മൂട്ടി പകര്‍ത്തിയൊരു ചിത്രമാണ് ഇന്ന് വാർത്തകളിലാകെ നിറയുന്നത്. മമ്മൂട്ടിയുടെ ക്യാമറ കണ്ണിൽ പതിഞ്ഞ നാട്ടു ബുൾബുള്ളിന്റെ ചിത്രം റെക്കോർഡ് വിലയ്ക്കാണ് ലേലത്തിൽ പോയിരിക്കുന്നത്

പ്രശസ്ത പക്ഷി നിരീക്ഷകനും ഫോട്ടോ​ഗ്രാഫറുമായ ഇന്ദുചൂഡന്റെ പേരിലുള്ള ഇന്ദുചൂഡൻ ഫൗണ്ടേഷനും ഞാറ്റുവേല എന്ന സംഘടനയും ചേർന്ന് കൊച്ചി ദർബാർ ഹാളിൽ നടത്തിയ ഫോട്ടോ പ്രദർശനത്തിലാണ് മമ്മൂട്ടി പകർത്തിയ ഫോട്ടോയും ലേലത്തിനായി വെച്ചത്. മമ്മൂട്ടിയുടെ കയ്യൊപ്പോട് കൂടിയ ചിത്രമാണ് ലേലത്തിനായി ഉണ്ടായിരുന്നത്.

ഒരു ലക്ഷം രൂപ അടിസ്ഥാന വിലയിട്ട ചിത്രം മൂന്ന് ലക്ഷം രൂപയ്ക്ക് കോട്ടക്കൽ സ്വദേശിയായ അച്ചു ഉള്ളാട്ടിലാണ് സ്വന്തമാക്കിയത്. ഖത്തർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലീനാ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയർമാനാണ് അച്ചു ഉള്ളാട്ടിൽ. ലേലത്തിൽ കിട്ടുന്ന തുക ഇന്ദുചൂഡൻ ഫൗണ്ടേഷന് കൈമാറുമെന്ന് മമ്മൂട്ടി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ജൂൺ 27 മുതൽ 30 വരെയാണ് ‘ പാടി പറക്കുന്ന മലയാളം’ എന്ന പേരിൽ ഫോട്ടോ​ഗ്രഫി പ്രദർശനം നടന്നത്. സാഹിത്യകാരൻ സക്കറിയയാണ് പ്രദർശനത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. അറുപത്തി ഒന്ന് ചിത്രങ്ങളാണ് പ്രദർശനത്തിനും ലേലത്തിനുമായി വെച്ചിരുന്നത്. അതിൽ അറുപതെണ്ണം ഇന്ദുചൂഡന്റെ ഫൗണ്ടേഷനിലുള്ള അംഗങ്ങളുയേതായിരുന്നു. നടനും ഇന്ദുചൂഡൻ ഫൗണ്ടേഷൻ അം​ഗവുമായ വികെ ശ്രീരാമനാണ് പ്രധാന സംഘാടകൻ. അടുത്ത പക്ഷിച്ചിത്ര പ്രദർശനം ഇന്ദുചൂഡന്റെ ഗ്രാമമായ പാലക്കാട്ടെ കാവശ്ശേരിയിൽ നടത്തണമെന്നാണ് ഫൗണ്ടേഷൻ പ്രവർത്തകർ പറയുന്നത്.

Scroll to Top