ഞാൻ അലസിപ്പിച്ച ശേഷം വിവാഹത്തില്‍ നിന്നും മാറിയതല്ല’.. പരീക്ഷ എഴുതാൻ വേണ്ടി കല്യാണം മാറ്റി.. സുകാന്തിന്റെ ന്യായങ്ങൾ ഗംഭീരം

ആത്മഹത്യ ചെയ്ത ഐബി ഉദ്യോഗസ്ഥയെ സുഹൃത്ത് സുകാന്ത് സുരേഷ് ഗർഭഛിദ്രത്തിനായി ആശുപത്രിയിലെത്തിച്ചത് വ്യാജ രേഖകൾ തയ്യാറാക്കിയെന്ന് കണ്ടെത്തൽ. ഇരുവരും വിവാഹിതരാണെന്ന് തെളിയിക്കുന്ന രേഖകളാണ് സുകാന്ത് വ്യാജമായി ഉണ്ടാക്കിയത്. വ്യാജ ക്ഷണക്കത്ത് ഉൾപ്പെടെയുള്ള രേഖകൾ പോലീസ് ഐബി ഉദ്യോഗസ്ഥയുടെ ബാഗിൽനിന്ന് കണ്ടെടുത്തു. കഴിഞ്ഞ ജൂലൈയിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് ഗർഭഛിദ്രം നടത്തിയതെന്ന് തെളിയിക്കുന്ന ചികിത്സാരേഖകളും ലഭിച്ചു. ഇതിനുശേഷമാണ് സുകാന്ത് വിവാഹത്തിൽനിന്ന് പിന്മാറിയത്. വിവാഹത്തിന് താത്പര്യമില്ലെന്ന് വ്യക്തമാക്കുന്ന സന്ദേശം യുവതിയുടെ അമ്മയ്ക്ക് സുകാന്ത് അയയ്ക്കുകയും ചെയ്തു.

യുവതിയുടെ മരണത്തിന് ഏതാനും ദിസം മുമ്പാണ് മെസ്സേജ് അയച്ചത്. ഇതേച്ചൊല്ലി യുവതിയും സുകാന്തും തമ്മിൽ തർക്കമുണ്ടായി. ഇതെല്ലാമാണ് യുവതിയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ അനുമാനം.ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ കഴിഞ്ഞ ദിവസമാണ് സുകാന്തിനെ പോലീസ് പ്രതി ചേർത്തത്. ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. നിലവിൽ അന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങൾ സുകാന്തിന്റെ മുൻകൂർ ജാമ്യത്തെ എതിർക്കാനായി പോലീസ് കോടതിയിൽ അറിയിക്കും.
അതേസമയം ഒളിവിൽ കഴിയുന്ന സുകാന്ത് ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ വീട്ടുകാരെ കുറ്റപ്പെടുത്തിയാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. തങ്ങൾ വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും ഇരുവീട്ടുകാരും വിവാഹത്തെ കുറിച്ച് സംസാരിച്ചിരുന്നുവെന്നും ജാമ്യഹർജിയിൽ സുകാന്ത് പറയുന്നു. എന്നാൽ ഒരു ജ്യോതിഷിയെ കണ്ടശേഷം യുവതിയുടെ വീട്ടുകാർ താനുമായുള്ള ബന്ധം എതിർത്തു.

ഇതിൽ യുവതി നിരാശയിലായിരുന്നു. തന്റെ മൊബൈൽ നമ്പർപോലും ബ്ലോക്ക് ചെയ്യാൻ പറഞ്ഞു. എന്നാൽ തനിക്കൊപ്പം നിൽക്കാനാണ് യുവതി തീരുമാനിച്ചതെന്നും വീടെടുത്ത് ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയെന്നും സുകാന്ത് ഹർജിയിൽ പറയുന്നു. വീട്ടുകാർ മറ്റൊരു വിവാഹത്തിന് നിർബന്ധിക്കുന്നതിനാൽ യുവതി സമ്മർദ്ദത്തിലായിരുന്നുവെന്നും യുവതി ആത്മഹത്യ ചെയ്തതാണെങ്കിൽ അതിന് പിന്നിൽ മാതാപിതാക്കളാണെന്നും സുകാന്ത് ആരോപിക്കുന്നു. എന്നാൽ ഈ വാദങ്ങൾ യുവതിയുടെ കുടുംബം തള്ളിയിരുന്നു.

Scroll to Top