മധുരം വിളമ്പി സുരേഷ്‌ഗോപിയും കുടുംബവും, പള്ളിയിൽ പോയി നോക്ക്, മാതാവ് പുഞ്ചിരിച്ച്‌‌ കൊണ്ടിരിക്കുകയാണ്.. തൃശൂർ ജനങ്ങൾ ഹൃദയം കൊണ്ട് തന്നു. എടുക്കേണ്ടി വന്നില്ല, വിജയത്തിന് പിന്നാലെ സുരേഷ്‌ഗോപി

സുരേഷ് ഗോപിയുടെ ലീഡ് അറുപതിനായിരം കടന്നതോടെ തൃശൂരിൽ ബി ജെ പി പ്രവർത്തകർ ആഘോഷം തുടങ്ങി. ഭൂരിപക്ഷം 90,000 കടക്കുമെന്നാണ് അനുയായികൾ പറയുന്നത്. 12.30 വരെയുള്ള കണക്കുകൾ പ്രകാരം 3,28,461 വോട്ടുകളാണ് സുരേഷ് ഗോപി നേടിയത്. എൽ ഡി എഫ് സ്ഥാനാർത്ഥി വി എസ് സുനിൽ കുമാറിനേക്കാൾ 61,534 വോട്ടിന്റെ ഭൂരിപക്ഷമാണ് സുരേഷ് ഗോപിക്കുള്ളത്. സുരേഷ് ഗോപി വൈകാതെ ഹെലികോപ്‌ടറിൽ തൃശൂരേക്ക് വരുമെന്നാണ് ബി ജെ പി പ്രവർത്തകർ പറയുന്നത്. ‘പുലി പതുങ്ങുന്നതേ പേടിച്ചിട്ടല്ലട്ടാ, എടുത്ത് കുതിക്കാൻ വേണ്ടിയിട്ടാണ്. അതാണിപ്പോൾ നമ്മൾ കണ്ടത്. കുതിച്ചു, കുതിച്ചുയർന്നു. അത്രയേ പറയാനുള്ളൂ. ലഡ്ഡുവല്ല, ഇന്നിവിടെ ബിരിയാണിയാണ്’- എന്നാണ് ഒരു ബി ജെ പി പ്രവർത്തകൻ പറയുന്നത്.

‘കിരീടം സ്വർണം തന്നെയാണെന്ന് മനസിലായില്ലേ ഇപ്പോൾ, സ്വർണം തന്നെയാണ്.’- മറ്റൊരു ബി ജെ പി പ്രവർത്തകൻ പറയുന്നു.’സുരേഷ് ഗോപിക്ക് തൃശൂർ ജനങ്ങൾ ഹൃദയം കൊണ്ട് തന്നു. എടുക്കേണ്ടി വന്നില്ല, തന്നു. മാതാവിന്റെ കിരീടം സ്വർണം തന്നെയാണെന്ന് സംശയമുണ്ടോ ഇപ്പോൾ. മാതാവ് കനിഞ്ഞ് അനുഗ്രഹിച്ചില്ലേ. ലൂർദ് പള്ളിയിലെ മാതാവ് ചിരിച്ചുകൊണ്ടിരിക്കുകയാണ്. പോയി മാതാവിന്റെ മുഖത്തേക്ക് ഒന്ന് നോക്ക്. പള്ളിയിൽ പോയി നോക്ക്, മാതാവ് പുഞ്ചിരിച്ചുകൊണ്ടിരിക്കുകയാണ്. സ്വർണക്കിരീടം തന്നെയാണെന്ന് ഇപ്പോൾ ഉറപ്പായില്ലേ. ആർക്കെങ്കിലും ഇപ്പോൾ സംശയമുണ്ടോ ഇപ്പോൾ.എന്നും മറ്റൊരു അനുയായി വ്യക്തമാക്കി. കേരളത്തിൽ താമരവിരിയുന്നതിന്റെ ലക്ഷണങ്ങളുമായി പടിപടിയായി ലീഡുയർത്തി തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി.

കോൺഗ്രസിന്റെ കെ മുരളീധരനാണ് മൂന്നാം സ്ഥാനത്ത്. വോട്ടെണ്ണലിന്റെ തുട‌ക്കത്തിൽ യുഡിഎഫും എൽഡിഎഫും മാറിമാറി മുന്നേറിയ മണ്ഡലത്തിൽ ഒന്നരമണിക്കൂർ കഴിഞ്ഞതോടെയാണ് സുരേഷ് ഗോപി മേൽക്കൈ നേടിയത്. സുരേഷ് ഗോപിയുടെ വരവോടെ തൃശൂർ കേരളത്തിൽ മാത്രമല്ല ദേശീയ തലത്തിൽ തന്നെ ശ്രദ്ധ നേടുകയായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാനദിവസം മത്സര രംഗത്തെത്തിയ സുരേഷ് ഗോപി തൃശൂർ എടുക്കും എന്നുപറഞ്ഞുകൊണ്ട് വിരലിലെണ്ണാവുന്ന ദിവസത്തിൽ പ്രചാരണം ശക്തമാക്കുകയും ഇരുമുന്നണികളെയും വിറപ്പിച്ചുകൊണ്ട് വോട്ട് ശതമാനം വർദ്ധിപ്പിക്കുകയും ചെയ്തു.

2,93,822 വോട്ടുകളാണ് അന്ന് സുരേഷ് ഗോപി നേടിയത്. അന്ന് തുടങ്ങിയ കഠിനാദ്ധ്വാനമാണ് ഇപ്പോൾ വിജയകരമായ ഒരു പരിസമാപ്തിയിലേക്ക് എത്തുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്ന് മത്സരിച്ചെങ്കിലും ലോക്‌സഭയാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.ശബരിമല വിഷയം കത്തിനിന്ന സാഹചര്യത്തിലാണ് 2019 ൽ സുരേഷ് ഗോപിയെ തൃശൂരിൽ പരീക്ഷിക്കാൻ ബിജെപി നേതൃത്വം തയ്യാറായത്.