സൗദി അറേബ്യയിൽ നടന്ന വാഹനാപകടത്തിൽ വയനാട് സ്വദേശിനി ടീന മരിച്ചത് ജോലി രാജിവച്ച് മടങ്ങാനിരിക്കെ. അപകടത്തിൽ പ്രതിശ്രുത വരനും വയനാട് സ്വദേശിയുമായ അഖിലും മരിച്ചിരുന്നു. ഇരുവരും നാട്ടിലെത്തി ജൂൺ 16ന് വിവാഹം കഴിക്കാനിരിക്കെയാണ് അപകടമുണ്ടായത്. യുകെയിൽ ജോലി ചെയ്യുകയായിരുന്ന അമ്പലവയൽ ഇളയിടത്ത് മഠത്തിൽ അഖിൽ അലക്സും സൗദിയിൽ കാർഡിയാക് സെന്ററിൽ നഴ്സായ നടവയൽ നെയ്ക്കുപ്പ കാരിക്കുന്നേൽ ടീനയും ബുധനാഴ്ച വൈകീട്ട് നടന്ന വാഹനാപകടത്തിലാണ് മരിച്ചത്. രണ്ടു വർഷത്തോളമായി ടീന സൗദിയിൽ നഴ്സായി ജോലി ചെയ്യുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
നാലു മാസം മുമ്പാണ് ടീന അവസാനമായി വീട്ടിലെത്തിയത്. സൗദിയിലെ ജോലി രാജിവച്ച് വിവാഹ ശേഷം അഖിലിനൊപ്പം യുകെയിലേക്കു പോകാനായിരുന്നു തീരുമാനം. നാലു വർഷം മുമ്പാണ് അഖിൽ യുകെയിലേക്കു പോയത്. അവിടെ എൻജിനീയറായി ജോലി ചെയ്യുകയായിരുന്നു. അനുജൻ ഡെനിൽ അലക്സ് യുകെയിൽ നഴ്സായി ജോലി ചെയ്യുകയാണ്. വിവാഹത്തിനുള്ള ഒരുക്കത്തിലായിരുന്നു അഖിലിന്റെ വീട്. ഇന്നലെ വൈകിട്ട് പ്രാദേശിക സമയം നാലരയോടെയാണ് സൗദി അറേബ്യയിലെ വിനോദസഞ്ചാര കേന്ദ്രമായ അൽ ഉലക്ക് സമീപം അപകടമുണ്ടായത്. അപകടത്തിൽ 5 പേരാണ് മരിച്ചത്. മരിച്ച മറ്റു 3 പേർ മദീന സ്വദേശികൾ ആണ്. അൽ ഉലയിൽനിന്ന് ഏകദേശം 150 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച കാറും സൗദി സ്വദേശികളുടെ കാറും കൂട്ടിയിടിച്ചു തീപിടിക്കുകയായിരുന്നു. ടീനയുടേയും അഖിലിന്റെയും മൃതദേഹം തിരിച്ചറിയാൻ സാധിക്കാത്ത വിധം കത്തിയെരിഞ്ഞെന്നാണ് മലയാളി സാമൂഹികപ്രവർത്തകർ നൽകുന്ന വിവരം.
വിവരമറിഞ്ഞ് രാവിലെ മുതൽ നാട്ടുകാർ നെയ്ക്കുപ്പയിലെ ടീനയുടെ കാരിക്കുന്ന് വീട്ടിലേക്ക് എത്തിയിരുന്നു. ടീനയുടെ പിതാവ് ബൈജു വരുന്നവരോട് ഒരു വാക്കു പോലും മിണ്ടാനാവാതെ നെഞ്ചുപൊട്ടുന്ന വേദനയിൽ, പണി തീരാത്ത വീടിനു മുന്നിലിരുന്നു. അമ്മ നിസിയും സഹോദരി ട്വിങ്കിളും കരഞ്ഞു തളർന്നു. ബൈജു നടവയലിൽ ഗുഡ്സ് ഓട്ടോ ഡ്രൈവറാണ്. നിസി പ്രദേശത്തെ അച്ചാർ കമ്പനിയിൽ ജോലി ചെയ്യുന്നു. കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു ടീന. എല്ലാ ദിവസവും രാത്രി 8 മണിക്ക് വിളിക്കുന്ന മകൾ 2ന് രാത്രി വിളിച്ചില്ല. അങ്ങോട്ടേക്കു വിളിച്ചു നോക്കിയെങ്കിലും എടുത്തില്ല. തുടർന്ന് കൂട്ടുകാരിയെ വിളിച്ചപ്പോഴാണ് അപകട വിവരം അറിയുന്നത്. അപ്പോഴും മരണം അറിഞ്ഞിരുന്നില്ല. ഇന്നലെ പുലർച്ചയോടെ സൗദി മലയാളി അസേസിയേഷനാണ് മരണവിവരം ബന്ധുക്കളെ അറിയിച്ചത്.