മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ വീട്ടിൽ താമസിക്കാൻ ഒരവസരം! മമ്മൂട്ടിയും കുടുംബവും വർഷങ്ങളോളം താമസിച്ച കൊച്ചി പനമ്പിള്ളി നഗറിലെ വീടാണ് ഇപ്പോൾ ആരാധകർക്കും ടൂറിസ്റ്റുകൾക്കുമായിട്ട് തുറന്നു കൊടുത്തിരിക്കുന്നത്. വികേഷൻ എന്ന ഹോസ്പിറ്റാലിറ്റി കമ്പനിയാണ് ഇതിനുള്ള അവസരം ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി സ്യൂട്ട്, ദുൽഖർ അബോഡ്, സുറുമീസ് സ്പേസ്, ഗസ്റ്റ് റൂം എന്നിങ്ങനെ നാലു മുറികളിലായി എട്ടു പേർക്ക് താമസിക്കാം.
രസകരമായ കാര്യം, ഈ സൗകര്യം ബുക്ക് ചെയ്താൽ മമ്മൂട്ടിയെ കാണാനോ അദ്ദേഹത്തിനൊപ്പം സമയം ചെലവഴിക്കാനോ കഴിയുമോ എന്ന് പല ആരാധകരും അറിയാൻ ആഗ്രഹിക്കുന്നുണ്ട്. നിലവിൽ ‘മമ്മൂട്ടി ഹൗസ്’ ബുക്ക് ചെയ്യുന്നവർക്ക് മമ്മൂട്ടിയെ കാണാൻ സാധിക്കില്ല. എറണാകുളം ഇളംകുളത്തുള്ള വീട്ടിലാണ് മമ്മൂട്ടിയുടെ പുതിയ വീട്. കൊച്ചിയിലെ പനമ്പിള്ളി നഗർ പ്രദേശം മലയാളത്തിലെ നിരവധി അഭിനേതാക്കളും മറ്റ് സെലിബ്രിറ്റികളും താമസിക്കുന്ന ആഡംബര ലൊക്കേഷനാണ്. 75000 രൂപയാണ് ഒരു ദിവസം മമ്മൂട്ടിയുടെ വീട്ടിൽ താമസിക്കാനായുള്ള തുക.
ഏപ്രിൽ രണ്ടുമുതൽ ബുക്ക് ചെയ്യാമെന്നാണ് വിവരം.നാല് ബെഡ്റൂമുകൾ, ഹോം തീയേറ്റർ, മമ്മൂട്ടിയുടെ പേഴ്സണൽ ഗ്യാലറി എന്നിവയാണ് ബുക്ക് ചെയ്യാവുന്നവർക്ക് ഉപയോഗിക്കാനാകുക. ഒരു സമയം ഒരു ഗ്രൂപ്പിന് മാത്രമായിരിക്കും താമസിക്കാനാകുക.മമ്മൂട്ടിയുടെ ജീവിതത്തിലെ നല്ലൊരു ഭാഗവും കെ.സി. ജോസഫ് റോഡിലെ ഈ വീട്ടിലാണ്. 2008 മുതൽ 2020 വരെ മമ്മൂട്ടി കുടുംബസമേതം താമസിച്ചത് ഇവിടെയാണ് . ദുൽഖറിന്റെ സിനിമാ അരങ്ങേറ്റവും വിവാഹവും എല്ലാം ഈ വീട്ടിൽ നിന്നായിരുന്നു. ഇവിടെ നിന്ന് വൈറ്റില, അമ്പേലിപ്പാടം റോഡിലെ പുതിയ വീട്ടിലേക്ക് കുടുംബവുമൊത്ത് മമ്മൂട്ടി മാറി താമസിച്ചിട്ട് കുറച്ചു വർഷങ്ങളേയായുള്ളൂ.