വലിയൊരു സ്വപ്നസാക്ഷാത്കാരത്തിന്റെ സന്തോഷത്തിലാണ് നടി നിമിഷ സജയൻ. കൊച്ചിയിൽ സ്വന്തമായൊരു വീട് ഏറെക്കാലമായുള്ള നടിയുടെ സ്വപ്നമായിരുന്നു. ഇപ്പോഴിതാ അത് യാഥാർഥ്യമായിരിക്കുന്നു. ‘ജനനി’ എന്നാണ് തന്റെ സ്വന്തം വീടിനു നിമിഷ നൽകിയ പേര്. പുതിയ വീടിന്റെ ഗൃഹപ്രവേശം ആഘോഷമാക്കി സുഹൃത്തുക്കളും കുടുംബാംഗങ്ങളും. അനു സിത്താര, ഗണപതി, ചിദംബരം, പി. രാജീവ്, ഷാഹി കബീർ, ശ്രീജിത്ത്, കാർത്തിക് തുടങ്ങിയവർ അതിഥികളായി എത്തി. ഗൃഹപ്രവേശ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ നടി പ്രേക്ഷകർക്കായും പങ്കുവച്ചു. സാരിയിൽ സുന്ദരിയായാണ് നടിയെ കാണാനാകുക. മുംബൈ മലയാളിയായ നിമിഷ ജനിച്ചതും വളർന്നതുമെല്ലാം മുംബൈയിലായിരുന്നു.
കൊല്ലം കടയ്ക്കൽ സ്വദേശിയായ സജയൻ നായരാണ് നിമിഷയുടെ പിതാവ്. ഈ ജനുവരിയിൽ അദ്ദേഹം മരണമടഞ്ഞിരുന്നു. താനെ ജില്ലയിലെ അംബർനാഥ് വെസ്റ്റിൽ ഗാംവ്ദേവി റോഡിൽ ന്യൂകോളനിയിലുള്ള ക്ലാസിക് അപ്പാർട്ടുമെന്റിലാണ് നിമിഷയും കുടുംബവും താമസിച്ചിരുന്നത്. ബിന്ദു സജയൻ ആണ് അമ്മ, നീതു സജയൻ എന്നൊരു സഹോദരി കൂടി നിമിഷയ്ക്കുണ്ട്. ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന സിനിമയിലൂടെയാണ് അവർ ചലച്ചിത്രരംഗത്ത് എത്തിയത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖനടിക്കുള്ള വനിതാ ഫിലിം അവാർഡും നിമിഷക്ക് ലഭിച്ചിരുന്നു. നിമിഷ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ കൊറിയൻ ആയോധനകലയായ തായ്കൊണ്ടോയിൽ ബ്ലാക്ക് ബെൽറ്റ് നേടി. തായ്കൊണ്ടോയിൽ ദേശീയ തലത്തിൽ മഹാരാഷ്ട്രയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്. കോളേജിൽ വോളിബോൾ, ഫുട്ബോൾ ടീമുകളുടെ ക്യാപ്റ്റൻ ആയിരുന്നു. മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദപഠനം തുടരുന്നതിനിടയിൽ ഒരു ഇടവേളയെടുത്ത് കൊച്ചിയിൽ അഭിനയപരിശീലനത്തിനായി ചേർന്നു. ഇക്കാലത്താണ് ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിൽ അഭിനയിക്കുവാൻ അവസരം ലഭിച്ചത്.