പ്രവാസജീവിതത്തിൻറെ കയ്പ് നുകരാൻ രാജ്യം കടക്കുന്ന ഭൂരിഭാഗം മലയാളികളുടെയും സ്വപ്നമായിരിക്കും സ്വന്തം വിയർപ്പുകൊണ്ട് പണിത ഒരു വീട്. അങ്ങനെയൊരു സ്വപ്നത്തെ സാക്ഷാത്കാരത്തിൻറെ നെറുകയിൽ എത്തിച്ചാണ് രഞ്ജിത അകാലത്തിൽ പൊലിഞ്ഞത്. ഈ വരുന്ന 28ന് രഞ്ജിതയുടെ സ്വപ്ന ഭവനത്തിൻറെ പാലുകാച്ചൽ ചടങ്ങും ഓണത്തോട് അനുബന്ധിച്ച് ഗൃഹപ്രവേശവും നടക്കാനിരിക്കെയാണ് രഞ്ജിത വിദേശത്തേക്ക് തിരിച്ചത്. എന്നാൽ ആ യാത്ര അവസാനിച്ചത് രഞ്ജിതയുടെ മരണത്തിലായിരുന്നു. കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തിരുന്ന രഞ്ജിത അഞ്ച് വർഷത്തെ അവധിയിലാണ് വിദേശത്തേക്ക് പോകുന്നത്. കാൻസർ രോഗിയായ അമ്മ.. രണ്ടു ചെറിയ മക്കൾ.. ഇവരെ അമ്മയെ ഏൽപ്പിച്ച് രഞ്ജിത വിമാനം കയറി വിദേശത്തേക്ക് ഓടിയത് എങ്ങനെയെങ്കിലും ഒരു വീട് പണിതെടുക്കണം എന്ന മോഹത്തിന്റെ പുറത്തായിരുന്നു. ഇടിഞ്ഞു പൊളിയാറായ വീട്ടിൽ നിന്നും തന്റെ പ്രിയപ്പെട്ടവരെ നല്ലൊരു വീട്ടിലേക്ക് മാറ്റണം. അങ്ങനെയാണ് കോന്നിയിലെ വീട് വിൽക്കുകയും തിരുവല്ലയ്ക്കടുത്ത് പുല്ലാട്ട് അച്ഛനെ അടക്കിയ മണ്ണിൽ വീട് പണി ആരംഭിച്ചതും. ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു വീട് പണി തുടങ്ങിയത്. മഴയും പേമാരിയും ആരംഭിക്കും മുന്നേ ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ വീട്ടിൽ നിന്നും അമ്മയേയും മക്കളേയും ഇവിടേക്ക് മാറ്റാനായിരുന്നു രഞ്ജിത ആഗ്രഹിച്ചത്. എന്നാൽ പൂർണമായും പണിതീർന്നിട്ട് താമസം മാറാൻ കുറച്ചുകാലമെടുക്കും എന്നു മനസിലായതോടെ ഒരു മുറിയും ടോയ്ലറ്റും അടുക്കളയും മാത്രം പണിതീർത്ത് ഈ മാസം 28 ആവുമ്പോഴേക്കും അവരെ ഇവിടേക്ക് മാറ്റാൻ സാധിക്കുന്ന വിധത്തിൽ ശരിയാക്കി എടുക്കണേയെന്നാണ് രഞ്ജിത കോൺട്രാക്ടറോട് പറഞ്ഞത്.
തുടർന്ന് മുഴുവൻ പണിയും പൂർത്തിയാക്കി ഓണത്തോട് അനുബന്ധിച്ച് ഗൃഹപ്രവേശവും നടക്കാനിരിക്കെയാണ് രഞ്ജിത വിദേശത്തേക്ക് തിരിച്ചത്. വെറും നാലു ദിവസത്തെ അവധിയ്ക്കായിരുന്നു രഞ്ജിത നാട്ടിലേക്ക് ഓടിയെത്തിയത്. കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തിരുന്ന രഞ്ജിത അഞ്ച് വർഷത്തെ അവധിയിലാണ് വിദേശത്തേക്ക് പോകുന്നത്. ഒമാനിലായിരുന്നു ആദ്യ ജോലി. ആരോഗ്യ മന്ത്രാലയത്തിൽ ഒമ്പത് വർഷം സ്റ്റാഫ് നഴ്സായിരുന്ന രഞ്ജിത സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിലായിരുന്നു ജോലി ചെയ്തിരുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ ലണ്ടനിൽ ജോലി ലഭിച്ചു. ആരോഗ്യവകുപ്പ് അനുവദിച്ച അഞ്ച് വർഷത്തെ അവധി അവസാനിക്കാനായതോടെ ജോലിയിൽ പ്രവേശിക്കാൻ കഴിഞ്ഞ ശനിയാഴ്ചയാണ് നാട്ടിലെത്തിയത്. എന്നാൽ ആ യാത്ര അവസാനിച്ചത് രഞ്ജിതയുടെ മരണത്തിലായിരുന്നു. നാട്ടിൽ കൂടണയാനുള്ള രഞ്ജിതയുടെ സ്വപ്‌നമാണ് അഹമ്മദാബാദിൽ ചിറകറ്റുവീണത്. നാട്ടിലെ ജോലിയിൽ പ്രവേശിക്കും മുൻപ് ലണ്ടനിലെ ജോലിയിൽ നിന്ന് വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങാനായുള്ള യാത്രയിലാണ് രഞ്ജിത അപകടത്തിൽപ്പെട്ടത്. രോഗിയായ അമ്മയ്ക്കും രണ്ടു കുഞ്ഞുങ്ങൾക്കും ഒപ്പമുണ്ടാകാൻ ഉടൻ മടങ്ങിയെത്തി ജോലിക്ക് പ്രവേശിക്കുമെന്ന് ഉറപ്പുനൽകിയാണ് രണ്ടുദിവസം മുമ്പ് രഞ്ജിത ആശുപത്രിയിൽ നിന്നിറങ്ങിയതെന്ന് കോഴഞ്ചേരി ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.നിതീഷ് ഐസക്ക് സാമുവൽ ഓർത്തെടുത്തിരുന്നു. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും നെടുമ്പാശ്ശേരിയിൽ എത്തുകയും അവിടെ നിന്നാണ് അഹമ്മദാബാദിലേക്ക് രഞ്ജിത എത്തിയത്.