കൃഷ്ണ വിഗ്രഹം വരച്ചതിൻ്റെ പേരിൽ സൈബർ ആക്രമണത്തിന് ഇരയായ ജസ്ന സലീമിനെ ഗുരുതരാവസ്ഥയിൽ കോഴിക്കോട് അത്തോളി മലബാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിതമായ അളവിൽ ഗുളിക കഴിച്ചെന്ന് മെഡിക്കൽ കോളേജ് അധികൃതർ വിശദീകരിച്ചു. ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്ക് വെച്ചതിന് ശേഷമാണ് ജസ്ന ഗുളിക കഴിച്ചത്.
കൃഷ്ണന്റെ ചിത്രങ്ങൾ വരച്ച് ശ്രദ്ധ നേടിയ ജസ്ന നേരത്തെ തന്നെ രൂക്ഷമായ സൈബർ ആക്രമണം നേരിട്ടിരുന്നു. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആർഎസ്എസ് കാര്യാലയം സന്ദർശിച്ച സുരേഷ് ഗോപി ക്കൊപ്പം, കാര്യാലയത്തിൽ ജസ്ന ആർഎസ്എസ് നേതാക്കൾക്കൊപ്പം നിൽക്കുന്ന ചിത്രവും പുറത്തു വന്നിരുന്നു. തുടർന്ന് ഒരു വിഭാഗം ആളുകൾ ജസ്നക്കെതിരെ രംഗത്ത് വരികയും ജസ്ന തട്ടിപ്പുകാരി ആണെന്ന് ആക്ഷേപിക്കുകയും ചെയ്തു.
ജെസ്നയുടെ സ്വഭാവ ശുദ്ധിയെ ചോദ്യം ചെയ്തുകൊണ്ടും ഒരു വിഭാഗം ആളുകൾ രംഗത്ത് വന്നു. കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ ജെസ്ന നൽകിയ പരാതിയുടെ എഫ് ഐ ആർ കോപ്പി സഹിതം , ജസ്ന ഹണി ട്രാപ്പ് തട്ടിപ്പുകാരി എന്ന് ആക്ഷേപിച്ചു കൊണ്ടായിരുന്നു സൈബർ ആക്രമണം.
ഇതിന് വിശദീകരണവുമായി ജെസ്നയും രംഗത്ത് വന്നു. താൻ കൃഷ്ണ ഭക്തയാണെന്നും, സ്വഭാവ ദൂഷ്യം ആരോപിക്കുന്നത് ആസൂത്രിതമായ ആക്രമണത്തിന്റെ ഭാഗമാണെന്നും ജെസ്ന മാധ്യമങ്ങൾക്ക് മുൻപാകെ വിശദീകരിച്ചിരുന്നു.