സിനിമയില്ലെങ്കില്‍ ഡേ കെയറില്‍ കുട്ടികളെ നോക്കിയാണെങ്കിലും ജീവിക്കും, കൈയടി നേടി പാര്‍വതി തിരുവോത്തിന്റെ വാക്കുകള്‍

മലയാള സിനിമയിലെ അഭിനേതാക്കളില്‍ ഒരാളാണ് പാര്‍വതി തിരുവോത്ത്. താരസംഘടനയായ ‘അമ്മ’യിലെ പുരുഷാധിപത്യത്തിനെതിരെ പലതവണ പാര്‍വതി പരസ്യ നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പാര്‍വതിയെ ഒതുക്കാന്‍ ശ്രമിക്കുന്നവരും സിനിമാ രംഗത്തുണ്ട്. എന്നാല്‍ ഇതിലൊന്നും പതറാതെ മികച്ച സിനിമകളിലൂടെ കരിയര്‍ മുന്നോട്ടു കൊണ്ടുപോകുകയാണ് താരം. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ‘ഉള്ളൊഴുക്ക്’ ആണ് പാര്‍വതിയുടേതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. ഈ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന ഒരു അഭിമുഖത്തില്‍ പാര്‍വതി തന്റെ നിലപാട് പറയുന്നുണ്ട്.

സിനിമയില്‍ അവസരം കുറഞ്ഞാലും മറ്റേതെങ്കിലും ജോലി ചെയ്ത് ജീവിക്കുമെന്നാണ് പാര്‍വതിയുടെ വാക്കുകള്‍. ‘സിനിമയില്‍ അവസരം കുറഞ്ഞെന്ന് തോന്നുന്നുണ്ടോ’ എന്നാണ് ഒരു അവതാരകന്‍ പാര്‍വതിയോട് ചോദിച്ചത്. എല്ലാവരും ഇന്റര്‍വ്യൂ ചെയ്യുമ്പോള്‍ തന്നോട് ഇക്കാര്യം ചോദിക്കുന്നുണ്ടെന്നും ഈ ചോദ്യത്തിനു എന്ത് പ്രസക്തിയാണ് ഉള്ളതെന്നും പാര്‍വതി മറുചോദ്യം ഉന്നയിക്കുന്നു.

‘ എല്ലാവരും ചോദിക്കുന്നത് ഒരേ ചോദ്യമാണ്. നാളെ സിനിമ ഇല്ലെങ്കിലും ഞാന്‍ സന്തോഷവതിയായിരിക്കും. ഡേ കെയറില്‍ കുട്ടികളെ നോക്കിയാണെങ്കിലും ഞാന്‍ ജീവിക്കും. അക്കാര്യത്തില്‍ എനിക്ക് യാതൊരു പേടിയുമില്ല,’ പാര്‍വതി പറഞ്ഞു.

Scroll to Top