മലയാള സിനിമയിലെ പ്രിയ താര ദമ്പതികളാണ് പൃഥ്വിരാജും സുപ്രിയ മേനോനും. പൃഥ്വിരാജ് സംവിധാനവും അഭിനയുമായി മുന്നേറുകയാണെങ്കിൽ നിർമാണ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുകയാണ് സുപ്രിയ മേനോൻ. സമീപകാലത്ത് എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങൾ ഉയരുകയും പൃഥ്വിക്കും സുപ്രിയയ്ക്കും എതിരെ സൈബർ ആക്രമണങ്ങളടക്കം ഉണ്ടാവുകയും ചെയ്തിരുന്നു.
ഇപ്പോഴും എമ്പുരാൻ സംബന്ധിച്ച ചർച്ചകൾ നടക്കുന്നതിനിടെ സുപ്രിയ പങ്കുവച്ചൊരു പോസ്റ്റാണ് ശ്രദ്ധനേടുന്നത്. അച്ഛന്റെ ഓർമകളാണ് സുപ്രിയ മേനോൻ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കിട്ടിരിക്കുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ശൂന്യത എന്നത് അച്ഛനെ നഷ്ടമായതാണെന്നും ദുഃഖം ജീവിതവുമായി പൊരുത്തപ്പെടാത്ത സ്ഥായിയായ ശൂന്യതയാണെന്നും അവർ പറയുന്നു. വളരെ വളരെ സത്യം എന്ന് കുറിച്ച് കൊണ്ടായിരുന്നു സുപ്രിയയുടെ വാക്കുകൾ. “അച്ഛന്റെ വിയോഗം എന്നിലും ജീവിതത്തിലും ഒരു ശൂന്യത ഉണ്ടാക്കിയിട്ടുണ്ട്. അതിന് ചുറ്റുമായിരുന്നു ഞാൻ വളർന്നത്. അതായിരുന്നു എന്റെ ലോകം. പക്ഷേ ആ വിടവ് ഇപ്പോഴും അവിടെ തന്നെയുണ്ട്.
അത് നികത്താനാവുന്നതല്ല. ജീവിതവുമായും അതിന്റെ പൂർണതയുമായും ഒരിക്കലും പൊരുത്തപ്പെടാത്ത സ്ഥായിയായ ശൂന്യതയാണ് ദൂഃഖം. പക്ഷേ അതിന് രണ്ടും നമ്മൾ സഹിക്കും”, എന്നാണ് സുപ്രിയ മേനോൻ കുറിച്ചത്. അതേസമയം, ആഗോള തിയറ്റർ ഷെയറിൽ 100 കോടി രൂപ എമ്പുരാൻ നേടിയിട്ടുണ്ട്. ഇതിന് പിന്നാലെ പൃഥ്വിരാജിനെ അഭിനന്ദിച്ച് സുപ്രിയ പോസ്റ്റ് പങ്കിട്ടിട്ടുണ്ട്. “പരിധികൾ എല്ലാം തകർത്ത് മുന്നോട്ട്” എന്നാമ് പൃഥ്വിയെ ടാഗ് ചെയ്ത് സുപ്രിയ കുറിച്ചത്. മാർച്ച് 27ന് ആയിരുന്നു എമ്പുരാൻ റിലീസ് ചെയ്തത്. ആഗോളതലത്തിൽ 200 കോടി ക്ലബ്ബെന്ന നേട്ടവും വെറും അഞ്ച് ദിവസത്തിൽ എമ്പുരാൻ സ്വന്തമാക്കിയിരുന്നു.